പാചകവാതക വിലവര്‍ധനയില്‍ മോദിയെ പരിഹസിച്ച് വീഡിയോ; മധ്യപ്രദേശില്‍ അധ്യാപകന് സസ്പെന്‍ഷന്‍
India
പാചകവാതക വിലവര്‍ധനയില്‍ മോദിയെ പരിഹസിച്ച് വീഡിയോ; മധ്യപ്രദേശില്‍ അധ്യാപകന് സസ്പെന്‍ഷന്‍
നിഷാന. വി.വി
Sunday, 15th March 2026, 10:03 am

ഭോപാല്‍: എല്‍.പി.ജി സിലിണ്ടറുകളുടെ വിലവര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് വീഡിയോ ചെയ്ത അധ്യാപകനെ സസ്‌പെന്റ് ചെയ്തു.

മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് എല്‍.പി.ജി വില വര്‍ധനവിനെ പരിഹസിച്ച് പ്രധാനമന്ത്രിയുടെ സംസാര രീതി അനുകരിച്ച് വീഡിയോ ചെയ്ത അധ്യാപകനെ സസ്പെന്റ് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ അധ്യാപകനായ സാകേത് പുരോഹിത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

എല്‍.പി.ജിയുടെ വിലകൂടുന്നതിലൂടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുളള അന്തരം കുറയുമെന്നും എല്ലാവരും വിറകടുപ്പിലേക്ക് മാറുമെന്നും അദ്ദേഹം വീഡിയോയിലൂടെ പരിഹസിച്ചിരുന്നു.

പിന്നാലെയാണ് ബി.ജെ.പി എം.എല്‍.എ പ്രീതം ലോധി നല്‍കിയ പരാതിയെ തുടര്‍ന്ന് ശിവപുരി ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇത് 1966 സിവില്‍ സര്‍വീസസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരായ നടപടി ഏകപക്ഷീയമാണെന്നും നോട്ടീസ് അയക്കുകയോ തന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്ന് അധ്യാപകന്‍ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇറാനെതിരായി ഇസ്രഈല്‍-അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചതോടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരുന്നു.

ഇതിന് പിന്നാലെയാണ് രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായത്. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറിന്റെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു.

ഇന്ധന ക്ഷാമം മൂലം രാജ്യത്തുടനീളമുള്ള ഹോട്ടലുകള്‍ പലതും അടച്ച് പൂട്ടിയിട്ടുണ്ട്. പല നഗരങ്ങളില്‍ നിന്നും ആളുകള്‍ നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. ഐ.ടി ഹബ്ബായ ഇന്‍ഫോ പാര്‍ക്കടക്കമുള്ള കമ്പനികള്‍ ഇതിനോടകം തന്നെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Teacher suspended in Madhya Pradesh for making video mocking Modi over LPG price hike

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.