മുഖ്യമന്ത്രിയായാലും കുട്ടി സ്‌റ്റോറി വിടാന്‍ ഉദ്ദേശമില്ല, നിയമസഭയിലും കൈയടി നേടി ദളപതി
Indian Cinema
മുഖ്യമന്ത്രിയായാലും കുട്ടി സ്‌റ്റോറി വിടാന്‍ ഉദ്ദേശമില്ല, നിയമസഭയിലും കൈയടി നേടി ദളപതി
അമര്‍നാഥ് എം.
Tuesday, 12th May 2026, 3:28 pm

സിനിമാലോകത്തെയും രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 234 സീറ്റുകളില്‍ മത്സരിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം 108 സീറ്റുകളില്‍ വിജയിച്ച് ചരിത്രമെഴുതി. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞദിവസം വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ വിജയ് ശ്രദ്ധ നേടുകയാണ്. നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്തതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അദ്ദേഹത്തെ ആനയിച്ച് കൊണ്ടിരുത്തിയ ശേഷം വിജയ് നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. സ്പീക്കറെ ഇത്തരത്തില്‍ ആനയിക്കുന്നതിന് പിന്നിലെ ചരിത്രം വിവരിക്കുകയായിരുന്നു അദ്ദേഹം.

വിജയ് Photo: Screen grab/ 7 Screen studios

ഓഡിയോ ലോഞ്ച് ചടങ്ങുകളില്‍ ഓരോ വിഷയത്തെക്കുറിച്ചും വിജയ് സംസാരിക്കാറുണ്ടായിരുന്നു. ഏതെങ്കിലും ഒരു കഥയിലൂടെയാകും അദ്ദേഹം തന്റെ ആശയം വ്യക്തമാക്കുന്നത്. കുട്ടി സ്‌റ്റോറി എന്നാണ് വിജയ് ഇതിന് നല്‍കിയ പേര്. നിയമസഭയിലെ ഇന്നത്തെ പ്രസംഗവും കുട്ടി സ്റ്റോറി സ്‌റ്റൈലിലുള്ളതായിരുന്നു. നിയമസഭാ, പാര്‍ലമെന്റ് സമ്പ്രദായം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പിന്തുടര്‍ന്നുവന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ‘കുട്ടിക്കഥ’ ആരംഭിച്ചത്.

‘രാജഭരണവും പാര്‍ലമെന്റ് ഭരണവും ഒരുമിച്ചുള്ള നാടാണ് ബ്രിട്ടണ്‍. അവിടുത്തെ രീതി എങ്ങനെയായിരുന്നു എന്ന് വെച്ചാല്‍ രാജാവ് പുറപ്പെടുവിക്കുന്ന വിധി പാലിക്കുക എന്ന ചുമതല മാത്രമാണ് പാര്‍ലമെന്റിനുള്ളത്. എന്നാല്‍ രാജാവിന്റെ ഉത്തരവ് ചിലപ്പോള്‍ പാര്‍ലമെന്റ് അംഗീകരിക്കാറില്ല. ഇക്കാര്യം രാജാവിനെ അറിയിക്കാനുള്ള ചുമതല സ്പീക്കര്‍ക്കാണ്. ഇങ്ങനെ രാജാവിന്റെ ഉത്തരവിന് വിരുദ്ധമായി പാര്‍ലമെന്റ് പ്രവര്‍ത്തിച്ചു എന്നറിയുമ്പോള്‍ സ്പീക്കറുടെ തലവെട്ടാന്‍ രാജാവ് ഉത്തരവിടും.

നിയമസഭാ സമ്മേളനത്തില്‍ വിജയ് Photo: Screen grab/ TN Assembly TV

ഇങ്ങനെ ഒരുപാട് സ്പീക്കര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ പിന്നീട് പൂര്‍ണ ജനാധിപത്യത്തിലേക്ക് എത്തിയപ്പോള്‍ പാര്‍ലമെന്റിനെ നിയന്ത്രിക്കാനുള്ള അധികാരം സ്പീക്കറുടെ കൈയില്‍ വന്നുചേര്‍ന്നു. അങ്ങനെയുള്ള സ്പീക്കറെ തങ്ങള്‍ സംരക്ഷിക്കുമെന്ന് ഭരണ- പ്രതിപക്ഷ നേതാക്കള്‍ ഉറപ്പുനല്‍കുന്നതാണ് ഈ ആനയിക്കലിലൂടെ വ്യക്തമാക്കുന്നത്,’ വിജയ് പറഞ്ഞു.

അധികം ആളുകള്‍ക്ക് ഇന്നും അറിയാത്ത ഒരു ചരിത്രത്തെ വളരെ രസകരമായാണ് വിജയ് അവതരിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നു. സിനിമയിലെ നായകനില്‍ നിന്ന് നാടിന്റെ നായകനായി മാറിയ വിജയ് തന്റെ പഴയ രീതിയില്‍ നിന്ന് മാറിയിട്ടില്ലെന്നും കമന്റുകളുണ്ട്. ടി.വി.കെ എം.എല്‍.എയായ ജെ.സി.ഡി പ്രഭാകറിനെയാണ് തമിഴ്‌നാട് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തത്.

Content Highlight: Tamilnadu Chief Minister Vijay’s Assembly speech viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം