രാജ്യം നേരിടുന്ന അപകടത്തെ ശ്രീലങ്കയിലെ ചെറുപ്പക്കാര്‍ തിരിച്ചറിയുന്നുണ്ട്; ഇന്ത്യയിലത് സംഭവിക്കുന്നില്ല
DISCOURSE
രാജ്യം നേരിടുന്ന അപകടത്തെ ശ്രീലങ്കയിലെ ചെറുപ്പക്കാര്‍ തിരിച്ചറിയുന്നുണ്ട്; ഇന്ത്യയിലത് സംഭവിക്കുന്നില്ല
നീതു രമമോഹന്‍
Monday, 23rd May 2022, 7:09 pm
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മഹീന്ദ രജപക്സെക്ക് രാജിവെക്കേണ്ടി വന്നിരിക്കുകയാണ്. റനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തിട്ടുണ്ടെങ്കിലും പ്രസിഡന്റ് ഗോതബയ രജപക്‌സെ കൂടി രാജി വെക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും കടക്കെണിയും കൊണ്ട് വീര്‍പ്പുമുട്ടുന്ന ശ്രീലങ്കയുടെ പ്രതിസന്ധികള്‍ക്ക് ഉടനൊന്നും പരിഹാരമുണ്ടാകില്ലെന്നാണ് നിരീക്ഷണങ്ങള്‍. ഈ പശ്ചാത്തലത്തില്‍ ശ്രീലങ്കയുടെ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ചരിത്രത്തെക്കുറിച്ചും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ശ്രീലങ്ക നല്‍കുന്ന സന്ദേശത്തെക്കുറിച്ചും ഡൂള്‍ന്യൂസ് പ്രതിനിധി നീതു രമമോഹന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന പുസ്തകത്തിന്റെ രചയിതാവും നോവലിസ്റ്റുമായ ടി.ഡി. രാമകൃഷ്ണന്‍...

 

 • ശ്രീലങ്ക ഇപ്പോള്‍ എത്തിനില്ക്കുന്ന അവസ്ഥയ്ക്ക് കാരണമായി ആ രാജ്യത്തെ ആഭ്യന്തരയുദ്ധങ്ങളും കൊവിഡും രജപക്‌സെ ഭരണകൂടത്തിന്റെ അഴിമതി ഭരണവുമൊക്കെ കാരണമാണെന്ന് വിലയിരുത്തലുകളുണ്ട്. പക്ഷെ, ചരിത്രപരമായ കാര്യങ്ങള്‍ നോക്കുമ്പോള്‍ ശ്രീലങ്ക ഇപ്പോള്‍ എത്തിനില്ക്കുന്ന അവസ്ഥക്ക് കാരണങ്ങള്‍ എന്തൊക്കെയാണ്?

ഈ ചോദ്യത്തില്‍ പറയുന്ന കാരണങ്ങളെല്ലാം ചേര്‍ന്നാണ് ശ്രീലങ്ക ഇപ്പോഴത്തെ അവസ്ഥയിലെത്തിയത്. ആഭ്യന്തരയുദ്ധവും ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അതില്‍ പ്രധാനപ്പെട്ട താണ്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ വളരെയധികം ധ്രുവീകരിക്കപ്പെട്ടതാണ് ശ്രീലങ്കന്‍ സമൂഹം. സിംഹള ബുദ്ധിസ്റ്റുകളും തമിഴരും തമ്മിലുള്ള പോളറൈസേഷന്‍ തുടക്കം മുതലേ ഉണ്ട്. ശ്രീലങ്കയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിലും തുടക്കം മുതല്‍ തന്നെ നിരന്തരമായി അക്രമങ്ങള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാം.

കാല്‍ നൂറ്റാണ്ടിലേറെ നീണ്ടുനിന്ന എല്‍.ടി.ടി.ഇ പ്രശ്‌നമാണെങ്കിലും, അതിന് മുമ്പ് ജെ.വി.പി എന്ന ഇടതുപക്ഷ തീവ്രവാദ പ്രസ്ഥാനമുയര്‍ത്തിയ പ്രശ്‌നങ്ങളാണെങ്കിലും ശ്രീലങ്കയുടെ ചരിത്രത്തില്‍ വയലന്‍സിന്റെ നിരന്തരമായ ആവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ മുഖമാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഒരു ഭരണകൂടങ്ങളാണ് എപ്പോഴുമതിന് വഴിയൊരുക്കുന്നത്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ ഈ വയലന്‍സിനെയാണ് അഡ്രസ്സ് ചെയ്യുന്നത്.

ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തിലും അതിന് ശേഷവും മഹീന്ദ രജപക്‌സെയുടെയും കൂട്ടാളികളുടെയും ഭരണം വളരെ ഹിംസാത്മകമായി. പത്രസ്വാതന്ത്ര്യമുള്‍പ്പെടെ പൗരന്മാരുടെ എല്ലാ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തി. സ്വജനപക്ഷപാതം ഏറ്റവുമുയര്‍ന്ന സ്ഥിതിയിലെത്തി. മഹീന്ദ രജപക്‌സെയും അദ്ദേഹത്തിന്റെ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ ഗോതബയ രജപക്‌സെയും മറ്റ് സഹോദരന്മാരായ ബാസില്‍ രാജപക്‌സെയും, ചമല്‍ രജപക്‌സെയും ചേര്‍ന്ന് ശ്രീലങ്കയുടെ ഭരണം ഒരു ഫാമിലി ബിസിനസ്സാക്കി മാറ്റി.

2009ല്‍ ആഭ്യന്തര യുദ്ധത്തില് ജയിച്ച്, പ്രഭാകരനെ ഉന്മൂലനം ചെയ്ത്, രാജ്യത്തെ രക്ഷപ്പെടുത്തിയെന്ന ഇമേജോട് കൂടിയാണ്, മഹീന്ദ രജപക്‌സെ 2010ല്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുന്നത്. അദ്ദേഹത്തിന്റെ ഭരണത്തിലെ മറ്റ് പ്രശ്‌നങ്ങളെല്ലാം ഈ വിജയപ്രഭക്കുള്ളില്‍ അപ്രത്യക്ഷമായി. എന്നാല്‍ 2010 മുതല് 2015 വരെയുള്ള കാലത്ത് ആ പ്രശ്‌നങ്ങളെ ല്ലാം തലപൊക്കി. പാര്ട്ടിക്കുള്ളില് അദ്ദേഹത്തെ പിന്തുണച്ച സിംഹള ഭൂരിപക്ഷത്തില്‍ തന്നെ വിള്ളലുണ്ടായിത്തുടങ്ങി.

അങ്ങനെയാണ് മൈത്രിപാല സിരിസേന പ്രസിഡന്റ് പദത്തിലേക്ക് വരുന്നതും മഹീന്ദ പുറത്താകുന്നതും. പക്ഷെ, അധികാരം നഷ്ടപ്പെടാന് കാരണമായത് രജപക്‌സെയുടെ മനുഷ്യാവകാശ ധ്വംസനങ്ങളോ യുദ്ധക്കുറ്റകൃത്യങ്ങളോ ആയിരുന്നില്ല, മറിച്ച് അഴിമതിയും സ്വജനപക്ഷപാതവും കാരണം സ്വന്തം പാര്ട്ടിക്കുള്ളില്‍ തന്നെയുണ്ടായ വിള്ളലുകളായിരുന്നു.

പൊളിറ്റിക്‌സില്‍ മഹീന്ദ രജപക്‌സെ ഒരു മാസ്റ്റര്‍ മാനിപ്പുലേറ്ററാണ്. അധികം താമസിയാതെ സിരിസേനയെ പുറത്താക്കി അദ്ദേഹം അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. പ്രധാനമന്ത്രിയാകുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗോതബയ രജപക്‌സെയെ കൊണ്ടുവരുന്നു.

ഗോതബയ അധികാരത്തില്‍ വന്ന ശേഷമുള്ള കാലത്തെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തനങ്ങളാണ് ശ്രീലങ്കയെ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചത്. ‘ജനകീയനാകാനുള്ള’ ശ്രമങ്ങളുടെ ഭാഗമായി ഗോതബായ നടപ്പാക്കിയ പോപ്പുലിസ്റ്റ് നയങ്ങള്‍ വലിയ തിരിച്ചടികളുണ്ടാക്കി. ജൈവ കൃഷി നിര്‍ബ്ബന്ധിച്ച് നടപ്പാക്കിയപ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെ ആഭ്യന്തര ഉല്‍പാദനം കുറഞ്ഞു. അതോടൊപ്പം കൊവിഡും വന്നു. ടൂറിസത്തില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞു.

അങ്ങനെ പെട്ടെന്ന് സാമ്പത്തികമായി വലിയൊരു പ്രതിസന്ധിയിലേക്ക് പെട്ടെന്ന് ആ രാജ്യം എത്തിപ്പെടുകയാണുണ്ടായത്. ടൂറിസത്തിനും തേയില കയറ്റുമതിക്കുമല്ലാതെ ആഭ്യന്തര ഉല്‍പാദന മേഖലകള്‍ക്ക് ഗോതബയ രജപക്‌സെയോ, അതിന് മുമ്പുണ്ടായിരുന്ന ഭരണകൂടങ്ങളോ പ്രാധാന്യം നല്കിയിരുന്നില്ല.

വലിയ ഹ്യൂമന് റിസോഴ്‌സ് ഉള്ള രാജ്യമാണ് ശ്രീലങ്ക. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലുമൊക്കെ കേരളത്തിനൊപ്പം നില്ക്കുന്ന ഒരു പ്രദേശമാണ്. വലിയ തോതില്‍ അത്തരം സാധ്യതകള്‍ ലങ്കക്ക് മുന്നിലുണ്ടായിരുന്നു. പക്ഷെ, ആഭ്യന്തരയുദ്ധത്തിന് ശേഷം നടന്ന രാഷ്ട്രപുനര്‍നിര്‍മ്മാ ണത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ മേഖലകള്‍ വിഷയമായില്ല. ചൈനയെപ്പോലുള്ള രാജ്യങ്ങളില് നിന്നും കടമെടുത്ത് കണ്‍സ്ട്രക്ഷന്‍ നടത്തുന്നതിലായിരുന്ന രജപക്‌സെമാര്‍ക്ക് താല്‍പര്യം. കൊളംബോ കേന്ദ്രീകരിച്ച് ശ്രീലങ്കയെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റിയെടുക്കാനായിരുന്ന പദ്ധതി.

നേരത്തെ, പത്രസ്വാതന്ത്ര്യവും, വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശവുമൊക്കെ കവര്‍ന്നെടുത്തപ്പോഴും, ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞാടിയപ്പോഴും, ഇതൊന്നും സ്വന്തം ജീവിതത്തെ കാര്യമായി ബാധിക്കാത്തതിനാല്‍ സാ ധാരണ ജനങ്ങള്‍ ജനങ്ങള് അടങ്ങിയിരിക്കുകയായിരുന്നു. പക്ഷെ, ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ ജനങ്ങളുടെ ജീവിതം ദുരിതമയമായി.

ഏപ്രിള്‍ മാസം 30 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. എല്ലാ സാധനങ്ങളുടെയും വില വലിയ തോതില്‍ കൂടി. പണം കൊടുത്താലും സാധനങ്ങള്‍ കിട്ടാതായി. ഭക്ഷ്യവസ്തുക്കള്‍, ഗ്യാസ് എന്നിവയുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയായി. അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്ക് ദിവസങ്ങളോളം ക്യൂ നില്‍ക്കേണ്ടി വന്നു. ഇത് ജനങ്ങളെ ശരിക്കും പൊറുതിമുട്ടിച്ചു. ആ സാഹചര്യത്തിലാണ്, സമൂഹത്തിന്റെ എല്ലാതട്ടിലും പെട്ട ആളുകള്‍ രജപക്‌സെമാര്‍ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഉയരുന്ന മുദ്രാവാക്യം ഞങ്ങള് ശ്രീലങ്കക്കാരാണെന്നാണ്. സിംഹളരെന്നോ തമിഴരെന്നോ അവര്‍ പറയുന്നില്ല. ആ ചേരിതിരിവ് അപ്രത്യക്ഷമായിരിക്കുന്നു. തങ്ങളെ ഭിന്നിപ്പിച്ച്, തമ്മിലടിപ്പിച്ച്, ഇത്രയുംകാലം രാജ്യം കൊള്ളയടിച്ച രാഷ്ട്രീയക്കാരെ ഇനി വേണ്ട എന്നാണവര്‍ പറയുന്നത്.

