ഭൂരിഭാഗവും ഒരേ പാറ്റേണിലുള്ള ചിത്രങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന ഇന്ത്യയിലെ മറ്റ് സിനിമാ മേഖലകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. പരീക്ഷണ ചിത്രങ്ങളും പുതിയ ആശയങ്ങളും സിനിമയാക്കാന്‍ പ്രേക്ഷകര്‍ക്ക് ധൈര്യം പകര്‍ന്നതാകട്ടെ നല്ല ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സിനിമാ പ്രേക്ഷകരാണ്. ഇക്കൂട്ടത്തിലേക്കാണ് നസ്‌ലെനെ നായകനാക്കി കൊണ്ട് സംവിധായകനായ അഭിനവ് സുന്ദര്‍ നായക് തന്റെ പുതിയ ചിത്രമായ മോളിവുഡ് ടൈംസിനെ അവതരിപ്പിക്കുന്നത്.
മോളിവുഡ് ടൈംസ് . Photo: Screen Grab/ Sony Music Malayalam/ Youtube.com
ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയെ സ്‌നേഹിക്കുന്ന, മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച സംവിധായകനായി മാറണമെന്ന ആഗ്രവുമായി ജീവിക്കുന്ന ചെറുപ്പക്കാരനായിട്ടാണ് ചിത്രത്തില്‍ നസ്‌ലെന്‍ വേഷമിടുന്നത്. താന്‍ ആദ്യമായി ചെയ്യുന്ന ചിത്രത്തിലൂടെ തന്റെ പേര് എല്ലാവരും ഓര്‍ത്തുവെക്കണമെന്നും മലയാള സിനിമയെ രക്ഷിക്കാന്‍ താന്‍ എത്തുകയാണെന്നും പറയുന്ന കഥാപാത്രത്തെ സോണി മ്യൂസിക് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറില്‍ കാണാം.
മുകുന്ദനുണ്ണി അസേസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്‌ലെന് പുറമെ അല്‍ത്താഫ് സലീം, സംഗീത് പ്രതാപ്, അലക്‌സാണ്ടര്‍ പ്രദീപ്, റോഷന്‍ ഷാനവാസ്, രാജേഷ് മാധവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഷറഫുദ്ദീന്‍, ചന്തു സലീം. ജഗദീഷ് തുടങ്ങി വമ്പന്‍ താരനിരയും അണിനിരക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ് ലൈനില്‍ നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോളിവുഡ് ടൈംസ് . Photo: Screen Grab/ Sony Music Malayalam/ Youtube.com
മോളിവുഡ് ടൈംസ് താനെഴുതിയത് നസ്ലെനെ മനസില്‍ കണ്ടിട്ടാണെന്നും നസ്ലെന്‍ ചിത്രത്തിന് സമ്മതം മൂളിയിട്ടാല്ലായിരുന്നെങ്കില്‍ താന്‍ ചിത്രം ചെയ്യില്ലായിരുന്നുവെന്നും സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു. സക്‌സസ് ട്രിലോജി എന്ന ആശയത്തില്‍ താന്‍ ചെയ്യാനുദ്ദേശിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസെന്നും അഭിനവ് പറഞ്ഞിരുന്നു. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Teaser of Naslen’s new movie Mollywood times teaser out
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.