അമേരിക്ക ഇറങ്ങിപ്പോയ അഫ്ഗാനില്‍ ഭീകരവാദം അധികാരത്തിലെത്തുമ്പോള്‍; താലിബാന്‍ 1994 മുതല്‍ 2021 വരെ
DISCOURSE
അമേരിക്ക ഇറങ്ങിപ്പോയ അഫ്ഗാനില്‍ ഭീകരവാദം അധികാരത്തിലെത്തുമ്പോള്‍; താലിബാന്‍ 1994 മുതല്‍ 2021 വരെ
അന്ന കീർത്തി ജോർജ്
Tuesday, 27th July 2021, 6:56 pm

താലിബാന്‍ എന്ന വാക്കിന് അറബി ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ എന്നാണ് അര്‍ത്ഥം. അഫ്ഗാനിസ്ഥാനിലെ യാഥാസ്ഥിതിക മതപഠനസ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു താലിബാന്‍ എന്ന ഭീകര സംഘടനയുടെ ഭാഗമായി തുടക്കത്തില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയായിരിക്കാം അവര്‍ക്ക് ആ പേര് ലഭിച്ചതും.

താലിബാന്റെ അര്‍ത്ഥവും ചരിത്രവുമൊക്കെ ഇപ്പോള്‍ പറയുന്നത് എന്തിനാണന്നല്ലേ, കാരണമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരവാദവും തീവ്രവാദവും അഫ്ഗാനിലെ ആഭ്യന്തര കലാപവും അയല്‍ രാജ്യങ്ങളെ ആക്രമിക്കലുമൊക്കെയായി ബന്ധപ്പെട്ട് നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട പേരായിരിക്കും താലിബാന്‍. ഈ താലിബാനെതിരെ കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയും അഫ്ഗാന്‍ സേനയും ഒരുമിച്ച് പോരാടാകുയായിരുന്നു.

ഇപ്പോള്‍ അമേരിക്ക അഫ്ഗാനില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യും. ഇതിന് പിന്നാലെ അഫ്ഗാന്‍ ജനതയും ലോകരാഷ്ട്രങ്ങളും ആശങ്കയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

അമേരിക്കന്‍, നാറ്റോ സൈനികര്‍ പിന്മാറിക്കഴിഞ്ഞാല്‍ നിലവിലെ അഫ്ഗാന്‍ സര്‍ക്കാരിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ? അഫ്ഗാന്‍ മുഴുവന്‍ താലിബാന്‍ പിടിച്ചടക്കുമോ?

ചില മനുഷ്യാവകാശങ്ങളെങ്കിലും സംരക്ഷിക്കപ്പെടുന്ന ഭരണഘടന കൂടി മാറ്റി പുതിയ കര്‍ശന നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കുമോ? അഫ്ഗാന്റെ ഭരണകൂടമായി താലിബാന്‍ എത്തിയാല്‍ ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളെ ഇതെങ്ങനെ ബാധിക്കും?

താലിബാനോട് പിടിച്ചു നില്‍ക്കാനായി അഫ്ഗാന്‍ സര്‍ക്കാര്‍ ജനങ്ങളെ സായുധരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയായാല്‍ താലിബാനും അഫ്ഗാന്‍ സേനയും ജനങ്ങളും പരസ്പരം വെടിവെച്ചും ബോംബെറിഞ്ഞും രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നും ആശങ്കയുണ്ട്. അത് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

സമാധാന ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന ആക്രമണങ്ങളില്‍ പെട്ട് 1800 അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 30 ശതമാനത്തിന്റെ വര്‍ധനവാണിത്. ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും താലിബാന്‍ കൊന്നൊടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ഘട്ടത്തില്‍ അമേരിക്ക കൂടി ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവന്ന താലിബാന്‍ പിന്നെ എങ്ങനെയാണ് അമേരിക്കയ്ക്കും അഫ്ഗാനും ലോകത്തിനും തന്നെ തീരാ തലവേദനയായി തീര്‍ന്നത്? എങ്ങനെയാണ് താലിബാന്‍ എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ തുടക്കവും വളര്‍ച്ചയും ? എങ്ങനെയാണ് ഇവര്‍ ഒരു സമാന്തര സര്‍ക്കാരായി നിലനില്‍ക്കുന്നതും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതും? ഇനിയെങ്ങാനും താലിബാന്‍ അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും അഫ്ഗാനെ കാത്തിരിക്കുന്നത് ?