ഈ സമയത്താണ് മഹീന്ദ രജപക്‌സെയെ പിന്തുണക്കുന്നവര്‍ സമാധാനപരമായി നടന്നിരുന്ന പ്രക്ഷോഭത്തിനിടയിലേക്ക് അതിക്രമിച്ച് കയറി സമരക്കാരെ അടിച്ചോടിക്കാന് ശ്രമിക്കുന്നത്. സ്വാഭാവികമായും പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഇതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുന്നു. അതുവരെ പാട്ടുപാടിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും നാടകങ്ങള്‍ അവതരിപ്പിച്ചും വളരെ ശാന്തമായും സമാധാനപരമായും നടന്നിരുന്ന പ്രതിഷേധങ്ങളുടെ രീതി അതോടെ മാറി.

പ്രതിഷേധ സ്ഥലത്ത് സമരക്കാര്‍ ഒരു ലൈബ്രറി പോലും അറേഞ്ച് ചെയ്തിരുന്നു. ആ ലൈബ്രറിയൊക്കെ മഹീന്ദ രജപക്‌സെയുടെ ഗുണ്ടകള് വന്ന് നശിപ്പിക്കുകയായിരുന്നു. സമാധാനപരമായ പ്രതിഷേധത്തിനെ ഭരണകൂടം കൈകാര്യം ചെയ്ത രീതിയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

മഹീന്ദ രജപക്‌സെയുടെ നിര്‍ദേശമനുസരിച്ച് ജയിലില്‍ നിന്ന് തടവുകാരെ പുറത്തിറക്കി അക്രമം അഴിച്ചുവിട്ടതാണെന്ന് റി പ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്നറിയില്ല. ശ്രീലങ്കക്ക് അത്തരത്തിലുള്ള ഒരു ചരിത്രമുണ്ട്. 1983ല്‍ ജയിലിലെ തടവുപുള്ളികളെ ഉപയോഗിച്ചാണ് തമിഴ് തടവുകാരെയും വിമോചനപ്പോരാളികളേയും കൊന്നൊടുക്കിയത്.

Gota Go Home എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നവരെ ഗുണ്ടകള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. ആക്രമണം നടത്തിയ ത് ഒരു ക്രമിനല്‍ സംഘമാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. സിംഹളരടക്കമുള്ള പ്രതിഷേധക്കാരെ അടിച്ചോടിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് അവര്‍ക്കുണ്ടായിരുന്നത്. പക്ഷെ, അവര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പതിന്മടങ്ങാളുകള്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ട് അത് നടന്നില്ലെന്ന് മാത്രം. പക്ഷേ സമാധാനപരമായി നടന്ന പ്രക്ഷോഭത്തെ അക്രമാസക്തമാക്കി മാറ്റാന്‍ അതിന് കഴിഞ്ഞു.

മഹീന്ദ രജപക്‌സെയുടെ നാട്ടിലെ കുടുംബവീടിന് പ്രതിഷേധക്കാര്‍ തീവെച്ചിരിക്കുന്നു. നിരവധി മന്ത്രിമാരുടെയും എം.പിമാരുടെയും ഓഫീസുകളും വീടുകളുമൊക്കെ അക്രമത്തിനിരയായി. ഒരു എം.പി ആത്മഹത്യ ചെയ്‌തെന്നും കൊല്ലപ്പെട്ടെന്നും രണ്ട് തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രതിഷേധക്കാരുടെ ഇടയില്‍പെട്ട് കൊല്ലപ്പെട്ട അയാള്‍ക്കെന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമല്ല.

അതുപോലെ രജപക്‌സെയുടെ പാര്‍ട്ടി പ്രവര്‍ത്തകരെയും പിന്തുണക്കുന്നവരെയും കണ്ടാല്‍ തല്ലിക്കൊല്ലുന്ന അവസ്ഥയിലേക്ക് ശ്രീലങ്കന് സമൂഹം മാറിയിരിക്കുന്നു. അതുവരെ സമാധാനത്തിന്റെ പാതയിലായിരുന്ന പ്രതിഷേധക്കാരും ഇപ്പോള്‍ വയലന്‍ സിന്റെ വഴി സ്വീകരിച്ചിരിക്കുകയാണ്. രാജ്യം ആകെ കൈവിട്ട ഒരു അവസ്ഥയില്‍ എത്തിനില്ക്കുകയാണ്. മഹീന്ദയുടെയും ഗോതബയയുടെയും അവരുടെ കൂട്ടാളികളുടേയും സ്വഭാവം വെച്ച് സമൂഹത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഒരു വിഷയമല്ല.

പുലികള്‍ക്കെതിരായ യുദ്ധകാലത്ത് ഗോതബയ മഹീന്ദയുടെ ഡിഫന്‍സ് സെക്രട്ടറിയായിരുന്നു. മഹീന്ദ രജപക്‌സെ പ്രസിഡന്റായിരിക്കുമ്പോഴാണ് പ്രഭാകരനെ ഉന്മൂലനം ചെയ്ത് തമിഴ് വിഘടനവാദം അവസാനിപ്പിച്ചത്. നിരപരാധികളെത്ര കൊല്ലപ്പെട്ടാലും പ്രശ്‌നമില്ല, പ്രശ്‌നം അവസാനിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

എല്‍.ടി.ടി.ഇ പ്രവര്‍ത്തകരോ അവരെ പിന്തുണക്കുന്നവരോ ആയ പതിനായിരം പേര്‍ കൊല്ലപ്പെട്ടപ്പോള്‍, നിരപരാധികളായ ഒരു ലക്ഷം സിവിലിയന്‍സ് കൊല്ലപ്പെട്ടു. അതൊരു രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ ഭരണാധികാരികള്‍ സ്വീകരിക്കേണ്ട വഴിയായിരുന്നില്ല. രാജ്യത്തെ എല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ടായിരുന്നു.

ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ അവസാനിക്കണമെങ്കില്‍ പ്രസിഡന്റ് ഗോതബയ അധികാരത്തില്‍ നിന്നൊഴിയുക തന്നെ വേണം. അല്ലാതെ ഒരു തരത്തിലും ശ്രീലങ്കയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല.

 • ഗോതബയയുടെ രാജിയാണ് പ്രതിഷേധ സമരക്കാരുടെ പ്രധാന ആവശ്യം. ആ സാഹചര്യത്തില്‍ മഹീന്ദയുടെ രാജി തല്ക്കാലത്തേക്ക് പ്രതിഷേധക്കാരെ തണുപ്പിക്കാനോ കണ്ണില് പൊടിയിടാനോ ഉള്ള ഭരണകൂടത്തിന്റെ നീക്കമായി കാണാന്‍ പറ്റുമോ?

തീര്‍ച്ചയായും. അതിന് വേണ്ടി തന്നെയാണ് മഹീന്ദയുടെ രാജി. മഹീന്ദ രജപക്‌സെ രാജിവെക്കാതെ ഒരു ഇടക്കാല സര്ക്കാര്‍ രൂപീകരിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനോട് പ്രതിപക്ഷം സഹകരിച്ചില്ല. മഹീന്ദയോടൊപ്പം ഒരു സര്‍ക്കാരിന്റെ ഭാഗമാ കില്ല എന്ന് അവര് ഉറപ്പിച്ച് പറയുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ ഗോതബയയും മഹീന്ദയും ചേര്‍ന്ന് നടപ്പാക്കിയ തന്ത്രമാണിത്. നമ്മള്‍ വിചാരിക്കുന്ന പോ ലെ ഗോതബയ മാത്രം തീരുമാനിച്ച് ചെയ്ത കാര്യമല്ല ഇത്.

വളരെ ആസൂത്രിതമായുള്ള നീക്കങ്ങളാണ് അവര്‍ നടത്തിയിട്ടുള്ളത്. പ്രസിഡന്റിന്റെ കയ്യിലാണ് ശ്രീലങ്കയില് പരമാവധി അധികാരമുള്ളത്, പ്രധാനമന്ത്രിക്ക് തുച്ഛമായ അധികാരങ്ങളേ ഉള്ളൂ. അപ്പോള്‍ മഹീന്ദ കുറച്ച് കാലത്തേക്ക് മാറിനിന്ന് ശ്രീലങ്കയില് ഒരു ഇടക്കാല സര്ക്കാരിന് വഴിയൊരുക്കുക എന്നത് ഒരു തന്ത്രമാണ്.

ശ്രീലങ്കയില്‍ എം.പിയുടെ വീടിന് പ്രതിഷേധക്കാര്‍ തീകൊളുത്തിയപ്പോള്‍

 

 • മഹീന്ദ രജപക്‌സെ എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെയും വളര്‍ച്ചയെയും എങ്ങനെ നോക്കിക്കാണുന്നു?

സിംഹള ഷോവനിസത്തെ പരമാവധി മുതലെടുത്ത് അധികാരത്തിലേക്ക് വളര്‍ന്നുവന്ന ആളാണ് മഹീന്ദ രജപക്‌സെ. 2018ല്‍ ഞാന്‍ കൊളംബോയില് വെച്ച് അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കേട്ടിട്ടുണ്ട്. സുഗന്ധി എഴുതിയതിന് ശേഷമായിരുന്നു അത്. സിംഹള ഭാഷയില്‍ അദ്ദേഹം സംസാരിച്ചത് പൂര്‍ണമായും എനിക്ക് മനസിലായിരുന്നില്ല, ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് മുഴുവന്‍ മനസിലാക്കാന്‍ കഴിഞ്ഞത്.

സിംഹള വംശീയതയെ പരമാവധി ആളിക്കത്തിച്ചുകൊണ്ടാണ് മഹീന്ദ അന്ന് സംസാരിച്ചത്. അവിടെക്കൂടിയ പതിനായിരത്തോളം വരുന്ന ജനങ്ങള്‍ അദ്ദേഹത്തിന് വിജയാരവം മുഴക്കിക്കൊണ്ടിരുന്നു. ആളുകള്‍ അന്ധമായി അദ്ദേഹത്തെ വിശ്വസിക്കുകയായിരുന്നു. അതിനുള്ള വാക്ചാതുര്യം അദ്ദേഹത്തിനുണ്ട്. ജനങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളെല്ലാം അറിയാവുന്ന ഒരു നേതാവാണ്.

വളരെ തന്ത്രശാലിയായ, എന്തും ചെയ്യാന്‍ മടിയില്ലാത്ത രാഷ്ട്രീയ നേതാവാണ് മഹീന്ദ. അധികാര സ്ഥാനത്തിരിക്കുന്നവര്‍ പറയാനോ പ്രവര്‍ത്തിക്കാനോ മടിക്കുന്ന കാര്യങ്ങള്‍ മഹീന്ദ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഒരു കൂസലുമില്ലാതെ തന്റെ കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കാനും തനിക്കെതിരെ നില്‍ക്കുന്നവരെ ഉന്മൂലനം ചെയ്യാനും തയ്യാറാകുന്ന രാഷ്ട്രീയക്കാരന്‍.

ലീന മണിമേഖലയുടെ ‘വൈറ്റ് വാന്‍ സ്റ്റോറീസ്’ (White Van Stories) എന്നൊരു പ്രസിദ്ധമായ ഡോക്യുമെന്ററിയില്‍ പറയുന്ന പോലെ, എതിരഭിപ്രായങ്ങള്‍ പറയുന്നവരെ നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു വെള്ള വാനില്‍ കയറ്റി ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. പിന്നീട് അവരെക്കുറിച്ച് ഒരു വിവരവുമുണ്ടാവില്ല.

അതായത്, ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും ഭാഷ സംസാരിക്കുന്ന ഫാസിസത്തിന്റെ ഏറ്റവും പുതിയ കാലത്തെ മുഖം. അങ്ങനെയാണ് മഹീന്ദ കയറി വരുന്നത്. അതിന് വലിയ പിന്തുണയും കിട്ടി. കാരണം തമിഴ് വിഘടനവാദത്തിന്റെ ഭീകരാവസ്ഥയിലൂടെ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരുന്ന, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് രാജ്യം വലിയൊരു പ്രതിസന്ധിയിലായിരുന്ന സമയത്താണ് രജപക്‌സെ 2005ല്‍ അധികാരത്തിലേക്ക് വരുന്നത്.

2005ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് മഹീന്ദ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം, തമിഴ് പുലികളുടെ ഈ പ്രശ്‌നം താന്‍ എന്ത് വില കൊടുത്തും പരിഹരിക്കും എന്നായിരുന്നു. അതുപോലെതന്നെ ചെയ്യുകയും ചെയ്തു. മുന്‍ പട്ടാളക്കാരനായ ഗോതബയയെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിക്കുന്നു. പിന്നീടെങ്ങനെയാണ് ആ പ്രശ്‌നം ‘പരിഹരിച്ചത്’ എന്ന് നിങ്ങള്‍ക്കറിയാമല്ലോ.

