മഹാമാരിക്കിടയിലും മുസ്‌ലിം വിരുദ്ധത നടപ്പാക്കി ബി.ജെ.പിയുടെ തേജസ്വി സൂര്യ
DISCOURSE
മഹാമാരിക്കിടയിലും മുസ്‌ലിം വിരുദ്ധത നടപ്പാക്കി ബി.ജെ.പിയുടെ തേജസ്വി സൂര്യ
അളക എസ്. യമുന
Friday, 7th May 2021, 8:26 pm

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടയിലും ബി.ജെ.പി നടത്തുന്ന വര്‍ഗീയ വിദ്വേഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്നത്. ബെംഗളൂരു സൗത്ത് എം.പിയും യുവ മോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ ആയിരുന്നു, ബി.പി. എം.പി കൊവിഡ് വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ജീവനക്കാരുടെ നേതൃത്വത്തില്‍ ആശുപത്രി കിടക്കകളില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും നടക്കുകയാണെന്ന മനുഷ്യത്വരഹിതമായ നുണക്കഥ പടച്ചുവിട്ടത്.

ഇയാള്‍ മെനഞ്ഞുവിട്ട നുണക്കഥയുടെ അടിസ്ഥാനത്തില്‍ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ തേജസ്വി സൂര്യ നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു വിശദീകരണത്തിന് പോലും അവസരം നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. തേജസ്വി സൂര്യയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് തേജസ്വി സൂര്യയും മൂന്ന് ബി.ജെ.പി എം.എല്‍.എമാരും ബെംഗളൂരുവിലെ ബി.പി.എം.പി കൊവിഡ് വാര്‍ റൂമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവിടെ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ ആശുപത്രികളില്‍ ഒഴിവുള്ള കിടക്കകളെ കുറിച്ചറിയാനും ബുക്ക് ചെയ്യാനുമുള്ള സംവിധാനങ്ങളുള്ള ഈ കൊവിഡ് വാര്‍ റൂമിന്റെ മറവില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു തേജസ്വിയുടെയും സംഘത്തിന്റെയും ആരോപണം.

ആശുപത്രികളിലെ കിടക്കകള്‍ തടഞ്ഞുവെച്ച് പിന്നീട് വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കുകയാണെന്നും ഇത് വാര്‍ റൂമിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും തേജസ്വി ആരോപിച്ചു. തികച്ചും നാടകീയമായ രംഗങ്ങളായിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. ക്രമക്കേട് നടത്തുന്നവരെന്ന പേരില്‍ ആകെയുള്ള 214 ജീവനക്കാരില്‍ 17 പേരുടെ പേര് തേജസ്വി ഉറക്കെ വായിക്കുകയും ഇവരെ ഉടന്‍ തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ വന്ന വാര്‍ത്തകളിലെല്ലാം തേജസ്വി സൂര്യ അഴിമതി പുറത്തുകൊണ്ടുവന്നു, കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ ലഭ്യമാക്കി, ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി യുവ എം.പി തന്നെ സര്‍ക്കാരിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നു എന്ന നിലയിലായിരുന്നു കാര്യങ്ങളെ അവതരിപ്പിച്ചത്.

എന്നാല്‍ തേജസ്വി സൂര്യയും സംഘവും നടത്തിയ സന്ദര്‍ശനത്തിന്റെ ചില വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വന്നതോടെയാണ് സംഭവത്തിലെ മുസ്‌ലിം വിരുദ്ധ നടപടികള്‍ പുറത്തുവന്നത്. പുറത്താക്കിയ 17 പേരും മുസ്‌ലിങ്ങളാണെന്നുള്ള വിവരവും അപ്പോഴാണ് പുറംലോകമറിയുന്നത്. ഇവര്‍ കുറ്റക്കാരണെന്നതിന് ഒരു തെളിവും തേജസ്വി ഇതുവരെയും പുറത്തിവിട്ടിട്ടില്ല, ഇവരുടെ പേരുകള്‍ വരുന്ന ലിസ്റ്റ് എങ്ങനെ, എവിടെ നിന്ന് ലഭിച്ചു എന്നതിനും തേജസ്വി കൃത്യമായ മറുപടി തന്നിട്ടില്ല.

യാതൊരു തെളിവുമില്ലാതെ 17 മനുഷ്യരെ ഇയാള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി എന്നുമാത്രമല്ല കൊവിഡ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഇവരുട ജോലി തന്നെ ഇല്ലാതാക്കി. പുറത്തുവന്ന വീഡിയോയില്‍ ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്ന് തേജസ്വിയും സംഘവും ആക്രോശിക്കുന്നത് കാണാം.