എണ്‍പതുകളിലാണ് താലിബാന്റെ തുടക്കം. സോവിയറ്റ് യൂണിയന്റെ പിന്തുണയുണ്ടായിരുന്ന അഫ്ഗാനിസ്ഥാനിലെ അന്നത്തെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പോരാടിയിരുന്ന മുജാഹിദ്ദീനികളോട് ചേര്‍ന്ന്, ഏകദേശം ഒന്‍പത് വര്‍ഷത്തോളം താലിബാന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. അതാണ് താലിബാന്റെ തുടക്കമെന്ന് പറയാം.

1990കള്‍, സോവിയറ്റ് യൂണിയന്‍ എന്നൊക്കെ പറഞ്ഞാല്‍ സ്വാഭാവികമായും അവിടെ അമേരിക്ക കടന്നുവരും, അഫ്ഗാനിസ്ഥാനിലും അങ്ങനെ അമേരിക്ക കടന്നുവന്നു. അമേരിക്ക – സോവിയറ്റ് യൂണിയന്‍ ശീതസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായതിനാല്‍ സോവിയറ്റ് യൂണിയനെതിരെ പോരാടുന്ന മുജാഹിദ്ദീന് വേണ്ടി ആയുധങ്ങളും പണവുമെല്ലാം അമേരിക്ക ഒഴുക്കി.

സോവിയറ്റ് യൂണിയന്‍ തകര്‍ച്ചയിലേക്ക് പോകുന്നതിന്റെ കൂടി ഭാഗമായി 1989ല്‍ അവര്‍ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങി. 1992ല്‍ അഫ്ഗാനില്‍ അതിഭീകരമായ ആഭ്യന്തരുയുദ്ധവും നടന്നു. അധികാരം പിടിച്ചെടുക്കാനായി മുജാഹിദ്ദീനുകള്‍ നടത്തിയ യുദ്ധത്തില്‍ കാബൂള്‍ നഗരം ചിന്നഭിന്നമായി. ദിവസവും റോക്കറ്റുകള്‍ നഗരത്തില്‍ വര്‍ഷിച്ചുകൊണ്ടേയിരുന്നു.

അതുവരെ മുന്‍നിരയിലേക്കെത്താതിരുന്ന താലിബാന്‍, ഈ സമയത്താണ്, കൃത്യമായി പറഞ്ഞാല്‍ 1994ലാണ് ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരുന്നത്. അഫ്ഗാനിസ്ഥാനിലെ യഥാസ്ഥിതിക സ്‌കൂളുകളില്‍ പഠിച്ചവരായിരുന്നു താലിബാന്റെ അംഗങ്ങളില്‍ ഭൂരിഭാഗവും. താലിബാന്‍ അഥവാ വിദ്യാര്‍ത്ഥി എന്ന പേര് ഒരു ഭീകരവാദ സംഘടനക്ക് വന്നത് ഇങ്ങനെയായിരിക്കാം.

ഒരു തീവ്രവാദ സംഘടനക്ക് ഇന്ന് കാണുന്ന നിലയില്‍ ഒരു രാജ്യത്ത് വളരാന്‍ സാധിച്ചത് എന്തുകൊണ്ടായിരിക്കാം എന്നത് പരിശോധിച്ചാല്‍ 1994ലെ അഫ്ഗാനിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു അതിനുള്ള പ്രധാന കാരണമെന്ന് വിലയിരുത്തേണ്ടി വരും.

1989ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ആരംഭിച്ച അതിഭീകരമായ ആഭ്യന്തരയുദ്ധത്തില്‍ അധികാരത്തിനായി ആക്രമണം നടത്തുന്ന മുജാഹിദ്ദീനികളെ കൊണ്ട് ജനം പൊറുതിമുട്ടി. അടിസ്ഥാന അവകാശങ്ങള്‍ വരെ ഹനിക്കപ്പെട്ടാണ് ആ ജനത കഴിഞ്ഞത്.

ഇത്തരമൊരു സാഹചര്യത്തില്‍ അഫ്ഗാനിലെ നഗരങ്ങള്‍ സുരക്ഷിതമാക്കുമെന്ന് പറഞ്ഞുകൊണ്ടെത്തിയ താലിബാന്‍ അഫ്ഗാനിലെ പ്രധാന നഗരമായ കാണ്ഡഹാര്‍ മിലിട്ടറി ആക്രമണത്തിലൂടെ പിടിച്ചെടുത്തു. ദിവസേനെയുള്ള യുദ്ധവും ആക്രമണങ്ങളും ഇനിയുണ്ടാവില്ലെന്ന് കരുതിയ ജനത താലിബാനെ ഒരു കണക്കിന് സ്വാഗതം ചെയ്തു.