അങ്ങനെ ‘കരുത്തനായ ഭരണാധികാരി’ എന്ന ഇമേജ് സിംഹളള്‍ക്കിടയില്‍ നേടിയെടുക്കാന്‍ മഹീന്ദക്ക് സാധിച്ചു. ലോക ചരിത്രത്തിലെല്ലായിടത്തും യുദ്ധം ജയിക്കുന്ന ഭരണാധികാരികള്‍ അമിതാവേശം കാണിക്കും. അവര്‍ അധികാരത്തിന്റെ ഉന്മാദത്തിലാവും. അതവരെ വലിയ അപകടങ്ങളിലേക്കെത്തിക്കും. ഇനിയാരേയും വകവെക്കേണ്ടതില്ല, എല്ലാം തങ്ങളുടെ കീഴിലാണ് എന്നുള്ള ഒരു നിലയിലേക്ക് ഭരണാധികാരികളും അവരുടെ കൂട്ടാളികളും മാറും. ചരിത്രത്തില്‍ ഇതിനുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മഹീന്ദ രജപക്‌സെ.

മഹീന്ദ രജപക്‌സെ

തല്‍കാലം പ്രധാനമന്ത്രിപദം രാജിവെക്കേണ്ടി വന്നെങ്കിലും മഹീന്ദ അങ്ങിനെ തോറ്റ് പിന്മാറാന്‍ സാധ്യതയില്ല. അതിനുള്ള എന്തെല്ലാം തന്ത്രങ്ങളാണ് ഇനി പയറ്റാന്‍ പോകുന്നതെന്ന് പറയാന്‍ പറ്റില്ല. ഗോതബയ അധികാരത്തില്‍ തുടരുകയാണ്. മഹീന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നേവല്‍ ബേസില്‍ കുടുംബത്തോടൊപ്പം സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. (രാജ്യം വിടാതിരിക്കാന്‍ വേണ്ടി ജനങ്ങള്‍ മഹീന്ദയെ നേവല്‍ ബേസില് തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് കേള്‍ക്കുന്നു.). പക്ഷെ, മുന്‍കാലങ്ങളില്‍ നിന്നും ഇപ്പോഴുള്ളൊരു വ്യത്യാസം ജനങ്ങളുടെ പിന്തുണ മഹീന്ദക്കും ഗോതബയക്കും പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നതാണ്.

ശ്രീലങ്കയിലെ ബഹുഭൂരിപക്ഷം ആളുകളും ഇന്നവരെ തള്ളിപ്പറയുകയാണ്. മുമ്പത്തെ പോലെ ഏതെങ്കിലും ഒരു പൊതുയോഗത്തില്‍, തന്നെ പിന്തുണക്കുന്ന പതിനായിരം പേരെ സംഘടിപ്പിക്കാന്‍ മഹീന്ദ രജപക്‌സെക്ക് കഴിയില്ല. കൊളംബോ നഗരത്തിലോ പുറത്ത് എവിടെയെങ്കിലുമോ രജപക്‌സെമാരെ സുരക്ഷാ ഭടന്മാരില്ലാതെ കിട്ടിയാല്‍ ജനങ്ങള്‍ തല്ലിക്കൊല്ലുന്ന അവസ്ഥയാണ്.

ഈജിപ്തിലും ടുണീഷ്യയിലുമൊക്കെ മുല്ലപ്പൂ വിപ്ലവമെന്ന് പറഞ്ഞ് നടന്ന മൂവ്‌മെന്റിനൊക്കെ സമാനമായ അവസ്ഥയിലാണ് ഇപ്പോള്‍ ശ്രീലങ്ക. ചെറുപ്പക്കാരാണ് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവര്‍ക്ക് പൊതുവെ എല്ലാ രാഷ്ട്രീയക്കാരോടും എതിര്‍പ്പാണ്. കലാപം നടന്ന സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ചെന്ന സമയത്ത് അദ്ദേഹത്തെ കാണാനും അവര്‍ തയാറായിരുന്നില്ല. ഒരു വിഭാഗത്തില്‍പ്പെട്ട രാഷ്ട്രീയ നേതാക്കളെയും ഞങ്ങള്‍ക്ക് കാണണ്ട, ഗോതബായ പുറത്തുപോകാതെ ഞങ്ങള്‍ പിന്മാറില്ല, എന്നാണ് അവര്‍ പറയുന്നത്.

ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇനി രജപക്‌സെമാര്‍ക്ക് പിന്തുണ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷെ, അവര്‍ക്കെങ്ങിനെ രക്ഷപ്പെടാന്‍ പറ്റുമെന്നും പറയാന്‍ കഴിയാത്ത അതിസങ്കീര്‍ണമായ സാഹചര്യമാണ് അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഏത് നിമിഷവും കാര്യങ്ങള്‍ മാറിമറിയാം.

ശ്രീലങ്കന്‍ മിലിറ്ററി വളരെ പക്വതയോട് കൂടിയാണ് ഈ സമയത്ത് പെരുമാറുന്നത് എന്നത് മാത്രമാണ് വലിയൊരു ആശ്വാസം. അവരത് എത്രകാലം തുടരുമെന്നും പറയാന്‍ പറ്റില്ല. കാരണം, ആഭ്യന്തരയുദ്ധകാലത്ത് വളരെ ഹിംസാത്മകമായ രീതിയില്‍ പ്രവര്‍ത്തിച്ചൊരു സൈന്യമാണ് ശ്രീലങ്കയിലേത്. അവരുടെ അച്ചടക്കം എത്രകാലമിങ്ങനെ നിലനില്‍ക്കുമെന്നതും, പ്രസിഡന്റ് ഗോതബയ എത്രകാലം പിടിച്ചുനില്ക്കുമെന്നതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

 

 • നികുതി കുറച്ചത്, സാമ്പത്തിക നയങ്ങള്, ചൈനയടക്കമുള്ള രാജ്യങ്ങളുമായുണ്ടാക്കിയ ഇടപാടുകള്- ഇവയെല്ലാം ലങ്കയുടെ സാമ്പത്തിക തകര്ച്ചക്ക് കാരണമായതായി പറയുന്നുണ്ട്. പക്ഷെ ഒരു കുടുംബഭരണം എന്ന രീതിയിലേക്ക് ഭരണകൂടം മാറിയതും ജനജീവിതം എല്ലാ തരത്തിലും ദുസ്സഹമായപ്പോഴും രജപക്‌സെ കുടുംബം രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഒക്കെ വികസിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോഴുള്ള ജനങ്ങളുടെ അസഹിഷ്ണുതയല്ലേ ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പ്രധാന കാരണം?

തീര്‍ച്ചയായും. പക്ഷേ രണ്ടും കൂടെയാണ് ഈ അവസ്ഥക്ക് കാരണമായത്. രാജപക്‌സെ കുടുംബം അധികാരത്തിലിരുന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്തത് മുമ്പും നടന്നതാണ്. മഹീന്ദ അന്ന് അധികാരത്തിന് പുറത്ത് പോകുന്നതും അതേ സാഹചര്യത്തിലാണ്. ആ സമയത്ത് രാജപക്‌സെ സഹോദരന്മാരുള്‍പ്പെടെ ഈ കുടുംബവുമായി ബന്ധപ്പെടുന്ന 39 പേര്‍ ഭരണത്തിന്റെ വിവിധ തട്ടുകളിലുണ്ടായിരുന്നു. ഇപ്പോഴും ആ 39ല്‍ നിന്നും ചെറിയ വ്യത്യാസമേ ഉള്ളൂ.

ശ്രീലങ്കയുടെ ബജറ്റിന്റെ 70- 72 ശതമാനത്തോളം പങ്കും ഒരു കുടുംബം നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു അവസ്ഥയുണ്ടായി. ഇതിനോടുള്ള എതിര്‍പ്പുകളാണ് 2015ല്‍ രജപക്‌സെ പരാജയപ്പെടാനുള്ള കാരണം. അന്ന് ജനാധിപത്യപരമായ രീതിയിലാണ് അദ്ദേഹം പുറത്ത് പോയതെങ്കില്‍, ഇപ്പോഴത്തെ വ്യത്യാസം ജനങ്ങള്‍ കലാപത്തിനിറങ്ങി എന്നുള്ളതാണ്. മുമ്പ് ഈ കുടുംബഭരണത്തെ വളരെയധികം ആളുകള്‍ ന്യായീകരിച്ചിരുന്നു. എന്നാല്‍ അത് തങ്ങളുടെ ജീവിതത്തെക്കൂടെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ഈ കുടുംബം വലിയ തോതില്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുന്നുണ്ടെന്നും തിരിച്ചറിയുന്നത് രാജ്യം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയപ്പോ ളാണ്.

സിംഹള ബുദ്ധിസ്റ്റ് മതമേധാവികള്‍ രാജപക്‌സെയെ പൂര്‍ണമായി പിന്തുണച്ചിരുന്നവരാണ്. അവരും ഇന്ന് രാജപക്‌സെക്ക് എതിരാണ്. ധനകാര്യ മന്ത്രിയായിരുന്ന ബാസില്‍ രജപക്‌സെ, ആ സ്ഥാനം വഹിക്കാനുള്ള ഒരു കഴിവോ യോഗ്യതയോ ഉള്ള ആളല്ല. തങ്ങളുടെ വകുപ്പിനെ പറ്റി വലിയ ധാരണ പോലും ഇല്ലാത്തവരായിരുന്നു പല മന്ത്രിമാരും. ബിസിനസ് ചിന്തയോട് കൂടിയാണ് അവര്‍ ഭരിച്ചത്. അവസാനത്തെ ബജറ്റിന് മേല്‍ ചര്‍ച്ച നടത്തുന്നതിന് പോലും ബാസില് രജപക്‌സെ തയ്യാറായില്ല.

എല്ലാ രാജ്യങ്ങളിലും തങ്ങളുടെ നിത്യജീവിതത്തെ ബാധിക്കാ ത്തിടത്തോളം കാലം ഭരണകൂടത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും വകവെച്ച് കൊടുക്കുന്ന സ്വഭാവം ജനങ്ങള്‍ക്കുണ്ട്. അവര്‍ക്ക് സ്വന്തം കാര്യം നടന്നാല്‍ മതിയെന്നാണ്.

 

 • ചൈനയുമായുള്ള വ്യാപാര ഇടപാടുകളാണ്, ചൈനയില്‍ നിന്നും കടമെടുത്തതാണ് ശ്രീലങ്കയെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് എന്ന തരത്തിലുള്ള വിശകലനങ്ങളും പുറത്ത് വന്നിരുന്നു. അതിനോടുള്ള പ്രതികരണമെന്താണ്?

ചൈനീസ് ഡെബ്റ്റ് ട്രാപ് മാത്രമല്ല ഇത്. ചൈനയില് നിന്നും വലിയ പലിശയ്ക്ക് ശ്രീലങ്ക കടമെടുത്തു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. രജപക്‌സെയുടെ സ്വന്തം നാടായ ഹമ്പന്‍തോടയില് തുറമുഖം നിര്‍മിക്കാന്‍ കടമെടുത്തു, മറ്റ് പല ഇന്ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്കും വേണ്ടി ചൈനയില്‍ നിന്ന് കടം വാങ്ങി.

ഈ കടം തിരിച്ചടക്കാന്‍ വയ്യാത്ത അവസ്ഥയിലേക്കെത്തുകയും ആ തുറമുഖം തന്നെ ചൈനക്കാര്‍ക്ക് പാട്ടത്തിന് കൊടുക്കേണ്ട അവസ്ഥ വരികയും ചെയ്തു. ചൈന അവരുടെ സ്ട്രാറ്റജിക്കലായ കാര്യങ്ങള്‍ക്ക് വേണ്ടി ഈ തുറമുഖം ഉപയോഗിക്കുകയാണിപ്പോള്‍. കടമെടുത്തുണ്ടാക്കിയ ഇന്ഫ്രാസ്ട്രക്ചര്‍ പ്രോക്ടുകള്‍ സമ്പദ്‌വ്യവസ്ഥക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കി യില്ല.

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൈനയുടെ കയ്യില്‍ നിന്ന് കടം വാങ്ങിയതുകൊണ്ട് മാത്രമാണെന്ന് പറയാന്‍ പറ്റില്ല. ചൈനയില്‍ നിന്ന് മാത്രമല്ല വേറെ പല രാജ്യങ്ങളില്‍ നിന്നും ശ്രീലങ്ക കടം വാങ്ങിയിട്ടുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശക ടത്തിന്റെ പത്ത് ശതമാനം മാത്രമാണ് ചൈനയില്‍ നിന്ന് വാ ങ്ങിയിട്ടുള്ളത്. ജപ്പാനില്‍ നിന്നും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാ ങ്കില്‍ നിന്നും അതില്‍ കൂടുതല്‍ വാങ്ങിയിട്ടുണ്ട്. ചൈനയില്‍ നിന്ന് കടമെടുത്തതിനേക്കാളുപരി ഇപ്പോഴത്തെ പ്രതിസന്ധിക്ക് മറ്റുപല കാരണങ്ങളുണ്ട്.

