| Tuesday, 4th February 2025, 4:21 pm

ഇട്ടിക്കോര സിനിമയായാല്‍ നായകനായി ആ നടനല്ലാതെ മറ്റൊരു ഓപ്ഷനില്ല: ടി.ഡി. രാമകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ അടുത്തിടെ ഒരുപാട് ചര്‍ച്ചയായ നോവലുകളിലൊന്നാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ടി.ഡി. രാമകൃഷ്ണന്‍ എഴുതിയ നോവല്‍ ഒരുപാട് വായനക്കാര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തില്‍ അധികം ചര്‍ച്ചയാകാത്ത വിഷയങ്ങളാണ് ഇട്ടിക്കോര പറഞ്ഞുവെക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര സിനിമാരൂപത്തില്‍ കാണാന്‍ സാധിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍.

സിനിമയാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള സബ്ജക്ടാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെന്ന് രാമകൃഷ്ണന്‍ പറഞ്ഞു. നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അക്കാര്യം വളരെ നന്നായി അറിയാമെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ബുദ്ധിമുട്ടെല്ലാം മറികടന്ന് സിനിമയാകുകയാണെങ്കില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്ന് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

ഫ്രാന്‍സിസ് ഇട്ടിക്കോരയുടെ ആദ്യവായനക്കാരില്‍ ഒരാള്‍ മമ്മൂട്ടിയാണെന്നും അദ്ദേഹം ആ നോവല്‍ വായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുണ്ടെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലത്ത് ഒരു സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്താണ് മമ്മൂട്ടിയെ കണ്ടതെന്നും ആ സമയത്ത് താന്‍ ഇട്ടിക്കോര മമ്മൂട്ടിക്ക് സമ്മാനിച്ചെന്നും ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു.

അന്നുമുതല്‍ക്കാണ് താനും മമ്മൂട്ടിയും തമ്മില്‍ സൗഹൃദത്തിലായതെന്നും ആ സൗഹൃദമാണ് ഭ്രമയുഗത്തിലേക്ക് തന്നെ എത്തിച്ചതെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇട്ടിക്കോരയായി മമ്മൂട്ടിയെ മാത്രമേ കാണാന്‍ സാധിക്കുള്ളൂവെന്നും മറ്റൊരു നടനെയും ആ വേഷത്തിലേക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു ടി.ഡി. രാമകൃഷ്ണന്‍.

‘ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ സിനിമയാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു സബ്ജക്ടാണ്. ആ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം ആ സബ്ജക്ട് എത്രമാത്രം കോംപ്ലിക്കേറ്റഡാണെന്ന്. ഇനി ഇതെല്ലാം മറികടന്ന് സിനിമയാവുകയാണെങ്കില്‍ നായകനായി മമ്മൂക്കയല്ലാതെ മറ്റൊരു ഓപ്ഷനില്ല. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാള്‍ മമ്മൂക്കയാണ്. അദ്ദേഹം ആ നോവല്‍ വായിക്കുന്നതിന്റെ വീഡിയോ നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടും.

ഒറ്റപ്പാലത്ത് ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ടിന് വന്ന സമയത്ത് അദ്ദേഹത്തെ കാണാന്‍ സാധിച്ചു. അന്ന് ഇട്ടിക്കോര എന്ന നോവല്‍ മമ്മൂക്കക്ക് സമ്മാനിക്കാനും കഴിഞ്ഞു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് ഭ്രമയുഗത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്ന തലത്തിലേക്ക് വളര്‍ന്നത്. ഇട്ടിക്കോരയായി എനിക്ക് മമ്മൂക്കയെ മാത്രമേ കാണാന്‍ സാധിക്കുള്ളൂ. മറ്റൊരു നടനെയും ആ വേഷത്തിലേക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല,’ ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു.

Content Highlight: TD Ramakrishnan saying Mammootty is the only option if Francis Itty Cora novel become cinema

Latest Stories

We use cookies to give you the best possible experience. Learn more