1996ല്‍ അഫ്ഗാന്റെ അവസാന കമ്യൂണിസ്റ്റ് പ്രസിഡന്റായ നാജിമുള്ള അഹ്മദ്‌സായിയെ താലിബാന്‍ തൂക്കിലേറ്റി. അഫ്ഗാന്‍ ഒരു ഇസ്‌ലാമിക് രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. അന്നും ഇന്നും മൂന്നേ മൂന്ന് രാഷ്ട്രങ്ങളേ താലിബാനെ അഫ്ഗാനിലെ ഭരണനേതൃത്വമായി അംഗീകരിച്ചിട്ടുള്ളു, സൗദി അറേബ്യ, യു.എ.ഇ., പാകിസ്ഥാന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.

തുടക്കത്തില്‍ ആക്രമണങ്ങളൊക്കെ കുറഞ്ഞെന്നും ജീവിതം സാധാരണനിലയിലേക്ക് വന്നെന്നുമുള്ള ചില തോന്നലുകളൊക്കെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അഴിമതിക്കെതിരെ സ്വീകരിച്ച കര്‍ശന നടപടികള്‍ക്കും സ്വീകാര്യത ലഭിച്ചിരുന്നു.

പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറാന്‍ തുടങ്ങി, പിന്നീടങ്ങോട്ട് അഫ്ഗാനിലെ തങ്ങളുടെ മേഖലകളില്‍ ഇസ്‌ലാമിക നിയമങ്ങളുടെ അവരുടേതായ വ്യാഖ്യാനം താലിബാന്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തുടങ്ങി.

കാര്യങ്ങളെല്ലാം നല്ല നിലക്ക് നടക്കാനാണെന്നും പറഞ്ഞ് താല്‍ക്കാലികമായി നടപ്പാക്കിയ ആ നിയമങ്ങളൊന്നും താലിബാന്‍ പിന്‍വലിച്ചതേയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഡോക്ടര്‍മാരല്ലാത്ത ഒരു സ്ത്രീകളെയും ജോലി ചെയ്യാന്‍ അനുവദിച്ചില്ല. നിയമങ്ങള്‍ അനുസരിക്കാത്തവരെ ജയിലിലിടുകയും പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തു.

സംഗീതത്തിനും ടെലിവിഷനും നിരോധനം ഏര്‍പ്പെടുത്തി. പുരുഷന്മാര്‍ക്ക് മാത്രമായി ചുരുങ്ങിയ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വരെ കര്‍ശന നിയന്ത്രണം കൊണ്ടുവന്നു. അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കുമെതിരെ ക്രൂരമായ നടപടികളായിരുന്നു താലിബാന്‍ സ്വീകരിച്ചത്.

1999ല്‍ തന്നെ അല്‍ – ഖയ്ദയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഐക്യരാഷ്ട്ര സഭ താലിബാന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. 2001ല്‍ ബാമിയന്‍ പ്രവിശ്യയിലെ ബുദ്ധ പ്രതിമകള്‍ തകര്‍ക്കാന്‍ തീരുമാനിക്കുന്നതോടെയാണ് ആഗോളതലത്തില്‍ താലിബാനെതിരെ രോഷമുയരുന്നത്.

താലിബാനെതിരെ അമേരിക്ക എത്തുന്നു

താലിബാന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച അമേരിക്ക താലിബാനെതിരെ തിരിയുന്നത് 2001ലാണ്. 2001 ഒക്ടോബര്‍ ഏഴിനാണ് അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പദ്ധതിയിട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് അഭയം കൊടുത്തതായിരുന്നു അമേരിക്കയെ പ്രകോപിപ്പിച്ചത്.

അമേരിക്കയുടെ ബോംബാക്രമണത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ താലിബാന് അധികാരം നഷ്ടപ്പെട്ടു. 2001ല്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അഫ്ഗാനില്‍ അധികാരത്തിലേറി.

2004ല്‍ അഫ്ഗാന്‍ പുതിയ ഭരണഘടന അവതരിപ്പിച്ചു. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ ഔദ്യോഗികമായി തന്നെ അവകാശങ്ങള്‍ നല്‍കിയിരുന്ന 1960കളിലെ ഭരണരീതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭരണഘടനയായിരുന്നു അത്.

