ടി-20 ലോകകപ്പുയര്‍ത്താന്‍ ഇറ്റലിയും; അസൂറികളടക്കം ഇതുവരെ 16 ടീമുകള്‍ ഇന്ത്യയിലേക്ക്
T20 world cup
ടി-20 ലോകകപ്പുയര്‍ത്താന്‍ ഇറ്റലിയും; അസൂറികളടക്കം ഇതുവരെ 16 ടീമുകള്‍ ഇന്ത്യയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd October 2025, 6:49 pm

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടി-20 ലോകകപ്പില്‍ ഇതിനോടകം യോഗ്യത നേടി 16 ടീമുകള്‍. 2024 ലോകകപ്പില്‍ നിന്നും നേരിട്ട് യോഗ്യത നേടിയവരും ക്വാളിഫയര്‍ മത്സരങ്ങള്‍ കളിച്ച് ലോകകപ്പുറപ്പിച്ചവരുമാണ് ഈ 16 ടീമുകള്‍.

യോഗ്യതാ മത്സരം കളിച്ച് അഞ്ച് ടീമുകളാണ് ഇതിനോടകം ലോകകപ്പിന് യോഗ്യതയുറപ്പിച്ചത്. കാനഡ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, നമീബിയ എന്നിവരാണ് വിവിധ ക്വാളിഫയേഴ്‌സിലൂടെ ലോകകപ്പിനെത്തുന്നത്.

അമേരിക്കാസ് ക്വാളിഫയറില്‍ നിന്നാണ് കാനഡ യോഗ്യത നേടിയിരിക്കുന്നത്. യോഗ്യതാ മത്സരത്തിന്റെ കലാശപ്പോരാട്ടത്തില്‍ ബെര്‍മുഡയെ തകര്‍ത്തുകൊണ്ടായിരുന്നു മേപ്പിള്‍ ലീഫ്‌സിന്റെ മുന്നേറ്റം.

കിങ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് കാനഡ സ്വന്തമാക്കിയത്. ബെര്‍മുഡ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം യുവരാജ് ശര്‍മയുടെ വെടിക്കെട്ടില്‍ കാനഡ മറികടക്കുകയായിരുന്നു.

കാനഡ

2024 ലോകകപ്പില്‍ വെച്ച് തന്നെ അമേരിക്ക അടുത്ത ലോകകപ്പിനും യോഗ്യത നേടിയിരുന്നതിനാല്‍ അമേരിക്കന്‍ റീജ്യണില്‍ നിന്നും രണ്ട് ടീമുകള്‍ 2026 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

യൂറോപ്പ് ക്വാളിഫയറില്‍ നിന്നും നെതര്‍ലന്‍ഡ്‌സും ഇറ്റലിയുമാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്. യോഗ്യതാ മത്സരത്തിന്റെ ഫൈനലിലെത്തിയതോടെയാണ് ഇരുവര്‍ക്കും 2026 ലോകകപ്പിനുള്ള ടിക്കറ്റുറപ്പായത്.

നെതര്‍ലന്‍ഡ്‌സ്

ഈ വര്‍ഷം ജൂലൈയില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇറ്റലി ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് മറികടക്കുകയായിരുന്നു.

ഇറ്റലി

നമീബിയയാണ് 2026 ലോകകപ്പിന് ടിക്കറ്റുറപ്പിച്ച ഒടുവിലെ ടീം. ആഫ്രിക്കാസ് ക്വാളിഫയറില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ടാന്‍സാനിയക്കെതിരായ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെയാണ് നമീബിയ കിരീടപ്പോരാട്ടത്തിനും ഒപ്പം 2026 ലോകകപ്പിനും യോഗ്യതയുറപ്പിച്ചത്. തുടര്‍ച്ചയായ നാലാം ടി-20 ലോകകപ്പിനാണ് നമീബിയ യോഗ്യത നേടിയിരിക്കുന്നത്.

നമീബിയ

രണ്ടാം സെമി ഫൈനല്‍ വിജയിക്കുന്ന ടീമിനും ആഫ്രിക്കാസ് ക്വാളിഫയറില്‍ നിന്നും ലോകകപ്പിനെത്താം. കെനിയയും സിംബാബ്‌വേയും തമ്മിലാണ് അഫ്രിക്കാസ് ക്വാളിറയഫില്‍ നിന്നുള്ള രണ്ടാം വേള്‍ഡ് കപ്പ് സ്‌പോട്ടിനായി മാറ്റുരയ്ക്കുന്നത്.

ഏഷ്യാ-ഈസ്റ്റ് ഏഷ്യാ പസഫിക് ക്വാളിഫയറില്‍ നിന്നുള്ള മൂന്ന് ടീമുകള്‍ക്ക് കൂടി ഇനി 2026 ലോകകപ്പിന് ടിക്കറ്റെടുക്കാം. ജപ്പാന്‍, കുവൈറ്റ്, മലേഷ്യ, ഒമാന്‍, പപ്പുവ ന്യൂ ഗിനി, ഖത്തര്‍, സമോവ, യു.എ.ഇ എന്നിവരാണ് ഏഷ്യാ-ഈസ്റ്റ് ഏഷ്യാ പസഫിക്കില്‍ നിന്നുള്ള ടീമുകള്‍.

2026 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍

ആതിഥേയര്‍ – 2 ടീം

ഇന്ത്യ, ശ്രീലങ്ക

2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം

അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്

ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം

അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍

അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം

കാനഡ

യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം

ഇറ്റലി, നെതര്‍ലന്‍ഡ്‌സ്

ആഫ്രിക്കാസ് ക്വാളിഫയര്‍ – 2 ടീം

നമീബിയ, സിംബാബ്‌വേ/ കെനിയ

ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം

TBD, TBD, TBD

 

Content Highlight: Teams qualified for 2026 R20 World Cup