ചൈനീസ് പ്രസിഡന്റ് ചിന്‍പിങ്

ഉദാഹരണമായി രാസവളം ഇറക്കുമതി നിര്‍ത്തി ജൈവകൃഷി മാത്രം മതിയെന്ന് തീരുമാനിച്ചത് വലിയ മണ്ടത്തരമായി. അരി ഉത്പാദനത്തില്‍ വലിയ കുറവുണ്ടായി. അരി ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലെത്തി. പ്രധാന വിദേശനാണ്യ സ്രോതസായിരുന്ന തേയില കയറ്റുമതിയിലും പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കാനായില്ല.

പാല്‍പ്പൊടി ശ്രീലങ്ക വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില് ഡയ്‌റി പ്രൊഡക്ഷനുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ മില്‍ക്ക് പൗഡര് ഇംപോര്‍ട്ടിങ്ങ് ലോബി അട്ടിമറിക്കുകയാണുണ്ടായത്. അമൂല്‍ അവിടെ ചില പ്രോജക്ടുകള്‍ തുടങ്ങാന് ശ്രമിച്ചിരുന്നെങ്കിലും അതൊന്നും മു ന്നോട്ട് പോയില്ല.

ഇങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്. എന്നിരുന്നാലും ചൈനയില് നിന്ന് വലിയ പലിശക്ക് കടമെടുത്തതും ഒരു പ്രധാന കാരണം തന്നെയാണ്.

 

 • പോപ്പുലിസ്റ്റ് നയങ്ങളായി ഗോതബയ കൊണ്ടുവന്നതായിരുന്നു നികുതി വെട്ടിക്കുറച്ചതടക്കമുള്ള നടപടികള്‍. എന്നാല്‍ ഇവ വിപരീത ഫലമല്ലേ ശരിക്കും ഉണ്ടാക്കിയത്?

2019ലെ തെരഞ്ഞെടുപ്പിലാണ് ഗോതബയ അധികാരത്തില്‍ വരുന്നത്. പ്രത്യക്ഷ നികുതികള്‍ കാര്യമായി കുറക്കാം, എന്ന വലിയൊരു വാഗ്ദാനമാണ് അന്ന് ഗോതബയ ജനങ്ങള്‍ക്ക് നല്‍കിയത്. വാറ്റ് പകുതിയോളമായി കുറച്ചു. മറ്റ് നികുതികളും കോര്‍പറേറ്റ് ടാക്‌സും കുറച്ചു. ഇലക്ഷനില്‍ വോട്ട് നേടാന്‍ വേണ്ടി നടത്തിയ വലിയ പ്രഖ്യാപനങ്ങളായിരുന്നു അത്.

പക്ഷെ താമസിയാതെ കൊവിഡ് വരുമെന്ന് തെരഞ്ഞെടുപ്പ് നടന്നപ്പോഴോ പ്രഖ്യാപനം നടത്തിയപ്പോഴോ അറിയുന്നില്ലല്ലോ. കൊവിഡ് വന്നതോടെ ടൂറിസം വലിയ പ്രതിസന്ധിയിലായി. സാമ്പത്തിക പുരോഗതിക്കുള്ള പ്രധാന വഴിയായി ടൂറിസത്തെ കണ്ടിരുന്ന രാജ്യമായിരുന്നു ശ്രീലങ്ക. 10 ശതമാനത്തിലധികം ജി.ഡി.പിയും ടൂറിസത്തില്‍ നിന്നായിരുന്നു. കൊവിഡ് കാരണം ടൂറിസത്തിലുണ്ടായ ഇടിവ്, ആഭ്യന്തര യുദ്ധത്തിന് ശേഷം ഉയര്‍ന്നുവരികയായിരുന്ന ആ മേഖലയെ വീണ്ടും പിന്നോട്ടടിക്കാന്‍ കാരണമായി.

ക്രൗണ്‍ ഗ്രൂപ്പിന്റെ തലവനായ ജയിംസ് പാക്കറാണ് ശ്രീലങ്ക ഫ്യൂച്ചര്‍ ഡെസ്റ്റിനേഷന്‍ എന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയിലെ ഒരു സെഷന് കീ നോട്ട് അഡ്രസ് നല്‍കി സംസാരിച്ചത്. ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇന്റര്‍നാഷണല് കാസിനോ ഗ്രൂപ്പാണ് ക്രൗണ്‍. വണ്‍ഡേ ക്രിക്കറ്റ് ആദ്യ മായി കൊണ്ടുവന്ന കെറി പാക്കറുടെ മകനാണ് ജയിംസ് പാക്കര്‍. വണ്‍ ഡേ ക്രിക്കറ്റ് കൊണ്ടുവന്നതിന് പിന്നിലെ ചൂതാട്ട താല്‍പര്യങ്ങള്‍ ചരിത്രമാണല്ലോ.

ജയിംസ് പാക്കര്‍

ആ ക്രൗണ്‍ ഗ്രൂപ്പിന്റെ തലവനാണ് ശ്രീലങ്കയെ ടൂറിസത്തിന്റെ ഭാവി ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന വിഷയത്തില്‍ പ്രധാന പ്രഭാഷണം നടത്തിയത്. ക്രൗണ്‍ ഗ്രൂപ്പിന്റെ വലിയൊരു കാസിനോ ശൃംഖലക്ക്, ബുദ്ധിസ്റ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് മഹീന്ദ രജപക്‌സെ അനുമതി കൊടുക്കുകയും ചെയ്തു. പിന്നീട് സിരിസേന അധികാരത്തില്‍ വന്ന സമയത്താണത് അത് റദ്ദാക്കിയത്.

ഇത്തരം വഴികളിലൂടെ രാജ്യത്തിന്റെ ഇക്കോണമിയെ മുന്നോട്ട് കൊണ്ടുപോകാം, അതിലൂടെ വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാം എന്ന പ്രതീക്ഷയിലൂടെയാണ് മഹീന്ദ- ഗോതബയ- ബാസില്‍ ഗ്രൂപ്പ് മുന്നോട്ട് പോയത്. അതിന്റെ ഭാഗമായാണ് നികുതികള്‍ കുറച്ചതും. നിര്‍ഭാഗ്യവശാള്‍ അതിന് വിപരീത ഫലമാണുണ്ടായത്. പ്രതീക്ഷിച്ചതിന് വിപരീതമായി സാമ്പത്തിക തകര്‍ച്ചയാണുണ്ടായത്.

വിദേശനാണ്യ വിനിയോഗം നിയന്ത്രിക്കാനാണ് രാസവളം ഇറക്കുമതി നിര്‍ത്തലാക്കിയത്. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റിന് ഒട്ടും പ്രാധാന്യം കൊടുത്തില്ല. ബംഗ്ലാദേശൊക്കെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും ടെക്‌സ്‌റ്റൈല്‍സിലും ഒരുപാട് മുന്നേറുന്ന കാലമാണിത്. അവര്‍ മറ്റ് രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റിയക്കുന്നു. ഒരു ദരിദ്ര രാജ്യമായി കണക്കാക്കിയിരുന്ന ബംഗ്ലാദേശിന്റെ ഇക്കോണമി വലിയ തോതില്‍ വികസിക്കുന്ന കാലമാണിത്. എന്നാല്‍ ശ്രീലങ്കക്ക് മരുന്ന് വേണമെങ്കിലോ രാസവളം വേണമെങ്കിലോ ഇറക്കുമതി ചെയ്യണം.

ഈ ചിലവ് കുറക്കാന് വേണ്ടിയാണ് രാസവളം ഇറക്കുമതി നിരോധിച്ച് ജൈവകൃഷിലേക്ക് മാറാന്‍ തീരുമാനിച്ചത്. അല്ലാതെ ജൈവകൃഷിയോടുള്ള ഗോതബയയുടെ താല്‍പര്യം കൊണ്ടൊന്നുമായിരുന്നില്ല. അത് പക്ഷെ വിപരീത ഫലമാണുണ്ടാക്കിയത്. കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെയും തേയിലയുടെയും പ്രൊഡക്ഷനില്‍ കുറവുണ്ടായി. അങ്ങനെ ഭക്ഷ്യധാന്യങ്ങളും ഇറക്കുമതി ചെയ്യേണ്ടി വന്നു.

ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പോലും ഈ സാഹചര്യത്തില്‍ വേണ്ടത്ര ഉത്തരവാദിത്തത്തോടെ പെരുമാറിയില്ല. ധനക്കമ്മി വന്നപ്പോള്‍ കൂടുതല്‍ പണം പ്രിന്റ് ചെയ്ത് ആ കുറവ് മറകടക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും അത് പണപ്പെരുപ്പത്തിന് കാരണമായി. നികുതി കുറച്ചതിന്റെ ഭാഗമായി ജനങ്ങളുടെ കയ്യില്‍ കൂടുതല്‍ പണം വന്നുചേര്‍ന്നു. ഒടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് 21 ഇന്ത്യന് പൈസയാണ് ഒരു ശ്രീലങ്കന്‍ രൂപ.

 

 • എന്‍വയോണ്മെന്റ് ആക്ടിവിസ്റ്റായ വന്ദന ശിവക്കെതിരെയും ചില ആരോപണങ്ങള്‍ ഈ സമയത്ത് ഉയര്‍ന്നിരുന്നു. വന്ദന ശിവയെപ്പോലുള്ളവരുടെ ഉപദേശം കേട്ടതാണ് ശ്രീലങ്ക ഇന്നത്തെ അവസ്ഥയിലെത്താന് കാരണം എന്നായിരുന്നു അത്. ഈ ആരോപണങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

ഈ വിമര്‍ശനങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. അവര്‍ ഉപദേശിച്ചിട്ടുണ്ടാകും. ജൈവകൃഷിയുടെ നല്ല വശങ്ങളെപ്പറ്റി വന്ദന ശിവ പറഞ്ഞിട്ടുണ്ടാകും. നമ്മുടെ നാട്ടിലും പല ആളുകളും അങ്ങനെ പറയുന്നതാണ്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെടുന്ന ആളുകള്‍ സ്വാഭാവികമായും പറയും. പക്ഷെ, അത് നടപ്പിലാക്കുന്ന സമയത്ത് രാജ്യത്തിന്റെ ഇക്കോണമി, ജനങ്ങളുടെ ഫുഡ് സെക്യൂരിറ്റി എന്നിവ ഏത് തരത്തില്‍ ബാധിക്കപ്പെടും എന്ന് മനസിലാക്കിക്കൊണ്ട്, അതെങ്ങനെ, എത്രത്തോളം നടപ്പാക്കണം എന്ന് തീരുമാനിക്കേണ്ടത് ഭരണാധികാരികളാണ്.

വന്ദന ശിവ

ഇതൊന്നും ആലോചിക്കാതെ പെട്ടെന്നൊരു ദിവസം ജൈകൃഷിയിലേക്ക് എടുത്തുചാടിയതാണ് അബദ്ധമായത്. അങ്ങനെ ചെയ്യാന്‍ വന്ദനശിവ പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി ജൈവകൃഷി മാത്രം മതിയെന്ന് തീരുമാനിച്ചത് മണ്ടത്തരമായി. ഇതിനെ ജൈവകൃഷിയുടെ പരാജയമായല്ല, ഇക്കണോമിക് ഡിസിഷന് മേക്കിങ്ങിലുണ്ടായ പരാജയവും, ജൈവകൃഷിയും രാജ്യത്തെ ഫുഡ് സെക്യൂരിറ്റിയും തമ്മിലുള്ള ബാലന്‍സിങ്ങ് എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ പ്രവര്‍ത്തിച്ചതുകൊണ്ടുള്ള പ്രശ്‌നവുമായാണ് കാണേണ്ടത്.

 

 • മഹീന്ദ അധികാരത്തിലെത്തി കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഗോതബയ പ്രസിഡന്റായി അധികാരത്തിലേക്ക് വരുന്നത്. ആദ്യം ലെഫ്. കേണലായും പിന്നീട് ഡിഫന്‍സ് സെക്രട്ടറിയായും അതുകഴിഞ്ഞ് നിലവിലുള്ള പ്രസിഡന്റ് സ്ഥാനം വരെയെത്തിയ ഗോതബയയുടെ രാഷ്ടീയ വളര്‍ച്ച മഹീന്ദയുടേതിനേക്കാള്‍ വേഗത്തിലായിരുന്നില്ലേ?

അങ്ങനെ പറയാന്‍ വയ്യ. കാരണം ഗോതബയ മഹീന്ദയുടെ പ്രതിപുരുഷന്‍ മാത്രമാണ്. അത് ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. ഗോതബയയോട് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍ പറയുന്നുണ്ടെങ്കിലും അവരുടെ യഥാര്‍ത്ഥ ലക്ഷ്യം മഹീന്ദ തന്നെയായിരുന്നു. ലെഫ്. കേണല് ആയിരുന്ന, യു.എസ് പൗരത്വമുള്ള ഗോതബയയെ ഡിഫന്‍സ് സെക്രട്ടറിയായി നിയമിക്കുന്നത് 2005ല്‍ മഹീന്ദ പ്രസിഡന്റായ സമയത്താണ്. പ്രഭാകര നെയും മറ്റ് പുലിനേതാക്കളേയും ഉന്മൂലനം ചെയ്തതിന് പിന്നിലെ തന്ത്രങ്ങള്‍ മെനഞ്ഞെടുത്തതും അത് എക്‌സിക്യൂട്ട് ചെയ്തതും ഗോതബയ വഴിയായിരുന്നു. അങ്ങനെയാണ് ഗോതബയയുടെ വളര്‍ച്ച.

പുലികള്‍ക്കെതിരെ നടത്തിയ യുദ്ധങ്ങളില്‍ നേരിട്ട് പങ്കെടുത്ത്, അവരുടെ ശക്തിയെക്കുറിച്ചും ദൗര്‍ബല്യങ്ങളെക്കുറിച്ചും കൃത്യമായി അറിയാവുന്നയാളാണ് ഗോതബയ എന്നതുകൊണ്ടാണ് മഹീന്ദ അയാളെ തന്നെ ഡിഫന്‍സ് സെക്രട്ടറിയായി കൊണ്ടുവന്നത്. താന്‍ പ്രസിഡന്റായാല്‍ പുലികളുടെ പ്രശ്‌നം അവസാനിപ്പിക്കും എന്നായിരുന്നു മഹീന്ദ നല്‍കിയ വാഗ്ദാനം.

അതിന് വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന് ഏറ്റവും ഉചിതമായ ആളെന്ന നിലയിലാണ് ഗോതബയയെ കൊണ്ടുവരുന്നത്. പലപ്പോഴും ഇവരെ രണ്ടായാണ് നമ്മള്‍ കാണുന്നത്. ഇവര്‍ രണ്ടല്ല, ഒന്ന് തന്നെയാണ്. മഹീന്ദ രാജിവെച്ച അവസാന ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ വിള്ളലുകളുണ്ടായതായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും ഞാനത് വിശ്വസിക്കകുന്നില്ല, അതും അവരുടെ തന്ത്രമാകാനാണ് സാധ്യത.

ഗോതബയ രജപക്‌സെ

ശ്രീലങ്കന്‍ ഭരണഘടനയുടെ ഇരുപതാം ഭേദഗതിയനുസരിച്ച് തനിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് തന്റെ ഏറ്റവും വിശ്വസ്തനും അനുജനുമായ ഗോതബയയെ മഹീന്ദ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയും ജയിപ്പിച്ചെടുക്കുകയും ചെയ്തത്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് മഹീന്ദക്കുണ്ടായിരുന്ന അത്രയും ജനപിന്തുണ ഗോതബയക്ക് ഇല്ലായിരുന്നു. മാസ് ലീഡര്‍ മഹീന്ദ തന്നെയായിരുന്നു.

മഹീന്ദയെപ്പോലെ ജനങ്ങളെ ഇളക്കിമറിച്ച് പ്രസംഗിക്കാനോ രാഷ്ട്രീയത്തില്‍ തന്ത്രപരമായ നീക്കങ്ങള്‍ നടത്താനോ കഴിവുള്ളയാളല്ല ഗോതബയ. പട്ടാള പശ്ചാത്തലമുള്ള ആളായതുകൊണ്ട് അത്തരം കാര്യങ്ങളിലാണ് ഗോതബയയുടെ വൈദഗ്ധ്യം. പക്ഷേ ഇവര്‍ രണ്ടുപേരും ഒത്തുചേരുമ്പോള്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കാനുള്ള കരുത്ത് നേടുന്നു.

ഏറ്റവുമൊടുവില്‍ ആരെങ്കിലുമൊരാള്‍ രാജിവെക്കാതെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന അവസ്ഥയെത്തിയപ്പോള്‍, ഇരുവരും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് നടത്തിയ തന്ത്രമാണ് മഹീന്ദയുടെ രാജിയെന്നാണ് തോന്നുന്നത്. അവസാന കാലത്ത് അവര്‍ തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും വിള്ളലുകള്‍ സംഭവിച്ചിരുന്നോ എന്ന് നമുക്കറിയില്ല.

 

 • ശ്രീലങ്കയില്‍ പ്രതിഷേധ സമരങ്ങള് കാരണം ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി, മഹീന്ദ പക്ഷക്കാര്‍ സമരക്കാരെ ആക്രമിച്ചു, എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥികളടക്കമുള്ള യുവജനങ്ങളുടെ കൂട്ടം തെരുവിലിറങ്ങിയതോടെയാണ് സമരം ശക്തി പ്രാപിച്ചതും മഹീന്ദക്ക് രാജി വെക്കേണ്ടിവന്നതും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് യുവജനങ്ങള്‍ നയിച്ച ഈ സമരം ഒരു മുന്നറിയിപ്പല്ലേ?

തീര്‍ച്ചയായും. ഇന്ത്യക്ക് വലിയൊരു പാഠമാണ് ശ്രീലങ്കയില്‍ നടക്കുന്ന കാര്യങ്ങള്‍. കാരണം ശ്രീലങ്കയില്‍ മതരാഷ്ടീയമാണ് ഭരണം കയ്യാളുന്നത്. സിംഹള ബുദ്ധിസത്തിലൂന്നി, ബുദ്ധ സന്യാസിമാരുടെ ആശിര്‍വാദത്തോടും കൂടി, അവരെ പരമാവധി കൂടെ നിര്‍ത്തിയാണ് രജപക്‌സെമാര്‍ അധികാരത്തില്‍ വരുന്നത്. അത്തരത്തിലുള്ള പ്രവര്ത്തനങ്ങള്‍ക്ക് വലിയ ആയുസ് ഉണ്ടാകില്ല. കാരണം, ജനങ്ങള്‍ വൈകാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന അവസ്ഥ വരും. രാജ്യം സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ മതവിശ്വാസങ്ങളേക്കാള്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളായിരിക്കും കൂടുതല്‍ പ്രസക്തമാകുക. അങ്ങനെ എല്ലാതരത്തിലും ഇന്ത്യക്ക് പാഠമാണ് ശ്രീലങ്ക.

ഇന്ത്യയിലും ഇപ്പോള്‍ വിലകള്‍ കുതിച്ചുകയറുന്ന അവസ്ഥയാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വലിയതോതില്‍ വില കൂടുന്നു. ശ്രീലങ്കയിലേതിന് സമാനമായ സാഹചര്യങ്ങളാണ് ഇന്ത്യയിലെന്ന് പറയാനാകില്ല. എങ്കിലും വലിയ സാദൃശ്യങ്ങളുണ്ട്. ഫാസിസത്തിന്റെ ഏറ്റവും പുതിയ മുഖം ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും തന്ത്രങ്ങളിലൂടെ തന്നെയാണ് കടന്നുവരുന്നത്. അത്തരത്തിലുള്ള ഒരു ഭരണസംവിധാനം തന്നെയാണല്ലോ ഇന്ത്യയിലുമുള്ളത്. മതരാഷ്ട്രീയത്തിലാണ് അത് ഊന്നി നില്ക്കുന്നത്. വിദ്വേഷമാണ് അതിന്റെ അടിസ്ഥാനപരമായ വര്‍ക്കിങ്ങ് ടൂള്‍.

അടുത്തിടെയായി നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാണുമ്പോള്‍ ഭയം തോന്നും. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചുറ്റുമുള്ളപ്പോള്‍, അതൊന്നും പരിഗണിക്കപ്പെടുന്നതേയില്ല. മതപരമായി സമൂഹത്തെ പരമാവധി ധ്രുവീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിന് സാധ്യതയുള്ള വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.

മനുഷ്യജീവിതത്തിനോ ജീവനോ ഒരു വിലയും കല്‍പ്പിക്കാത്ത രീതിയിലുള്ളൊരു ഭരണം നിലനില്‍ക്കുമ്പോള്‍ മറ്റെന്ത് സംഭവിക്കാനാണ്? ഒരു തരത്തില്‍ പറഞ്ഞാല്‍ അധികാരത്തിന്റെ ഉന്മാദത്തില്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. നഗരങ്ങളിലെ പാവപ്പെട്ടവരുടെ വാസസ്ഥലങ്ങളിടിച്ച് നിരത്താനായി ബുള്‍ഡോസറുകള്‍ വരുന്ന കാഴ്ച നമ്മളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.

സാധാരണ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലുമൊരു പരിഗണനയുണ്ടെങ്കില്‍ ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യങ്ങളാണിതൊക്കെ. ശ്രീലങ്കയെപ്പോലെ കുടുംബാധിപത്യം ഇപ്പോള്‍ ഇന്ത്യയിലില്ലെന്നേയുള്ളൂ. സ്വജനപക്ഷപാതത്തിനും അഴിമതിക്കും യാതൊരു കുറവുമില്ല. ശ്രീലങ്കയിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് തീര്ച്ചയായും മുന്നറിയിപ്പായിരിക്കും. കുറച്ചുകൂടി ബുദ്ധിപരമായി അവരിനി മുന്നോട്ട് പോകും.

പുതിയ കാലത്തെ ഫാസിസം നിരന്തരം തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്, നവീകരിക്കുകയാണ്. അല്ലാതെ മുസ്സോളിനിയുടെയോ ഹിറ്റ്‌ലറുടെയോ കാലത്തെ അതേപോലെ ആവര്‍ത്തിക്കുകയല്ല. പുതിയ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പരമാവധി വെറുപ്പ് വിതച്ച് കൊയ്യുകയാണ്.

അപകടകരമായ വഴികളിലൂടെയാണ് നമ്മുടെ രാജ്യവും പോകുന്നത്. ചെറുപ്പക്കാര്‍ അത് തിരിച്ചറിയുന്ന ഒരവസ്ഥ ശ്രീലങ്കയിലുണ്ടായിട്ടുണ്ട്. തങ്ങളുടെ രാജ്യത്തിന് അതില്‍ നിന്നൊരു മോചനം വേണമെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഇതെത്രത്തോളം സംഭവിക്കുന്നുണ്ടെന്ന കാര്യം സംശയമാണ്. ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ മതപരമായും മറ്റ് ഇല്യൂഷനുകളിലും കുടുങ്ങിക്കിടക്കുന്ന ദയനീയമായ അവസ്ഥയാണ്.

 

 • ഇന്ത്യയില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലാണുള്ളത്. വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇവിടെ. ഇത് കണക്കിലെടുക്കുമ്പോള് ശ്രീലങ്കയുടെ അവസ്ഥയിലേക്ക് ഇന്ത്യ എത്താനുള്ള ഒരു വിദൂര സാധ്യതയെങ്കിലുമുണ്ടോ?

രൂപയുടെ മൂല്യം ഇടിഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഇന്ത്യ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് എത്തണമെന്നില്ല. കാരണം നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം സുരക്ഷിതമായ നിലയിലാണുള്ളത്. ആഭ്യന്തര ഉല്‍പാദനത്തിന്റെ കാര്യത്തിലും ഇന്ത്യ അത്ര മോശമായ അവസ്ഥയിലല്ല. ഭക്ഷ്യവിളകളുടെ കാര്യത്തിലും തരക്കേടില്ലാത്ത പൊസിഷനിലാണുള്ളത്. അതുകൊണ്ട് ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒരു അവസ്ഥയിലേക്ക് ഉടനെ എത്തുന്ന സ്ഥിതിയിലല്ല ഇന്ത്യ ഉള്ളത്.

ശ്രീലങ്കയെ അപേക്ഷിച്ച് നോക്കുമ്പോള്‍ വലിയൊരു രാജ്യമായതിനാല്‍ മുന്നോട്ട് പോകാനുള്ള പല വഴികളും ഇന്ത്യക്ക് മുന്നിലുണ്ട്. എത്രത്തോളം അത് കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും.

