എങ്ക അണ്ണാവെ പറ്റി പറഞ്ചാല്‍... വിജയ്‌യെ പരിഹസിച്ച ധ്യാനിനെതിരെ സൈബര്‍ അറ്റാക്കുമായി തമിഴ് പേജുകള്‍
Malayalam Cinema
എങ്ക അണ്ണാവെ പറ്റി പറഞ്ചാല്‍... വിജയ്‌യെ പരിഹസിച്ച ധ്യാനിനെതിരെ സൈബര്‍ അറ്റാക്കുമായി തമിഴ് പേജുകള്‍
അമര്‍നാഥ് എം.
Saturday, 18th July 2026, 4:33 pm

വിസിറ്റര്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ചിനിടെ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ചടങ്ങിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ പരാമര്‍ശിച്ച് ധ്യാന്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായി. താന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത് നവ്യ മുന്‍നിരയിലുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തൃഷ ആ ചടങ്ങില്‍ പങ്കെടുത്തതിനെ തമാശരൂപത്തില്‍ ഓര്‍മപ്പെടുത്തുകയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍. വേദിയിലുണ്ടായിരുന്ന എല്ലാവരും ധ്യാനിന്റെ വാക്കുകളെ ചിരിച്ചുതള്ളിയെങ്കിലും തമിഴ് പേജുകളില്‍ സ്ഥിതി വ്യത്യസ്തമാണ്. എന്തിനും ഓവറായി പ്രതികരിക്കുന്ന ഒരുകൂട്ടം വിജയ് ആരാധകര്‍ ധ്യാനിനെതിരെയും മലയാളസിനിമക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ്.

ഒരു നടന്‍ എന്നതിനെക്കാള്‍ ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ ഇങ്ങനെ പരിഹസിക്കുന്നത് എന്ത് ധൈര്യത്തിലാണെന്നാണ് പലരും ചോദിക്കുന്നത്. വിജയ് എന്ന നടന് തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ജനപിന്തുണ മനസിലായില്ലേയെന്നും ഇങ്ങനെ പരസ്യമായി പരിഹസിച്ചത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

വിജയ്‌യുടെ പോപ്പുലാരിറ്റിയില്‍ അസൂയപ്പെട്ട് ഇതുപോലുള്ള ആളുകള്‍ പലതും പറയുമെന്നും അതെല്ലാം കാര്യമാക്കാതെയാണ് അദ്ദേഹം ഇത്രയും ഉയരത്തിലെത്തിയതെന്നും കമന്റുകളുണ്ട്. മലയാളസിനിമകള്‍ ഇനി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ധ്യാനിനെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

ധ്യാന്‍ പറഞ്ഞ തമാശ ആ സെന്‍സില്‍ എടുക്കാന്‍ കഴിയുന്നവര്‍ക്ക് വേറൊന്നും തോന്നില്ലെന്നും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നവര്‍ക്ക് മാത്രമേ ധ്യാനിനോട് ദേഷ്യം തോന്നുള്ളൂവെന്നുമാണ് പിന്തുണക്കുന്നവരുടെ കമന്റുകള്‍. വിജയ് എന്ത് ചെയ്താലും അതിനെ ന്യായീകരിക്കുന്നവര്‍ക്ക് ധ്യാനിനെ തെറിവിളിക്കാന്‍ തോന്നുമെന്നും കമന്റുകളുണ്ട്.

ഇതിനിടയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ചില കമന്റുകള്‍ വേറെയുമുണ്ട്. സ്വന്തം സഹപ്രവര്‍ത്തകക്ക് നേരെ ക്വട്ടേഷന്‍ നല്‍കിയ ദിലീപിനെ വിശിഷ്ടാതിഥിയായി കൊണ്ടുവന്നിട്ട് ഇത്തരം തമാശ പറയുമ്പോള്‍ അത് ഇരട്ടത്താപ്പല്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തും എവിടെയും ആരെയും പേടിക്കാതെ വിളിച്ചുപറയുന്ന ധ്യാനിന്റെ വാക്കുകള്‍ ഇനിയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Tamil pages making cyber attack against Dhyan Sreenivasan for mocking Vijay

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം