| Monday, 3rd August 2026, 9:29 am

ദുല്‍ഖര്‍ വേറെ ലെവലാണ്, വല്ലാത്തൊരു മനുഷ്യനാണദ്ദേഹം... പക്കാ ജെന്റില്‍മാന്‍: ഹര്‍ഷദ്

അമര്‍നാഥ് എം.

ജയിലര്‍ എന്ന ചിത്രത്തില്‍ വിനായകന്റെ അസിസ്റ്റന്റായി അഭിനയിച്ച് ശ്രദ്ധ നേടിയ നടനാണ് ഹര്‍ഷദ്. നെല്‍സണ്‍ സംവിധാനം ചെയ്ത സിനിമകളിലൂടെയാണ് ഹര്‍ഷദ് ശ്രദ്ധ നേടിയത്. ജയിലറിലെ ധന്‍രാജ് എന്ന കഥാപാത്രം ഹര്‍ഷദിന് കൊടുത്ത മൈലേജ് ചെറുതല്ല. ഈ വര്‍ഷം തമിഴിലെ വന്‍ വിജയങ്ങളിലൊന്നായ പരിമള ആന്‍ഡ് കോയിലും ഹര്‍ഷദിന്റെ സാന്നിധ്യമുണ്ടായിരുന്നു.

കഴിഞ്ഞദിവസം താരം നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് ഹര്‍ഷദ് സംസാരിച്ചു. മലയാളത്തില്‍ ഐ ആം ഗെയിമില്‍ താന്‍ നല്ലൊരു വേഷം ചെയ്തിട്ടുണ്ടെന്ന് താരം പറഞ്ഞു. ചിത്രത്തില്‍ സെക്കന്‍ഡ് വില്ലനായാണ് താന്‍ വേഷമിടുന്നതെന്നും ഹര്‍ഷദ് പറയുന്നു. കളര്‍ കണ്ണാടിയോട് സംസാരിക്കുകയായിരുന്നു ഹര്‍ഷദ്.

‘മലയാളത്തില്‍ ഐ ആം ഗെയിം എന്ന ഒരു വലിയ സിനിമ ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പമാണ് ആ പടത്തില്‍ ഞാന്‍ അഭിനയിച്ചത്. സത്യം പറയാമല്ലോ, അദ്ദേഹത്തെപ്പോലൊരു മനുഷ്യനെ വേറെ കണ്ടിട്ടില്ല. പക്കാ ജെന്റില്‍മാനാണ്. വേറെ ലെവല്‍ മനുഷ്യന്‍. ഐ ആം ഗെയിം വന്‍ പരിപാടിയാണ് ചെയ്തുവെച്ചിരിക്കുന്നത്.

അതിന്റെ സംവിധായകനും അടിപൊളി മനുഷ്യനാണ്, നഹാസ്. പുള്ളി അധികം വൈകാതെ തമിഴില്‍ ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പാണ്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫററും വലിയ പരിപാടിയാണ് ആ പടത്തില്‍ ചെയ്തുവെച്ചിട്ടുള്ളത്. സിനിമ റിലീസായിക്കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലടക്കം വലിയ സംസാരമാകുമെന്ന് ഉറപ്പാണ്,’ ഹര്‍ഷദ് പറഞ്ഞു.

ഐ ആം ഗെയിമില്‍ താന്‍ സെക്കന്‍ഡ് വില്ലനാണെന്നും മിഷ്‌കിനാണ് പ്രധാന വില്ലനാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നതെങ്കിലും എല്ലാവരും തന്നോട് നല്ല പെരുമാറ്റമായിരുന്നെന്നും ഹര്‍ഷദ് കൂട്ടിച്ചേര്‍ത്തു. ജയിലറാണ് തനിക്ക് ഐ ആം ഗെയിമിലേക്കുള്ള അവസരം നല്‍കിയതെന്നും താരം പറഞ്ഞു.

ആര്‍.ഡി.എക്‌സ് എന്ന വന്‍ ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ നായകനായെത്തുന്ന മലയാളചിത്രമെന്ന പ്രത്യേകതയും ഐ ആം ഗെയിമിനുണ്ട്. 50 കോടിയിലേറെ ചെലവഴിച്ച് ഒരുങ്ങുന്ന ചിത്രം ഓണം റിലീസുകള്‍ക്കിടയില്‍ ഏറ്റവും ഹൈപ്പുള്ള പ്രൊജക്ടാണ്.

Content Highlight: Tamil actor Harshad about Dulquer and I’m Game movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more