ഈയടുത്ത് തന്നെ, കാര്യക്ഷമമില്ലായ്മ കാരണം ഇന്ത്യയുടെ പവര്‍ സെക്ടറില്‍ ഉണ്ടായ ഒരു പ്രതിസന്ധി നോക്കൂ. കല്‍ക്കരിയുടെ ലഭ്യതകുറവ് കാരണം വൈദ്യുതി ഉല്‍പാദനം പലയിടത്തും കുറഞ്ഞെന്ന് പറഞ്ഞ് കേരളത്തിലുള്‍പ്പെടെ സെന്‍ട്രല്‍ ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയുടെ ക്വാട്ട കുറക്കുകയും പവര്‍കട്ട് ഉണ്ടാകുകയും ചെയ്തു. ഇത് സത്യത്തില്‍ കല്‍ക്കരി ഇല്ലാത്തത് കൊണ്ടല്ല. കല്‍ക്കരി വേണ്ട രീതിയില്‍ യഥാസമയം ട്രാന്‌സ്‌പോര്‍ട്ട് ചെയ്യുന്നതില് വരുത്തിയ വീഴ്ച കാരണമാണ്. ഇതൊരു താല്‍ക്കാലിക പ്രശ്‌നമാണ് എന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പിച്ച് പറയുകയും ചെയ്തു.

ഓരോ താപനിലയത്തിലും വേണ്ടത്ര കല്‍ക്കരി റിസര്‍വ് മെയിന്റെയിന് ചെയ്ത് കൊണ്ടുപോകേണ്ടതുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പും ഇതേ അവസ്ഥയുണ്ടായിരുന്നു. വലിയൊരു വൈദ്യുതപ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നതെന്ന് അന്നും പറഞ്ഞിരുന്നു. കൃത്യമായ പ്ലാനിങ്ങും കോര്‍ഡിനേഷനും ഉണ്ടായാല്‍ മറികടക്കാവുന്ന കാര്യമാണിത്. വിവിധ മന്ത്രാലയങ്ങള്‍ പരസ്പരം കോര്‍ഡിനേറ്റ് ചെയ്യുന്നതില് വരുത്തുന്ന പിഴവുമാണ് പ്രതിസന്ധിയിലേക്ക് നയിക്കുന്നത്.

നോട്ട് നിരോധനമുള്‍പ്പെടെയുള്ള ഒരുപാട് അബദ്ധങ്ങള്‍ ചെയ്തതിന്റെ തുടര്‍ച്ചയാണ് നമ്മുടെ ഇന്നത്തെ സാമ്പത്തിക രംഗം. മറ്റ് പല കാരണങ്ങള്‍ കൊണ്ട് വലിയൊരു അപകടത്തിലേക്ക് നമ്മള്‍ എത്താതെ പോയെന്നേയുള്ളൂ. ജാഗ്രതയോട് കൂടി തന്നെ മുന്നോട്ട് പോകണമെന്നതിന്റെ സൂചനകളാണ് ഇതെല്ലാം.

സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു നിഴല്‍ ആഗോള തലത്തില്‍ തന്നെയുണ്ട്. ശ്രീലങ്കയാണ് അതിന്റെ ആദ്യത്തെ ഇരയെന്ന് വേണമെങ്കില് പറയാം. വളരെ ജാഗ്രതയോടെ സാമ്പത്തിക പോളിസികള് കൈകാര്യം ചെയ്യേണ്ട സമയമാണ്. നിര്‍മല സീതാരാ ന്‍ എത്രകണ്ട് അതിനൊത്ത് ഉയരുമെന്ന് പറയാനാകില്ല.

 

 • ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധത്തിന് ശേഷമാണ് മഹീന്ദ അധികാരത്തില്‍ വന്നത്. സിംഹളപക്ഷത്തെ പ്രീണിപ്പിച്ചുകൊണ്ടും തമിഴരെ ഉന്മൂലനം ചെയ്ത് കൊണ്ടുമാണ് അവിടെ ഭരണകൂടം അധികാരത്തിലേറിയത്. ഇന്ത്യയില്‍ ബാബരി മസ്ജദ് ആക്രമണത്തോടെയാണ് ബി.ജെ.പിക്ക് രാജ്യത്ത് വേരോട്ടം ലഭിക്കുന്നത്. മുസ്‌ലിങ്ങളെ ആക്രമിച്ചും ഹിന്ദുക്കളെ പ്രീണിപ്പിച്ചുമാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നത്. ഇങ്ങനെ ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങള് തമ്മില്‍ ഒരുപാട് സാമ്യതകള് കാണാന്‍ പറ്റുന്നില്ലേ?

 

2014ല്‍ സുഗന്ധി എന്ന നോവല്‍ പബ്ലിഷ് ചെയ്ത സമയത്ത് ഇക്കാര്യം ഞാന്‍ ചില അഭിമുഖങ്ങളില് പറഞ്ഞിട്ടുണ്ടായിരുന്നു. പുറമേക്ക് ശ്രീലങ്കയെപറ്റി എഴുതുന്നു എന്നേയുള്ളൂ, ആ പുസ്തകം സത്യത്തില്‍ ശ്രീലങ്കയെക്കുറിച്ച് മാത്രമല്ല. നമ്മുടെ രാജ്യത്തിനും, ശ്രീലങ്കയിലേതിന് സമാനമായ ഭരണ സംവിധാനവു മായി മുന്നോട്ട് പോകുന്ന ലോകത്തെ ഏതൊരു രാജ്യത്തിനും ബാധകമായുള്ള കാര്യങ്ങളാണ് ആ പുസ്തകത്തിലുള്ളത്.

വംശീയമായ വിദ്വേഷവും ധ്രുവീകരണവും അധികാരത്തിന്റെ സാധ്യതയായി ഒരു സമൂഹം ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായുമത് വലിയ ദുരന്തങ്ങളിലേക്ക് നയിക്കും. ശ്രീലങ്കയിലും ഇന്ത്യയിലും അതാണ് സംഭവിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, മതം രാഷ്ട്രീയത്തിന്റെ വലിയൊരു സാധ്യതയായി മാറ്റി, അതിലൂന്നിക്കൊണ്ട് ഭരണകൂടം മുന്നോട്ടുപോയാല്‍, ഒരു ഘട്ടം കഴിയുമ്പോള്‍ ആ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലോ ശ്രീലങ്കയുടെ ഇപ്പോഴത്തെ പോലുള്ള അവസ്ഥയിലോ എത്തുമ്പോള്‍ മുമ്പ് മതകാര്യങ്ങളെ പിന്തുണച്ചിരുന്ന ആളുകള്‍ പിന്നെ ഭരണകൂടത്തിന്റെ കൂടെ നില്‍ക്കില്ല.

നിത്യജീവിതം ദുരിതമയമായാല്‍ സ്വാഭാവികമായും ജനങ്ങള്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും കയ്യൊഴിയും. എതിര്‍ശബ്ദങ്ങളെ അടിച്ചൊതുക്കുന്ന രീതിയാണ് ഇന്ത്യയിലായാലും ശ്രീലങ്കയിലായാലും നിലനില്‍ക്കുന്നത്. വിയോജിപ്പുകളോട് കടുത്ത അസഹിഷ്ണുതയാണ് ഭരണകൂടങ്ങള്‍ കാണിക്കുന്നത്.

സണ്‍ഡേ ലീഡര്‍ എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നു ലസാന്ത വിക്രമതുംഗെ. രജപക്‌സെ ഭരണകൂടം ഇദ്ദേഹത്തെ കൊന്നുകളയുകയാണ് ഉണ്ടായത്.

ഇതുപോലെ നിരവധി പത്രപ്രവര്‍ത്തകരും എഴുത്തുകാരും ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥികളായി മറ്റ് പല രാജ്യങ്ങളിലേക്കും പോയി. ഇന്ത്യയിലും ഇതിന് സമാനമായ സംഭവങ്ങളുണ്ട്. ഗൗരി ലങ്കേഷിനെ പോലെ നിരവധി പേര് കൊല്ലപ്പെട്ടു. ഭരണകൂടത്തിനെതിരെ എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെടുന്നവരും ഭീഷണി കാരണം എഴുത്ത് തന്നെ നിര്‍ത്തേണ്ടി വന്നവരുമുണ്ട്.

ശ്രീലങ്കയെ പോലെ ഭരണാധികാരികള്‍ക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്നൊരു രാജ്യമല്ല ഇന്ത്യ. മതവാദികള്‍ക്ക് കൈപ്പിടിയിലൊതുക്കാന്‍ പറ്റാത്തത്രത്തോളം വൈവിധ്യമുള്ളതാണ് നമ്മുടെ രാജ്യമെന്നതുകൊണ്ട് മാത്രമാണ് വലിയ അപകടങ്ങള്‍ ഇവിടെ സംഭവിക്കാത്തത്. പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമുണ്ടെങ്കിലും ഇന്ത്യയെ പൂര്‍ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ പറ്റുന്ന നിലയിലേക്ക് ഇവിടത്തെ ഭരണകൂടം എത്തിയിട്ടില്ല.

കേരളവും തമിഴ്‌നാടും പോലെ കൃത്യമായ നിലപാടുകളുള്ള, ഭരണകൂടത്തോട് വിയോജിച്ച് നില്ക്കുന്ന സംസ്ഥാനങ്ങളുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും വിയോജിക്കുന്നവരുടെ സജീവമായ സാന്നിധ്യമുണ്ട്. ഇവരെല്ലാം ഭിന്നിച്ച് നില്‍ക്കുന്നതുകൊണ്ട് മാത്രമാണ് മതരാഷ്ട്രീയത്തിന് ഇവിടെ ഭരിക്കാന്‍ കഴിയുന്നത്.

ആഭ്യന്തര യുദ്ധത്തിന് ശേഷം വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മഹീന്ദ രജപക്‌സെ അധികാരത്തില്‍ വന്നത്. എന്നാല്‍ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്, 2014ല്‍ അധികാരത്തില്‍ വരുന്ന സമയത്ത് ഇന്ത്യയിലെ 35 ശതമാനത്തോളം വരുന്ന ജനങ്ങളുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്. എതിര്പക്ഷം വിഘടിച്ച് നില്‍ക്കുന്നത് കൊണ്ടുള്ള ആനുകൂല്യം കൊണ്ടാണ് ഇവര്‍ക്ക് അധികാരത്തില് നിലനില്‍ക്കാന്‍ കഴിയുന്നത്.

ഇന്ത്യന്‍ ഫാസിസത്തിന്റെ ഏറ്റവും വലിയ അപകടം, അതൊരു വ്യക്തിയിലോ ഭരണകൂടത്തിലോ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല എന്നതാണ്. ജനങ്ങളുടെ മനസിലേക്ക് പല അളവിലത് കടന്നുകയറിയിട്ടുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം വെറുപ്പുണ്ടാക്കിക്കൊണ്ടാണ് ഇവിടത്തെ ഫാസിസം വളരുന്നത്. വളരെ ഭയപ്പെടുത്തുന്നൊരു കാര്യമാണിത്.

ഒരു ഭരണാധികാരിയോ ഭരണകൂടമോ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കില്‍ അത് തിരുത്തപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ ഒരു സമൂഹത്തിലേക്ക് ഈ ചിന്തകള്‍ അല്‍പാല്‍പമായി കടന്നുകയറുന്നത് ഭയപ്പെടുത്തുന്നുണ്ട്.

 

 • പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള് എന്നീ ഇന്ത്യയുടെ അയല്‍രാജ്യങ്ങളെല്ലാം ഒരു ജിയോപൊളിറ്റിക്കല്‍ അണ്‍റെസ്റ്റിലേക്ക് പോകുന്നതാണ് നമ്മള്‍ ഈയടുത്തായി കാണുന്നത്. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും അത് ഇന്ത്യയെ എത്രത്തോളം ബാധിക്കും?

ഇന്ത്യയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വലിപ്പം കൊണ്ടും സമ്പദ് വ്യവസ്ഥയെന്ന നിലയിലും സാര്‍ക്ക് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് അയല്‍രാജ്യങ്ങളില് സംഭവിക്കുന്ന പൊളിറ്റിക്കല്‍ അണ്‌റസ്റ്റ് ഇന്ത്യയെക്കൂടി ബാധിക്കും.

പാകിസ്ഥാനില്‍ ഭരണം മിലിറ്ററിയുമായി നേരിട്ട് ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. ഭരണം നേടാനും നിലനിര്‍ത്താനും മിലിറ്ററിയുടെ സഹായം ആവശ്യമാണ്. ശ്രീലങ്ക പലപ്പോഴും ചൈന പോലെയൊരു വന്‍ശക്തിയുടെ സൈനിക താത്പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് പാകിസ്ഥാനിലേയും ശ്രീലങ്കയിലേയും പ്രശ്‌നങ്ങള്‍ ഇന്ത്യ സൂക്ഷ്മതയോടെ കൂടി കൈകാര്യം ചെയ്യേണ്ടവയാണ്.

