| Thursday, 20th March 2025, 5:42 pm

അവരുടെ അഭ്യര്‍ത്ഥന കാരണം വിസമ്മതിക്കാനാവാതെ ചെയ്ത ചില ഡാന്‍സുകളുണ്ട്: തമന്ന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് തമന്ന. 2005ല്‍ ചാന്ദ് സാ റോഷന്‍ ചേഹേര എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

അതേവര്‍ഷം ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2006ല്‍ കേടി എന്ന ചിത്രത്തിലൂടെ തമിഴിലും നടി അരങ്ങേറി. മലയാളികള്‍ക്ക് 2007ല്‍ പുറത്തിറങ്ങിയ ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് തമന്ന പ്രിയങ്കരിയാകുന്നത്.

ഹാപ്പി ഡേയ്‌സ് സിനിമ തന്നെയാണ് നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ശേഷം കല്ലൂരി, 100% ലവ്, ബാഹുബലി, അയന്‍, പൈയ്യാ, വീരം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ തമന്നക്ക് സാധിച്ചു.

അഭിനയത്തോടൊപ്പം നന്നായി ഡാന്‍സ് ചെയ്യുമെന്നതും തമന്നയെ മറ്റ് നടിമാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്ന കാര്യമാണ്. നിരവധി സിനിമകളില്‍ ഗ്ലാമര്‍ ഡാന്‍സില്‍ മാത്രമായി തമന്ന അഭിനയിച്ചിട്ടുണ്ട്.

മുന്‍നിര നായികനടിയായിട്ട് കൂടി എന്തിനാണ് ചില സിനിമകളില്‍ പാട്ടുകള്‍ക്ക് ഡാന്‍സ് കളിക്കാന്‍ മാത്രമായി പോകുന്നതെന്ന് പറയുകയാണ് തമന്ന. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

താന്‍ സിനിമയില്‍ നിലനിന്നു പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡാന്‍സ് അറിയാമെന്നതാണ് എന്നാണ് തമന്ന പറയുന്നത്. തനിക്ക് വേണ്ടപ്പെട്ടവരായിട്ടുള്ളവര്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട് വിസമ്മതിക്കാനാവാതെ ചെയ്ത ചില പടങ്ങളുമുണ്ടെന്നും തമന്ന പറഞ്ഞു.

‘ഞാന്‍ സിനിമയില്‍ നിലനിന്ന് പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് എനിക്ക് ഡാന്‍സ് അറിയാം എന്നതാണ്. നായികാകഥാപാത്രങ്ങള്‍ക്ക് നൃത്തപ്രാവീണ്യം പ്രകടിപ്പിക്കുവാനുള്ള അവസരങ്ങള്‍ കുറവാണ്.

എന്നാല്‍ ഇത്തരം രംഗങ്ങളില്‍ എന്റെ നൃത്തത്തിലുള്ള കഴിവുകള്‍ വെളിപ്പെടുത്തുവാനുള്ള അവസരം ഏറെയാണ്. അതുകൊണ്ടാണ് ഒരു ഗാന-നൃത്ത രംഗത്തില്‍ മാത്രം അഭിനയിക്കാന്‍ സമ്മതിക്കുന്നത്. മാത്രമല്ല എനിക്ക് വേണ്ടപ്പെട്ടവരായിട്ടുള്ളവര്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ട് വിസമ്മതിക്കാനാവാതെ ചെയ്ത ചില പടങ്ങളുമുണ്ട്,’ തമന്ന പറയുന്നു.

Content Highlight: Tamannah Talks About Her Dances In Movies

We use cookies to give you the best possible experience. Learn more