| Friday, 9th May 2025, 8:48 am

അവനില്‍ ഒരു നായകന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് തോന്നി, എന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്തു: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തി ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമ വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധയും നിരൂപക പ്രശംസയും നേടിയിരുന്നു. ശ്രീ പ്രിയ സിനിമാസിന്റെ ബാനറില്‍ വി സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍ ഓപ്പറേഷന്‍ ജാവയില്‍ ലുക്മാനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവ ജീവിതത്തില്‍ വിജയിക്കാന്‍ കൊതിക്കുന്ന, ജീവിതത്തില്‍ പരാജയപ്പെട്ട ഒരു കൂട്ടം ആളുകളുടെ കഥയാണെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ആ രീതിയില്‍ റീതിങ്ക് ചെയ്തപ്പോളാണ് താന്‍ ലുക്മാനെ കാസ്റ്റ് ചെയ്തതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. ഉണ്ട എന്ന സിനിമയിലെ ലുക്മാന്റെ പ്രകടനം താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും സിനിമയില്‍ ഒരു നായക വേഷം ചെയ്യാന്‍ കഴിവുള്ള നടനാണ് ലുക്മാന്‍ എന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാഗോ സ്‌പേയ്‌സില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

ഓപ്പറേഷന്‍ ജാവ ഒരു അണ്‍സങ് ഹീറോസിന്റെ കഥയാണ്. അതായത് ലൈഫില്‍ ജയിക്കാന്‍ വേണ്ടി കൊതിക്കുന്ന അല്ലെങ്കില്‍ ലൈഫില്‍ എങ്ങും എത്താണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ്. അപ്പോള്‍ നമുക്ക് എന്തുകൊണ്ട് അങ്ങനെ കാസ്റ്റ് ചെയ്തുകൂടാ, എന്നുള്ളതില്‍ നിന്നാണ് ഇത് റീതിങ്ക് ചെയ്തു തുടങ്ങുന്നത്. അങ്ങനെ റീതിങ്ക് ചെയ്തപ്പോളാണ് ലുക്ക്മാന്‍ കേറി വരുന്നത്.

ആ സമയം ഉണ്ട എന്ന സിനിമയില്‍ ലുക്മാന്‍ നല്ല റോളൊക്കെ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇവനൊരു ഹീറോ മെറ്റീരിയല്‍ ആണല്ലോ, ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഫീച്ചേഴ്‌സുള്ള ഒരുത്തനാണല്ലോ. ഇവന്‍ ഇമോഷന്‍ ഉള്ള ഒരാള്‍ ആണല്ലോ എന്ന് തോന്നി. അങ്ങനെ ലുക്മാന്‍ എന്ന ആര്‍ട്ടിസ്റ്റിനെ എനിക്ക് കണക്ടായി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് വന്ന് ഇപ്പോള്‍ മലയാള സിനിമയിലെ നായകനടന്മാരിലൊരാളായി മാറിയിരിക്കുകയാണ് ലുക്മാന്‍ അവറാന്‍. തന്റെ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടാനും ലുക്മാനായി.

Content Highlight: Tarun moorthy talks about casting Lukman in Operation Java

We use cookies to give you the best possible experience. Learn more