മാലിക് നഷ്ടപ്പെടുത്തിയത് ഒരു അവസരത്തെ | ടി.സി. രാജേഷ്
Malik
മാലിക് നഷ്ടപ്പെടുത്തിയത് ഒരു അവസരത്തെ | ടി.സി. രാജേഷ്
ടി.സി. രാജേഷ്
Saturday, 17th July 2021, 12:21 pm
മാധ്യമങ്ങളുടെ സംയമനത്താല്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ട ചില വസ്തുതകള്‍ പുറംലോകത്തെ അറിയിക്കാനുള്ള വലിയൊരു അവസരം നഷ്ടപ്പെടുത്തുകയും തെറ്റായ ചില ബോധ്യങ്ങളെ വീണ്ടും വീണ്ടും ഉറപ്പിക്കുകയുമാണ് മഹേഷ് നാരായണന്‍ ചെയ്തത് എന്നതിലാണ് എനിക്ക് മാലിക്കിനോടുള്ള പ്രതിഷേധം

2009ല്‍ തിരുവനന്തപുരം ചെറിയതുറയില്‍ പോലീസ് വെടിവയ്പ് നടന്ന് ആറുപേര്‍ കൊല്ലപ്പെട്ട വാര്‍ത്ത പ്രധാന മാധ്യമങ്ങളില്‍ വന്നത് വളരെയേറെ സംയമനത്തോടെയായിരുന്നു. ചെറിയതുറയില്‍ സംഘര്‍ഷം, വെടിവയ്പ്, ആറുപേര്‍ മരിച്ചുവെന്ന അസാധാരണ സംഭവത്തിന് ഒരു സാധാരണവാര്‍ത്തയുടെ പ്രാധാന്യം മാത്രം.

തിരുവനന്തപുരത്തിനു പുറത്തേക്കുള്ള എഡിഷനുകളില്‍ അത്രപോലും പ്രാധാന്യം ആ വാര്‍ത്തയ്ക്കു ലഭിച്ചിരുന്നില്ല. അത് അന്നത്തെ തിരുവനന്തപുരത്തെ മാധ്യമതലവന്മാര്‍ കൂട്ടമായെടുത്ത തീരുമാനമായിരുന്നു. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്നുണ്ടായ വെടിവയ്പും മറ്റും പുറംലോകത്തേക്കെത്തിയാല്‍ അതിന്റെ അനുരണനങ്ങള്‍ മറ്റു സ്ഥലങ്ങളിലും ഉണ്ടായേക്കാമെന്ന ഭയം മൂലം കൈക്കൊണ്ട തീരുമാനം. ഇന്നത്തേതുപോലെ സോഷ്യല്‍ മീഡിയകള്‍ അന്നത്ര സജീവമല്ലായിരുന്നതിനാല്‍ മാത്രമാണ് ആ ഒരു ഉദ്ദേശ്യം വിജയിച്ചത്. അല്ലെങ്കില്‍ അവയെല്ലാം കൂടി ഈ നാടു കത്തിക്കാന്‍ കാരണമാകുമായിരുന്നുവെന്നതു തന്നെയാണ് സത്യം.

പക്ഷേ, മാധ്യമങ്ങളുടെ ഈ സംയമനംമൂലം മറ്റൊന്നുകൂടി സംഭവിച്ചു. അവിടെ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അധികമാരും അറിയാതെപോയി. അത് കുറച്ചെങ്കിലും പുറത്തുവന്നത് അല്‍പകാലത്തിനു ശേഷമാണ്. വെടിവയ്പും അതിനു മുന്‍പുണ്ടായ സംഘര്‍ഷങ്ങളുടേയും ചൂടൊന്നടങ്ങിയശേഷം. പക്ഷേ, അപ്പോഴേക്കും ആ മനുഷ്യാവകാശ ലംഘനങ്ങളൊക്കെ ആരുടേയും പരിഗണനപോലും അര്‍ഹിക്കാത്ത വിഷയമായി തണുത്തുറഞ്ഞുവെന്നതാണ് വാസ്തവം. അന്നത്തെ വെടിവയ്പിനെപ്പറ്റി പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെട്ടില്ലെന്ന കാര്യം ചര്‍ച്ചചെയ്യാന്‍ പോലും ഒരു ‘മാലിക്’ വേണ്ടിവന്നു! അതുമാത്രമാണ് മാലിക് എന്ന സിനിമകൊണ്ടുണ്ടായ ഏക ഗുണം.

നാടിന്റെ നന്മയെക്കരുതി വാര്‍ത്താറിപ്പോര്‍ട്ടിംഗില്‍ പുലര്‍ത്തിയ ബോധപൂര്‍വ്വമായ നിയന്ത്രണം ഏതൊക്കെ തരത്തിലാണ് ഒരു സമൂഹത്തിന്റെ മനുഷ്യാവകാശങ്ങള്‍ക്ക് എതിരായതും അത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അധികാര ഭീകരതയ്ക്കും സഹായകമായതെന്നതിനും ഈ സംഭവം വലിയൊരു ഉദാഹരണമായിരുന്നു. ഒരു മികച്ച സിനിമയ്ക്കുള്ള സ്‌കോപ്പ് അതിലാണുള്ളതെന്ന് ഞാന്‍ കരുതുന്നു.

ഒരു സിനിമ, അല്ലെങ്കില്‍ മറ്റേതെങ്കിലും കലാസൃഷ്ടി പുറത്തിറങ്ങുമ്പോള്‍ അതിന്റെ തുടക്കത്തില്‍ വയ്ക്കുന്ന മുന്‍കൂര്‍ ജാമ്യവും ഒരു കെണിയാണ്. ‘യാദൃശ്ചികം’ എന്ന വാക്കുവച്ചുള്ള കെണി. കഥയിലും കഥാപാത്രങ്ങളും ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തിയേയോ സംഭവത്തേയോ തേടി കണ്ടെത്താനുള്ള ത്വര ആളുകളിലുണ്ടാക്കാന്‍ വേണ്ടി, ഒരു കച്ചവടതന്ത്രം പോലെയാണ് ഈ യാദൃശ്ചികം പൊതുവേ ഉപയോഗിക്കപ്പെടുന്നത്. ആ മുന്‍കൂര്‍ ജാമ്യം തന്നെയാണ് സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചില സംഭവങ്ങളോടോ ആളുകളോടോ ബന്ധമുണ്ടെന്ന് സംശയിപ്പിക്കുന്നത്.

മാലിക്കില്‍ കഥാപാത്രങ്ങളൊക്കെ സാങ്കല്‍പികമാകാം, പക്ഷേ, കഥയിലെ, സംഭവങ്ങളിലെ, സ്ഥലനാമങ്ങളിലെ യാദൃശ്ചികത സിനിമ കണ്ടപ്പോള്‍തന്നെ ആളുകള്‍ കണ്ടെടുത്തു. മുസ്‌ലിം പേരുകാര്‍ തീവ്രവാദികളും കള്ളക്കടത്തുകാരുമൊക്കെയാണെന്ന് സംശയിക്കപ്പെടുന്നതും ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ചില ‘യാദൃശ്ചികത’കള്‍ മൂലമാണല്ലോ. അതുനുവേണ്ടിയാണ് നാം ‘യാദൃശ്ചികത’ എന്ന വാക്കുപോലും സൃഷ്ടിച്ചതെന്ന് തോന്നിപ്പോകാറുണ്ട്, പലപ്പോഴും.

ദ്വൈതങ്ങളില്ലാത്ത പേരുകള്‍, സംഭവങ്ങള്‍, സ്ഥലങ്ങള്‍ കലയില്‍ സ്ഥാനം പിടക്കുമ്പോള്‍ ആരും ‘യാദൃശ്ചികത’യിലെ മറ്റൊരു പേരു തേടിപ്പോകില്ല. മാലിക്കില്‍ കാണിക്കുന്ന അതേ പശ്ചാത്തലമുള്ള പേരില്‍ പള്ളിയുള്ള കേരളത്തിലെ ഏകസ്ഥലം ബീമാപ്പള്ളിയാണ്. റമദാപ്പള്ളിയെന്നല്ല ഏതു പള്ളിയുടെ പേരിട്ടാലും അതുകൊണ്ടുമാത്രം ആ സാമ്യത ആളുകള്‍ക്ക് പെട്ടെന്നു പിടികിട്ടും. ചെറിയതുറയ്ക്കും വലിയതുറയ്ക്കും ഇടയിലുള്ള ഇല്ലാത്ത നടുവുതുറയുടെ കാര്യവും അങ്ങനെതന്നെ.

ബാക്കിയൊക്കെ ഭാവനയാകുമ്പോള്‍, അതൊന്നും യാഥാര്‍ഥ്യത്തോടു നീതിപുലര്‍ത്താതെ വരുമ്പോള്‍ സത്യത്തെ നോക്കി ഭാവന കൊഞ്ഞനം കുത്തുന്നതായി ചിലര്‍ക്കെങ്കിലും തോന്നുന്നത് അതിനാലാണ്. പതിനൊന്നു വര്‍ഷം മുന്‍പുമാത്രം സംഭവിച്ച കാര്യങ്ങളാണ് ഓര്‍മപ്പെടുത്തുന്നതെന്നതിനാല്‍ വ്യാഖ്യാനങ്ങളും പൂരിപ്പിക്കലുകളും ഉണ്ടാകാന്‍ കുഴി അധികം തോണ്ടേണ്ടതില്ലല്ലോ. ഓര്‍മയുടെ ആഴത്തില്‍ അധികമൊന്നും അടിയിലേക്ക് അവ ചീഞ്ഞുപോയിട്ടില്ലെന്ന കാര്യം ‘യാദൃശ്ചിക’മെന്ന് എഴുതും മുന്‍പ് ചുണ്ടില്‍ വിരിയുന്ന ഗൂഢമായ ആ ചിരിയില്‍ നിന്നെങ്കിലും തിരിച്ചറിയണം.

മാധ്യമങ്ങളുടെ സംയമനത്താല്‍ ബോധപൂര്‍വ്വം മറച്ചുവയ്ക്കപ്പെട്ട ചില വസ്തുതകള്‍ പുറംലോകത്തെ അറിയിക്കാനുള്ള വലിയൊരു അവസരം നഷ്ടപ്പെടുത്തുകയും തെറ്റായ ചില ബോധ്യങ്ങളെ വീണ്ടും വീണ്ടും ഉറപ്പിക്കുകയുമാണ് മഹേഷ് നാരായണന്‍ ചെയ്തത് എന്നതിലാണ് എനിക്ക് മാലിക്കിനോടുള്ള പ്രതിഷേധം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: TC Rajesh Writes on Malik Movie

ടി.സി. രാജേഷ്
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍, മീഡിയാ മാനേജ്‌മെന്റ് വിദഗ്ധന്‍