വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെന്‍ഷന്‍
Kerala
വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസ്; അധ്യാപകന് സസ്പെന്‍ഷന്‍
രാഗേന്ദു. പി.ആര്‍
Tuesday, 6th January 2026, 6:10 pm

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി 12കാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് സസ്പെന്‍ഷന്‍. എ.ഇ.ഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റേതാണ് നടപടി.

സ്‌കൂള്‍ മാനേജറെ ആയോഗ്യനാക്കാനും ശുപാര്‍ശയുണ്ട്. സംഭവത്തില്‍ പ്രധാനധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ് അയച്ചു.

പീഡനവിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചെന്നുമാണ് എ.ഇ.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നവംബര്‍ 18ന് തന്നെ വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുന്നതിന് പകരം നവംബര്‍ 19ന് അധ്യാപകനില്‍ നിന്നും രാജി എഴുതിവാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അധ്യാപകന്റെ രാജിയുടെ കാരണം എ.ഇ.ഒയെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൊഴി രേഖപ്പെടുത്തുന്നതിനായി പ്രധാനധ്യാപികയും ക്ലാസ് ടീച്ചറും കുട്ടിയെ സി.ഡബ്ല്യു.സിയില്‍ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും എ.ഇ.ഒ പറയുന്നു.

സംഭവം അറിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ജനുവരിന് മൂന്നിനാണ് അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയതെന്നാണ് ഡി.ഡി.ഇക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ എ.ഇ.ഒ പറയുന്നത്.

മലമ്പുഴ യു.പി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനായ അനിലാണ് മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

Content Highlight: Teacher suspended in case of molesting student by giving him alcohol

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.