| Saturday, 15th March 2025, 1:48 pm

എമ്പുരാനില്‍ ലൈക്കയില്ല, ശ്രീ ഗോകുലം മൂവീസ് ഏറ്റെടുക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്‍. 2019ല്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് ഇത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയെഴുതി സിനിമ നിര്‍മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. സുജിത്ത് വാസുദേവാണ് ലൂസിഫറിനും എമ്പുരാനും വേണ്ടി ക്യാമറ ചലിപ്പിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോക നായകനായും എത്തിയത്.

ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസും സുഭാസ്‌ക്കരന്റെ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ എമ്പുരാനില്‍ നിന്നും ലൈക്ക പിന്മാറുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

ഇപ്പോള്‍ എമ്പുരാന്റെ നിര്‍മാണത്തില്‍ നിന്നും തമിഴ് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് പിന്മാറിയതായാണ് വാര്‍ത്തകള്‍. ലൈക്ക നിര്‍മാണത്തില്‍ നിന്നും പിന്മാറുന്നതോടെ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയര്‍ ഏറ്റെടുക്കും.

ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇന്ന് (ശനിയാഴ്ച) വൈകുന്നേരത്തോട് കൂടി പുറത്തുവരുമെന്നാണ് സൂചനകള്‍. എങ്കിലും എമ്പുരാന്റെ റിലീസ് തീയതിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. മാര്‍ച്ച് 27ന് തന്നെ ചിത്രം തിയേറ്ററില്‍ എത്തും.

എന്തിരന്‍ 2.0, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപങ്ക് വഹിച്ച പ്രൊഡക്ഷന്‍സാണ് ലൈക്ക. ഈ വമ്പന്‍ പ്രൊഡക്ഷന്‍ എമ്പുരാന്‍ ഏറ്റെടുത്തതോടെ പ്രതീക്ഷകള്‍ ഏറിയിരുന്നു.

ഇതിനുമുമ്പ് ലൈക്ക പ്രൊഡക്ഷന്‍സിന്റേതായി ഇറങ്ങിയ വിടാമുയര്‍ച്ചി, വേട്ടയാന്‍, ഇന്ത്യന്‍ 2 എന്നീ ചിത്രങ്ങളുടെ ഭാഗമായി ഉണ്ടായ സാമ്പത്തിക ബാധ്യതയാകാം ലൈക്കയുടെ ഈ തീരുമാനത്തിന് പിന്നില്ലെന്നാണ് സൂചനകള്‍.

Content Highlight: Tamil Production Company Lyca Productions Has Withdrawn From The Production Of Empuraan

We use cookies to give you the best possible experience. Learn more