ഈയിടെ ഇന്ത്യാ ടുഡേയില് ശ്രീലങ്കന്‍ പ്രശ്‌നത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന നിരുപമ റാവുവിന്റെ ഒരു ലേഖനം വന്നിരുന്നു. ശ്രീലങ്കന്‍ വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തേണ്ട ജാഗ്രതയെ പറ്റിയായിരുന്നു അത്. നമ്മുടെ കുടുംബത്തിലെ ഒരു അംഗം പോലെയുള്ള രാജ്യമാണ് ശ്രീലങ്ക. അവിടെ ജനാധിപത്യത്തിന് പരിക്കേല്‍ക്കുമ്പോള്‍ ഇന്ത്യക്കും വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് നിരുപമ പറയുന്നത്. എന്നുവെച്ച് ആ രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ നേരിട്ട് ഇടപെടുക എന്നല്ല. നയതന്ത്രപരമായ നീക്കങ്ങളിലൂടെ സമാധാനം ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്നാണ്. അത് നിറ വേറ്റുന്നതില്‍ നമ്മള്‍ വീഴ്ചവരുത്തിയാല്‍ ആ ഇടത്തേക്ക് മറ്റ് രാജ്യങ്ങള്‍ കടന്നുകയറാന്‍ സാധ്യതയുണ്ട്.

നേപ്പാളിലെ പ്രതിസന്ധികളും നമ്മളെ ബാധിക്കും. ഷോര്‍ട്ട് ടേമായല്ല, ഒരു ലോങ്ങ് ടേമായി ചിന്തിക്കേണ്ട കാര്യങ്ങളാണിതെല്ലാം. നമ്മളുമായി ഇടപെടുന്ന രാജ്യങ്ങള്‍ക്കെല്ലാം അവരുടേതായ താല്‍പര്യങ്ങളുണ്ടായിരിക്കും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഇടപെടേണ്ടതുണ്ട്.

 

 • ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത് സ്വതന്ത്രമായ രാജ്യമാണ് ശ്രീലങ്കയും. എന്നാല്‍ ഇന്ന് ശ്രീലങ്ക നില്ക്കുന്ന ഒരു അവസ്ഥ അന്ന് സ്വതന്ത്രമായ മറ്റ് രാജ്യങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വളരെ പരിതാപകരമാണ്. ഇനി ശ്രീലങ്കയുടെ ഉയിര്‍ത്തെഴുന്നേല്പ്പ് എത്തരത്തിലായിരിക്കും, സര്ക്കാരിന്റെ അടുത്ത നീക്കങ്ങള് എന്തെല്ലാമായിരിക്കും?

ശ്രീലങ്ക ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ട്, സാമ്പത്തിക സ്ഥിരതയിലെത്തണമെങ്കില്‍ എന്തായാലും അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയെങ്കിലും എടുക്കും. വളരെ ജാഗ്രതയോട് കൂടി മുന്നോട്ട് പോയാല്‍ മാത്രമാണത് സംഭവിക്കുക. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഏഷ്യയില്‍ ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച സാമ്പത്തികസ്ഥിതിയുള്ള രാജ്യം ശ്രീലങ്കയായിരുന്നു.

സൗത്ത് ഏഷ്യന്‍ ടൈഗേഴ്‌സ് എന്ന് പറയുന്ന സിംഗപ്പൂര്‍, മലേഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ശ്രീലങ്കയുടെ പുറകിലായിരുന്നു സ്ഥാനം. എന്നാല്‍ ഈ രാജ്യങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തില്‍ വലിയ തോതില്‍ മുന്നിലേക്കെത്തി. അതിന് സമാനമായ സൗകര്യങ്ങളും സാധ്യതകളുമുണ്ടായിരുന്ന ശ്രീലങ്ക പക്ഷെ പിന്നോട്ട് പോയി. ആ രാജ്യത്തിനകത്തെ സാംസ്‌കാരികമായ പല പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ട്.

സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളപ്പോലെ വളരാന്‍ ശ്രീലങ്കക്കും സാധിക്കുമായിരുന്നു. 96 ശതമാനം സാക്ഷരതയുള്ള രാജ്യമാണ് ശ്രീലങ്ക. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പോലും ഹ്യൂമന്‍ ഡവലപ്‌മെന്റ് ഇന്‍ഡക്‌സുകളെല്ലാം ഉയര്‍ന്ന നിലയിലാണുള്ളത്. അങ്ങനെയുള്ളൊരു രാജ്യം എങ്ങനെ ഇത്രയും പിറകിലേക്ക് പോയി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കില്‍ നമ്മള്‍ ആ രാജ്യത്തിന്റെ ചരിത്രം പരിശോധിക്കണം.

സിംഹളബുദ്ധിസ്റ്റുകളുടെ അമിതമായ സ്വാധീനവും ഇടപെടലുകളും തുടക്കം മുതലെ ഭരണത്തിലുണ്ടായിരുന്നു. ഈ ഇടപെടലുകള്‍ പലതും രാജ്യത്തിന്റെ പുരോഗതിക്ക് വിഘാതം സൃഷ്ടിച്ചു. തമിഴ് വംശജരെ രണ്ടാംതരം പൗരന്മായി മാറ്റിനിര്‍ത്തി രാജ്യത്ത് വംശീയ ധ്രുവീകരണം സൃഷ്ടിച്ചത് നിരന്തരമായ കലാപങ്ങള്‍ക്ക് കാരണമായി. തേര്‍വാദ ബുദ്ധിസ്റ്റുകളുടെ അന്ധവിശ്വാസങ്ങളിലധിഷ്ഠിതമായ കടുംപിടുത്തങ്ങളും രാജ്യത്തിന്റെ സാംസ്‌കാരിക പുരോഗതിയെ സാരമായി ബാധിച്ചു.

ഉദാഹരണത്തിന് ഒരു കാര്യം പറയാം. ശ്രീലങ്കയുടെ ദേശീയഗാനം എഴുതിയത് പ്രശസ്ത കവിയും ഗായകനുമായ ആനന്ദ സമരക്കൂണ്‍ ആണ്. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് അദ്ദേഹം ടാഗോറിന്റെ ശിഷ്യനായി വിശ്വഭാരതിയില്‍ വന്ന് പഠിക്കുകയായിരുന്നു. എന്റെ നാടിനെപ്പറ്റിയൊരു ഗാനം എഴുതിത്തരണമെന്ന് അദ്ദേഹം ടാഗോറിനോട് ആവശ്യപ്പെടുന്നു. ടാഗോര്‍ ജനഗണമനയും അമര്‍ ബംഗ്ലയുമൊക്കെ എഴുതിയിരുന്ന കാലമാണത്.

ആനന്ദ സമരക്കൂണ്‍

‘നീ തന്നെയാണതിന് യോഗ്യന്‍, നീ തന്നെ എഴുതിയാല്‍ മതി’ എന്ന് ടാഗോര്‍ ആനന്ദ സമരക്കൂണിനോട് പറയുന്നു. അങ്ങനെ ആനന്ദ സമരക്കൂണ്‍ ‘നമോ നമോ മാതാ’ എന്ന് ശ്രീലങ്കയെക്കുറിച്ചൊരു സിംഹള ഗാനമെഴുതി സംഗീതം നല്‍കുന്നു. സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം അത് ദേശീയഗാനമായി സ്വീകരിക്കുകയും ചെയ്തു.

ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ പല പ്രശ്‌നങ്ങളുമുണ്ടായി. പ്രധാനമന്ത്രി വധിക്കപ്പെട്ടതുള്‍പ്പെടെ നിരവധി ആഭ്യന്തര- സുരക്ഷാ പ്രശ്‌നങ്ങളുണ്ടായി. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം ദേശീയഗാനമാണെന്ന് ബുദ്ധിസ്റ്റ് പുരോഹിതന്മാര്‍ പറഞ്ഞു. ദേശീയഗാനത്തിന്റെ ആദ്യാക്ഷരമായ ‘ന’ എന്ന ഹ്രസ്വ അക്ഷരം അശുഭലക്ഷണമുള്ളതാണെന്നും ആ അക്ഷരത്തില്‍ തുടങ്ങുന്ന ഗാനം ദേശീയഗാനമാക്കിയതാണ് രാജ്യത്തെ എല്ലാ കലാപങ്ങള്‍ക്കും കാരണമെന്നും ആരോപണമുയര്‍ന്നു.

അതുകൊണ്ട് ദേശീയഗാനം തിരുത്തണമെന്നും അവരാവശ്യപ്പെട്ടു. 1960കളിലാണിത് നടക്കുന്നത്. അങ്ങനെ ഗാനം തിരുത്തിയെഴുതാനായി ആനന്ദ സമരക്കൂണിനോട് ആവശ്യപ്പെട്ടു. താന്‍ എഴുതിയ പാട്ടാണ് കലാപങ്ങള്‍ക്ക് കാരണമെന്ന് വിശ്വസിക്കാന് പറ്റില്ലെന്ന് ആനന്ദ സമരക്കൂണ്‍ പറഞ്ഞു. ഗാനം തിരുത്താന്‍ തയ്യാറായതുമില്ല.

പക്ഷേ ശ്രീലങ്കന്‍ പാര്‍ലമെന്റ് ഗാനം തിരുത്താന്‍ തീരുമാനിച്ചു. കാരണം ആ പാട്ടിന്റെ പകര്‍പ്പവകാശം സമരക്കൂണിനല്ലായി രുന്നു. പബ്ലിഷേഴ്‌സിനായിരുന്നു. അവര്‍ക്കുള്ള പ്രതിഫലം നല്കിയിരുന്നതിനാല്‍ തിരുത്താന്‍ അവകാശമുണ്ടെന്നായിരുന്നു ഗവണ്‍മെന്റിന്റെ വാദം. അങ്ങനെ ‘നമോ നമോ മാതാ’ എന്ന് തുടങ്ങുന്ന ഗാനം ‘ശ്രീലങ്ക മാതാ നമോ നമോ മാതാ’ എന്നാക്കി മാറ്റി. ഒരു റേഡിയോ അനൗണ്‌സ്‌മെന്റിലൂടെയാണ് ആനന്ദ സമരക്കൂണ്‍ അതറിയുന്നത്. അദ്ദേഹത്തിന് വലിയ വിഷമമായി.

രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം താനെഴുതിയ വരികളാണെന്ന ആക്ഷേപം സഹിക്കാനാകാതെ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്. ഇതുപോലെ നൂറുകണക്കിന് കാര്യങ്ങള് ശ്രീലങ്ക യുടെ ചരിത്രത്തില് വേറെയും പറയാന്‍ പറ്റും.

രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം അമിതമായി ഉണ്ടാകുന്നതുകൊണ്ടാണ് ഇത്തരം വയലന്‍സ് ഉണ്ടാകുന്നത്. ശ്രീലങ്കയുടെ ചരിത്രത്തിലത് നിരന്തരമായി ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ആ സാഹചര്യത്തിലൊരു രാജ്യത്തിന് സ്വാഭാവികമായും സാമ്പത്തികരംഗത്ത് വലിയ പുരോഗതിയൊന്നും നേടാനാകില്ല. കൊറിയയും സിംഗപ്പൂരും പോലുള്ള രാജ്യങ്ങള്‍ മുന്നോട്ട് പോയത്, മതത്തെ വ്യക്തിപരമായ കാര്യമാക്കി ഒതുക്കിനിര്‍ത്തി സൂക്ഷ്മതയോടെ കൂടി കൈകാര്യം ചെയ്തത് കൊണ്ടാണ്.

അതുപോലെ രാഷ്ട്രീയ അസ്ഥിരതയും ശ്രീലങ്കയുടെ ശാപമായിരുന്നു. സ്ഥിരമായി ഒരു ഭരണം ശ്രീലങ്കയില്‍ ഉണ്ടാകാറില്ല. കേരളത്തില്‍ മുന്നണി ഭരണം മാറിമാറി വന്നിരുന്ന പോലെയായിരുന്നു ശ്രീലങ്കയിലും. സ്ഥിരമായി ഒരു ഭരണസംവിധാനം ഇല്ലാതിരിക്കുക, മതം ഭരണത്തിലിടപെടുക, ഭരണാധികാരികള്‍ക്ക് ദീര്ഘവീക്ഷണമോ ഇച്ഛാശക്തിയോ ഇല്ലാതെ പോകുക, വലിയ തോതില്‍ സ്വജനപക്ഷപാതം നടപ്പാക്കുക- ഇതൊക്കെ ചേര്‍ന്നാണ് ഇന്ന് ആ രാജ്യം ഈ അവസ്ഥയിലെത്തി നില്ക്കുന്നത്.