സംഭവത്തിന് പിന്നാലെ പതിനേഴ് ജീവനക്കാരെയും ബി.ജെ.പിയുടെ സൈബര്‍ ടീം സോഷ്യല്‍ മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിച്ചു. കൊവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

എന്നാലിപ്പോള്‍ തേജസ്വിയുടെ ആരോപണങ്ങളെല്ലാം പൊളിഞ്ഞു വീഴാന്‍ തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പി എം.എല്‍.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമെത്തിയായിരുന്നു തേജസ്വി മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ ആരോപണം ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കിടക്ക അഴിമതിയില്‍ ബൊമ്മനഹള്ളി ബി.ജെ.പി എം.എല്‍.എ ആയ ഇതേ സതീഷ് റെഡ്ഡിക്ക് പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. കിടക്ക ബുക്കിങ്ങില്‍ അഴിമതി നടത്തിയ ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വെറുതെ ഒരു അഴിമതിക്കഥയുണ്ടാക്കി മുസ്‌ലിം വിദ്വേഷം നടപ്പില്‍ വരുത്താന്‍ മാത്രമായിരുന്നോ തേജസ്വിയുടെ ശ്രമമെന്ന് വരെ ചോദ്യമുയര്‍ന്നു കഴിഞ്ഞു. കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളില്‍, വളരെ കുറഞ്ഞ സമയം കൊണ്ട് താരപരിവേഷം നേടിയെടുത്ത തേജസ്വി സൂര്യ അടുത്ത കാലത്തായി ബി.ജെ.പിയുടെ പ്രധാന വേദികളിലൊന്നും എത്താറില്ലായിരുന്നു. ബി.ജെ.പിയുടെ യുവനേതാവ് എവിടെ എന്ന നിലയില്‍ പ്രതിപക്ഷപ്പാര്‍ട്ടികള്‍ ചോദ്യവുമുയര്‍ത്തിയിരുന്നു. ഇതിന് മറുപടി കൊടുക്കാന്‍ നടത്തിയ വില കുറഞ്ഞ നാടകമായിരുന്നോ കൊവിഡ് വാര്‍ റൂമില്‍ അരങ്ങേറിയതെന്നും ചോദ്യങ്ങള്‍ വന്നു.

കാര്യങ്ങളൊക്കെ കൈവിട്ടുപോവുകയാണെന്ന സൂചന കിട്ടിയപ്പോള്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ട തേജസ്വി മെല്ലെ തടിതപ്പാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. കൊവിഡ് വാര്‍ റൂമില്‍ വീണ്ടുമെത്തിയ തേജസ്വി ജീവനക്കാരോട് മാപ്പ് പറഞ്ഞു.

‘ക്ഷമിക്കണം, ഇത് എന്റെ ഭാഗത്തുനിന്നുള്ള തെറ്റാണ്. എനിക്ക് ഒരു ലിസ്റ്റ് നല്‍കി ഞാന്‍ അത് വായിച്ചു. വാര്‍ റൂമിനെ ഇത് ബാധിച്ചെന്ന് എനിക്കറിയാം,’ എന്നാണ് തേജസ്വി പറഞ്ഞത്. അപ്പോഴും മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്ക് ഇയാള്‍ മാപ്പ് പറഞ്ഞില്ല. ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ല, നേരത്തെ താന്‍ നടത്തിയ സന്ദര്‍ശനം ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നു എന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. താന്‍ ഒരു ജാതിവാദിയോ വര്‍ഗീയവാദിയോ അല്ലെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തേജസ്വിയുടെ മാപ്പ് വെറും നാടകമാണെന്നാണ് വാര്‍ റൂമിലെ ചില ജീവനക്കാര്‍ തന്നെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഞങ്ങളിവിടെ മുസ്‌ലിമും ഹിന്ദുക്കളുമെല്ലാം ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. തേജസ്വി സൂര്യ അവരെ തീവ്രവാദികളെന്നെല്ലാം വിളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

തേജസ്വി ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും അതിനാല്‍ ഇവരെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നുമാണ് കൊവിഡ് വാര്‍ റൂം അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. ഇവര്‍ എന്തെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്നതു വരെ ഇവരെ ജോലിയില്‍ നിന്നും പുറത്താക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവിന്റെ പ്രവൃത്തി തങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനകളെയും ഏറെ ദോഷകരമായാണ് ബാധിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

കൊവിഡില്‍ രാജ്യം ഇന്ന് നേരിടുന്ന അവസ്ഥയ്ക്ക് കാരണം മോദിയും മോദിയുടെ അമിത ദേശീയതയുമാണെന്ന് ലോകം അടിവരയിട്ടു പറയുമ്പോള്‍ തന്നെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി വീണ്ടും വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നത്.

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.