പക്ഷെ 2006ല്‍ താലിബാന്‍ മടങ്ങി വരാന്‍ തുടങ്ങി. അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും ഒരു ചേരിയിലും താലിബാന്‍ മറുഭാഗത്തും നിന്നും കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

2001 മുതല്‍ 2021 വരെ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് 40,000 സാധാരണക്കാരാണ്. കുറഞ്ഞത് 64,000 അഫ്ഗാന്‍ സൈനികരും 3,500 വിദേശ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

1 ട്രില്യണ്‍ ഡോളറാണ് യുദ്ധത്തിനും അഫ്ഗാന്റെ പുനരുദ്ധാരണത്തിനുമായി അമേരിക്ക ഇതുവരെ ചെലവഴിച്ചതെന്നാണ് കണക്കുകള്‍. പക്ഷെ ഇന്നും ലോകത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് അഫ്ഗാന്റെ സ്ഥാനം.

താലിബാന്റെ നേതൃത്വവും സാമ്പത്തിക സ്രോതസും

മുല്ല ഹബീബതുള്ളാ അഖുന്‍സദായാണ് നിലവില്‍ താലിബാന്റെ തലവന്‍. മുല്ല യാക്കൂബ്, സിറാജുദ്ദീന്‍ ഹഖാനി, മുല്ല അബ്ദുള്‍ ഘാനി ബരാദര്‍ എന്നിവരാണ് താലിബാന്റെ ഉന്നത നേതൃത്വത്തിലുള്ളത്.

അഫ്ഗാനിലെ 34 പ്രവിശ്യകള്‍ പൂര്‍ണ്ണമായും താലിബാന്റെ കീഴിലാണ്. ഇവിടെ ഒരു സമാന്തര സര്‍ക്കാര്‍ തന്നെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിക് എമിരേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ താലിബാന്റെ മാത്രം അഫ്ഗാനിസ്ഥാന് വെള്ള നിറത്തിലുള്ള ദേശീയ പതാകയുമുണ്ട്.

മുല്ല ഹബീബതുള്ളാ അഖുന്‍സദാ, മുല്ല യാക്കൂബ്, സിറാജുദ്ദീന്‍ ഹഖാനി, മുല്ല അബ്ദുള്‍ ഘാനി ബരാദര്‍

34 പ്രവിശ്യകളിലും ഗവര്‍ണര്‍മാരുണ്ട്. താലിബാന്റെ മേധാവി നയിക്കുന്ന ഒരു കൗണ്‍സിലും സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ കമ്മീഷനുകളുമുണ്ട്. താലിബാന്‍ നയിക്കുന്ന കോടതിയുമുണ്ട്. നികുതി പിരിക്കാനും വിദേശ ഫണ്ട് സ്വീകരിക്കാനും താലിബാന്‍ തങ്ങളുടേതായ ചട്ടക്കൂടുകളും രീതികളും കണ്ടെത്തിയിട്ടുമുണ്ട്.

1.5 ബില്യണ്‍ ഡോളറാണ് താലിബാന്റെ വാര്‍ഷിക വരുമാനമെന്നാണ് താലിബാന്‍ അംഗങ്ങളും യു.എന്‍. കമ്മിറ്റിയും അറിയിച്ചിരിക്കുന്നത്. ലഹരിവസ്തുക്കളുടെ നിര്‍മ്മാണവും വില്‍പനയും, മാഫിയ ഗ്രൂപ്പുകളുമായി പങ്കാളിത്തം, ഖനനം, അസംസ്‌കൃത വസ്തുക്കളുടെ വില്‍പന എന്നിവയാണ് താലിബാന്റെ വരുമാന മാര്‍ഗങ്ങളെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇങ്ങനെയാണ് താലിബാന്‍ നിലനില്‍ക്കുന്നതെന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

2011ല്‍ ബരാക് ഒബാമ അധികാരത്തിലുണ്ടായിരുന്ന സമയത്താണ് താലിബാനുമായി ചില ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്ക തയ്യാറാകുന്നത്. ഖത്തറായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് വേദിയായിരുന്നത്. അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ വഴിയൊരുക്കുക എന്നതായിരുന്നു അമേരിക്കയുടെ ആദ്യ ലക്ഷ്യമെങ്കിലും 2018ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താലിബാന്‍ പ്രതിനിധികളുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പങ്കാളികളായിരുന്നില്ല.

2020 ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും തമ്മില്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. 14 മാസത്തിനുള്ളില്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്നായിരുന്നു ഈ ഉടമ്പടി. ജോ ബൈഡന്‍ അധികാരത്തിലേറിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 11ഓടെ പിന്‍വലിക്കല്‍ നടപടികള്‍ പൂര്‍ണ്ണമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ നടപടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അഫ്ഗാന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിതത്വമാണ് തുടരുന്നത്.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.