കാല്‍നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധമാണ് ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചയെ വലിയ തോതില്‍ പിറകോട്ടടിച്ച മറ്റൊരു പ്രശ്‌നം. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് തന്നെ ഇതിന് കൃത്യമായ ഒരു പരിഹാരം ഉണ്ടാക്കി, സിംഹളര്‍ക്കും തമിഴര്‍ക്കും തുല്യ അവകാശങ്ങളും അധികാരങ്ങളും നല്‍കിയിരുന്നെങ്കില്‍ അതൊഴിവാക്കാമായിരുന്നു.

 

 • ശ്രീലങ്കയുടെ രാഷ്ട്രപുനര്‍നിര്‍മാണത്തിന് ഏതൊക്കെ രാജ്യങ്ങള്‍ക്കായിരിക്കും സഹായിക്കാനാകുക, അതുപോലെ രാജ്യത്ത് മഹീന്ദ രജപക്‌സെ ഇനിയും അധികാരത്തില്‍ തിരിച്ചെത്താന് സാധ്യതയുണ്ടോ?

ഐ.എം.എഫ് ശ്രീലങ്കന്‍ ഇക്കോണമിയെ രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു പ്ലാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതനുസരിച്ച് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വരണം, വളരെ കര്‍ശനമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കണം. അമിതമായി നികുതി കുറച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കണം. സ്വാഭാവികമായും ഐ.എം.എഫിന്റെ കയ്യില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അതിനൊപ്പം അവര് മുന്നോട്ടുവെക്കുന്ന കുറേ നിബന്ധനകളുമുണ്ടായിരിക്കും.

ശ്രീലങ്കയെ സാമ്പത്തികമായി രക്ഷിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും വലിയ റോളുണ്ട്. ഹിഡന്‍ അജണ്ടകള്‍ വെച്ചുള്ള ചൈനയുടെ ഇടപെടലുകളെ ബാലന്‍സ് ചെയ്യാന്‍ അതേ വഴിയുള്ളൂ. പ്രവാസികളായ ശ്രീലങ്കക്കാരുടെ വലിയൊരു സഹായവും പ്രധാനമാണ്. ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെല്ലാം വലിയ തോതില്‍ ശ്രീലങ്കന്‍ പ്രവാസികളുണ്ട്. ഇവരുടെ സഹായവും ശ്രീലങ്കക്ക് ആവശ്യമാണ്. എന്നാല്‍ മഹീന്ദയോ ഗോതബയയോ ഭരണത്തില്‍ തുടരുകയാണെങ്കില്‍ ഇവരുടെയൊന്നും സഹായം പ്രതീക്ഷിക്കാനാകില്ല.

മഹീന്ദ രജപക്‌സ എന്ന രാഷ്ട്രീയക്കാരന്റെ അല്ലെങ്കില്‍ ഭരണാധികാരിയുടെ സ്വഭാവവും ഇതുവരെയുള്ള വളര്‍ച്ചയും നോക്കുകയാണെങ്കില്‍ തീര്‍ച്ചയായും വീണ്ടും അധികാരത്തില്‍ വരാനുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാന് സാധ്യതയുണ്ട്. അങ്ങനെയാണ് 2015ല്‍ പുറത്തുപോയതിന് ശേഷം വീണ്ടും തി രിച്ചുവന്നത്. പക്ഷെ ആ തിരിച്ചുവരവ് സാധ്യമാക്കിയത്, സമൂഹത്തിലെ മതപുരോഹിതന്മാരടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണ നിലനിര്‍ത്താന്‍ കഴിഞ്ഞത് കൊണ്ടായിരുന്നു.

മഹീന്ദ രജപക്‌സ, ഗോതബയ രജപക്‌സ

പക്ഷെ, ഇനി അതൊന്നും ശ്രീലങ്കയില്‍ നടക്കുമെന്ന് തോന്നുന്നില്ല. ജനങ്ങള്‍ മഹീന്ദ രജപക്‌സെ എന്ന ബ്രാന്‍ഡിനെ പുറന്തള്ളിക്കളഞ്ഞു. ജനങ്ങളുടെ മുന്നില്‍ മഹീന്ദ പൂര്‍ണമായും എക്‌സ്‌പോസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനി പ്രസംഗചാതുരി കൊണ്ട് ജനങ്ങളെ ആവേശം കൊള്ളിച്ചോ, തീവ്രവാദം അവസാനിപ്പിച്ച യുദ്ധവിജയിയുടെ ഇമേജ് ഉപയോഗിച്ചോ അത്ര പെട്ടെന്ന് ജനങ്ങളുടെ പിന്തുണ ഇനി മഹീന്ദക്ക് നേടാനാകില്ല. ഇനിയൊരു തിരിച്ചുവരവ് മഹീന്ദയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അസാധ്യം തന്നെയാണ്.

പക്ഷെ, കുശാഗ്രബുദ്ധിയും തന്ത്രശാലിയുമായ ഭരണാധികാരി യാണ് മഹീന്ദ രജപക്‌സെ എന്നതുകൊണ്ട് വേറെ എന്തെങ്കിലും അട്ടിമറി നടത്തി അയാള്‍ ഭരണത്തിലേക്ക് തിരിച്ചുവരുമോ എന്നും പറയാന് പറ്റില്ല. എങ്കിലും നിലവിലുള്ള ശ്രീലങ്കയിലെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മഹീന്ദക്കോ രജപക്‌സെ കുടുംബത്തിനോ ഇനി ഭരണത്തിലേക്കുള്ള തിരിച്ചുവരവ് അസാധ്യമാണെന്നാണ് എനിക്ക് തോന്നുന്നത്.

 

 • സുഗന്ധി എഴുതുന്നതിന് വേണ്ടി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവങ്ങള്‍ എങ്ങനെയായിരുന്നു, അവിടത്തെ ആളുകളുടെ പെരുമാറ്റവും സഹകരണവും എത്രത്തോളമുണ്ടായിരുന്നു?

സുഗന്ധി ആദ്യമൊരു നോവലെറ്റ് ആയിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. എഴുതാന്‍ തുടങ്ങിയപ്പോള്‍ അതൊരു പൂര്‍ണ നോവലായി തന്നെ എഴുതണമെന്ന് തോന്നി. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി ശ്രീലങ്കയിലെത്തിയപ്പോള്‍ അവിടെ ആഭ്യന്തരയുദ്ധം കഴിഞ്ഞ് അധികം കാലമായിരുന്നില്ല. എങ്കിലും യുദ്ധത്തിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ നീങ്ങി ജാഫ്‌നയിലേക്ക് യാത്ര ചെയ്യാവുന്ന കാലമായിരുന്നു. അപ്പോള്‍ വലിയൊരു ഭയത്തിന്റെ നടുവിലായിരുന്നു അന്ന് ജാഫ്‌നയുള്‍പ്പെടുന്ന വടക്കന്‍ ശ്രീലങ്ക. ആളുകള്‍ നമ്മളോട് സംസാരിക്കാന്‍ തയാറായിരുന്നില്ല. സാധാരണക്കാരായ ആരും രാഷ്ട്രീയകാര്യങ്ങളില്‍ പ്രതികരിക്കില്ല. വളരെ സംശയിച്ചുകൊണ്ടാണ് എന്തെങ്കിലുമൊക്കെ മിണ്ടുക.

ഒരു ദിവസം കാറില്‍ യാത്ര ചെയ്യുന്ന സമയത്ത് ഡ്രൈവറോട് ഞാന്‍ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ എന്ത് ചോദിച്ചാലും അയാള്‍ മറുപടി പറയില്ല. എലിഫന്റ് പാസ് (ജാഫ്‌നയില്‍ നിന്ന് ശ്രീലങ്കയുടെ മെയിന്‍ ലാന്‍ഡിലേക്ക് കടക്കുന്ന ഒരു ക്രോസ്‌വേ) കഴിഞ്ഞതിന് ശേഷമാണ് അയാള് സംസാരിക്കാന്‍ തുടങ്ങിയത്. അവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍, അരസിയലെപ്പറ്റി പേശ വേണ്ട സാര്‍, നമക്ക് സിനിമാവെ പറ്റി പേശലാം (രാഷ്ട്രീയത്തെക്കുറിച്ച് നമുക്ക് സംസാരിക്കേണ്ട, സിനിമയെ പറ്റി സംസാരിക്കാം), എന്നാണ് മറുപടി പറഞ്ഞത്.

ആഭ്യന്തര യുദ്ധത്തിന്റെ ഇരകളിലൊരാളായിരുന്നു അയാള്‍. അയാളുടെ കുടുംബം, ഭാര്യ, മക്കള്‍ എല്ലാം അതിന്റെ ദുരിതം ഏറ്റുവാങ്ങിയവരാണ്. വലിയ ഒരു ഭയത്തിന്റെ നടുവിലായിരുന്നു അയാളും ആ പ്രദേശത്തുള്ള മനുഷ്യരും. നോവലില്‍ ആ ഡ്രൈവറെ, ശിവപാലനെന്ന പേരില്‍ ഒരു കഥാപാത്രമാക്കിയിട്ടുണ്ട്.

അങ്ങനെ ചില ആളുകള്‍ സംസാരിച്ചു, പലരും സംസാരിച്ചില്ല. ചില സ്ഥലത്തേക്ക് കടത്തിവിട്ടില്ല. ശ്രീലങ്കക്കാരായ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ബഹുഭൂരിപക്ഷവും അന്ന് രാജ്യത്തിന് പുറത്തായിരുന്നു. അവരുമായി ബന്ധപ്പെട്ടാണ് വേണ്ട വിവരങ്ങളൊക്കെ ശേഖരിച്ചത്.

അന്ന് ഞാന്‍ ബന്ധപ്പെട്ട ആക്ടിവിസ്റ്റുകളായ പല ആളുകളും നോവലിലെ കഥാപാത്രങ്ങളുടെ രൂപത്തില്‍ വരുന്നുണ്ട്. അവിടത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറായ ആളുക ളാണവര്‍. ചുരുക്കത്തില് വളരെ മോശമായ ഒരു കാലമായിരുന്നു നോവലിന് വേണ്ടി ശ്രീലങ്ക സന്ദര്‍ശിച്ച സമയം.

ഇത്തരത്തില്‍ പോയാല്‍ ഈ രാജ്യത്തിന്റെ ഭാവി എന്താവുമെന്ന് ഭയം തോന്നിയിരുന്നു. രജപക്‌സെയെ എതിര്‍ത്ത് സംസാരിക്കുന്നവര്‍ അപ്രത്യക്ഷരാകുന്ന കാലമായിരുന്നു അത്. എഴുത്തുമായി ഒരു ബന്ധവുമില്ലാത്ത ആളെന്ന നിലക്കാണ് ഞാനവിടെ പോയത്. വളരെ റിസ്‌കിയായിരുന്നു ആ യാത്ര.

അതിന് ശേഷം 2018ല്‍ ശ്രീലങ്കയില്‍ പോയപ്പോള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മഹീന്ദ രജപക്‌സെയുടെ പോസ്റ്ററുകള്‍ കൊളംബോ നഗരം നിറയെ ഒട്ടിച്ചിരുന്നു. അന്ന് തമിഴ് സംസാ രിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ ഭയത്തോടെ പറഞ്ഞത്, ‘അന്ത ആള് വീണ്ടും വരപ്പോരങ്കെ സാര്‍’ (അയാള്‍ വീണ്ടും അധികാരത്തില്‍ വരാന്‍ പോകുകയാണ്) എന്നായിരുന്നു. മഹീന്ദ രജപക്‌സ വീണ്ടും അധികാരത്തില്‍ വരുമെന്ന ഭയമായിരുന്നു ആളുകള്‍ക്ക്.

ഇന്ത്യക്കാരോട് ഒരുതരം അസഹിഷ്ണുതയോ വെറുപ്പോ ഉള്ളതുപോലെ, ഇന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ പുച്ഛത്തോടെയായിരുന്നു ആളുകള്‍ നോക്കിയിരുന്നത്. നമ്മള്‍ ഇന്ത്യക്കാര്‍ തമിഴ് പുലികളെ സഹായിച്ച ആളുകളാണ്, ചൈന സഹായം നല്‍കുന്ന സ്ഥിതിക്ക് ഇനി നിങ്ങളുടെ ആവശ്യം ഞങ്ങള്‍ക്കില്ല എന്നൊക്കെയുള്ള മട്ടിലായിരുന്നു പലരുടേയും പെരുമാറ്റം.

Content Highlight: TD Ramakrishnan interview on the economic crisis in Sri Lanka and the geo political scenario there together with the situations in India

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.