കഴിഞ്ഞവര്‍ഷം പൃഥ്വിരാജ്, ഇത്തവണ ചിയാന്‍ വിക്രം... കഷ്ടപ്പാടുകളെ അവഗണിച്ച നാഷണല്‍ അവാര്‍ഡെന്ന് തമിഴ് പേജുകള്‍
Indian Cinema
കഴിഞ്ഞവര്‍ഷം പൃഥ്വിരാജ്, ഇത്തവണ ചിയാന്‍ വിക്രം... കഷ്ടപ്പാടുകളെ അവഗണിച്ച നാഷണല്‍ അവാര്‍ഡെന്ന് തമിഴ് പേജുകള്‍
അമര്‍നാഥ് എം.
Sunday, 19th July 2026, 3:44 pm

72ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ച. വിവിധ ഭാഷകളില്‍ നിന്ന് 400ലധികം സിനിമകള്‍ മാറ്റുരച്ച മത്സരവേദിയില്‍ പുരസ്‌കാരം സ്വന്തമാക്കിയവരെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എല്ലായിടത്തും. മികച്ച നടനുള്ള പുരസ്‌കാരം നാലാമതും തന്റെ ഷെല്‍ഫിലെത്തിച്ച് മമ്മൂട്ടി ചരിത്രമെഴുതി. ഭ്രമയുഗത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

കടുത്ത മത്സരത്തിനൊടുവില്‍ രണ്ട് പേര്‍ക്ക് അവാര്‍ഡ് പങ്കിട്ട് നല്‍കുകയായിരുന്നു. ചന്തു ചാമ്പ്യനിലെ പ്രകടനത്തിന് കാര്‍ത്തിക് ആര്യനാണ് മമ്മൂട്ടിയുമായി അവാര്‍ഡ് പങ്കുവെച്ചത്. എന്നാല്‍ കാര്‍ത്തിക് ആര്യനെക്കാള്‍ അര്‍ഹതയുള്ള മറ്റ് ചില പ്രകടനങ്ങളുണ്ടായിരുന്നു എന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ചിയാന് വിക്രമിന്റെ പേരാണ് തമിഴ് പേജുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

 

പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനില്‍ ചിയാന്റേത് പകരം വെക്കാനില്ലാത്ത പ്രകടനമായിരുന്നു. ശാരീരികമായും മാനസികമായും ചിയാന് ഒരുപാട് വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു തങ്കലാനിലേത്. ചിത്രത്തിനായി ശരീരഭാരം കൂട്ടിയും കുറച്ചും ഒരുപാട് ബുദ്ധിമുട്ടുകള്‍ താരം സഹിച്ചിട്ടുണ്ട്. തങ്കലാന്റെ മേക്കിങ് വീഡിയോയില്‍ ചിയാന്‍ വിക്രം കഥാപാത്രത്തിനായി നടത്തിയ ഡെഡിക്കേഷന്‍ പല സിനിമാപേജുകളും പങ്കുവെക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷത്തെ ദേശീയ പുരസ്‌കാരവേദിയില്‍ ജൂറി നിഷ്‌കരുണം തള്ളിക്കളഞ്ഞ ആടുജീവിതത്തെയും തങ്കലാനെയും തമ്മില്‍ പലരും താരതമ്യം ചെയ്യുന്നുണ്ട്. പൃഥ്വിരാജ് ശാരീരികമായി പല ബുദ്ധിമുട്ടുകള്‍ സഹിച്ച് നജീബ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയപ്പോള്‍ ജൂറി അതിന് യാതൊരു വിലയും നല്‍കാതെ പോയത് വലിയ വിവാദമായിരുന്നു. ഇത്തവണയും അത്തരമൊരു അവസ്ഥ ആവര്‍ത്തിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മുമ്പ് പല തവണ ചിയാന്‍ വിക്രം ദേശീയ അവാര്‍ഡ് വേദിയില്‍ തഴയപ്പെട്ടിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സേതു 1999ലെ അവാര്‍ഡ് വേദിയില്‍ അവസാനറൗണ്ടിലെത്തിയിരുന്നു. വാനപ്രസ്ഥത്തിലൂടെ വിസ്മയിപ്പിച്ച മോഹന്‍ലാലിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം പിതാമകനിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് ചിയാന്‍ തന്റെ ഷെല്‍ഫിലെത്തിച്ചു.

2011ല്‍ ദൈവത്തിരുമകള്‍, 2014ല്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് വിക്രം പുരസ്‌കാരം അര്‍ഹിച്ചിരുന്നു. ഇത്തവണ തങ്കലാനിലേത് അവാര്‍ഡ് ലഭിക്കുമെന്ന് പലരും അടിയുറച്ച് വിശ്വസിച്ചിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയം ഉറക്കെ സംസാരിക്കുന്ന പാ. രഞ്ജിത് അണിയിച്ചൊരുക്കിയ തങ്കലാനെ ഒരു അവാര്‍ഡിനും ജൂറി പരിഗണിക്കാത്തതിനെ രാഷ്ട്രീയപരമായും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

Content Highlight: Tamil Pages saying Chiyaan Vikram deserved a National Award for Thangalaan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം