തമിഴ്നാട്ടില്‍ രാഷ്ട്രീയ നീക്കം; മുന്‍ എം.ല്‍.എ ടി.ടി.വി ദിനകരന്‍ വീണ്ടും എന്‍.ഡി.എയിലേക്ക്
India
തമിഴ്നാട്ടില്‍ രാഷ്ട്രീയ നീക്കം; മുന്‍ എം.ല്‍.എ ടി.ടി.വി ദിനകരന്‍ വീണ്ടും എന്‍.ഡി.എയിലേക്ക്
യെലന കെ.വി
Wednesday, 21st January 2026, 6:05 pm

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ എം.എല്‍.എ ടി.ടി.വി. ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം (എ.എം.എം.കെ) ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് (എന്‍.ഡി.എ) തിരിച്ചെത്തി. ബുധനാഴ്ചയാണ് ദിനകരന്റെ പാര്‍ട്ടി സഖ്യത്തില്‍ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ദിനകരനെ എന്‍.ഡി.എ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബി.ജെ.പി യുടെ തമിഴ്‌നാട് തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

തമിഴ് സംസ്‌കാരത്തെയും മുറിപ്പെടുത്തുന്ന അഴിമതിക്കാരായ ഡി.എം കെ സര്‍ക്കാരിനെ പുറത്താക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും എ.എം.എം.കെ എന്‍.ഡി.എയുടെ ഭാഗമായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ ബി.ജെ.പി എ.ഐ.എ.ഡി.എം.കെ യുമായി വീണ്ടും അടുത്തതോടെ തങ്ങളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് ദിനകരന്‍ സഖ്യം വിട്ടിരുന്നു.

സഖ്യത്തിലേക്കുള്ള മടക്കം പുതിയൊരു തുടക്കമാണെന്ന് ദിനകരന്‍ പ്രതികരിച്ചു. ത്യാഗം ചെയ്യുന്നവര്‍ക്ക് ഒരിക്കലും വീഴ്ച സംഭവിക്കില്ല. അമ്മയുടെ യഥാര്‍ത്ഥ അനുയായികള്‍ എന്ന നിലയില്‍ തങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍, മെയ് മാസത്തിലാണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുക.പത്ത് വര്‍ഷത്തെ എ.ഐ.എ.ഡി.എം.കെ. ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2021-ലാണ് ഡി.എം.കെ. സഖ്യം അധികാരത്തിലെത്തിയത്.

content highlight: Tamil Nadu: Ex-MLA TTV Dhinakaran’s party returns to NDA ahead of Assembly polls

യെലന കെ.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.