ഹൈദരാബാദ്: വരുന്ന തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് മൂന്ന് സീറ്റുകള്‍ മാത്രം അനുവദിച്ചത് കോണ്‍ഗ്രസിന്റെ ഏകപക്ഷീയ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ചു സീറ്റുകളില്‍ മത്സരിക്കുമെന്നും അറിയിച്ചു. കോണ്‍ഗ്രസിന്റെ നടപടിയെ എക്‌സിക്യുട്ടീവ് കമ്മിറ്റി അപലപിച്ചു.
തെലങ്കാനയിലെ മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനെയും സി.പി.ഐയേയും കൂടാതെ തെലുഗു ദേശം പാര്‍ട്ടി, തെലങ്കാന ജന സമിതി എന്നീ പാര്‍ട്ടികളുമാണുള്ളത്. 25 സീറ്റുകള്‍ മറ്റു മൂന്നു പാര്‍ട്ടികള്‍ക്കുമായി നീക്കി വെച്ചതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതില്‍ തെലുഗു ദേശം പാര്‍ട്ടി 14ഉം, തെലങ്കാന ജനസമിതി എട്ടും, സി.പി.ഐ മൂന്നും സീറ്റുകളില്‍ മത്സരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അറിയിച്ചത്.
“ഞങ്ങള്‍ പരസ്പര സഹകരണത്തോടെയുള്ള ഒരു കൂട്ടു കെട്ടാണ് മുന്നോട്ട് വെച്ചത്. ബഹുമാനാര്‍ഹമായ ഒരു വ്യവസ്ഥ ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ പുതിയ തീരുമാനം ഇതിനെല്ലാം എതിരാണ്. ഞങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം കെ.സി.ആറിനെ ഭരണത്തില്‍ നിന്നും താഴെയിറക്കുക എന്നതാണ്”- സി.പി.ഐ സംസ്ഥാന സെക്രട്ടറി ചദ്ദ വെങ്കട് റെഡ്ഡി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തെലുഗു ജന സമിതി പ്രസിഡന്റ് എം.കോടന്ദരം സി.പി.ഐക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യകക്ഷികള്‍ ഇരുന്ന് ചര്‍ച്ച ചെയ്ത് സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തണമെ്ന്ന് ടി.ഡി.പി തെലങ്കാന യൂണിറ്റ് പ്രസിഡന്റ് എല്‍ രമണ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ച് പഠിക്കാനായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചെത്തിയ ഉടന്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.