| Wednesday, 11th February 2026, 2:03 pm

ഒറ്റ ഓവറില്‍ ആറ് സിക്‌സറടിച്ച യുവരാജും വീണു, ഇനി മുമ്പില്‍ ഗെയ്ല്‍ മാത്രം; വെടിക്കെട്ടുമായി ഗുര്‍ബാസ്

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.

വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെയും റിയാന്‍ റിക്കല്‍ടണിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോറിലെത്തിയത്.

റിക്കല്‍ടണ്‍ 28 പന്തില്‍ നിന്നും 61 റണ്‍സ് അടിച്ചെടുത്തു. നാല് സിക്‌സറും അഞ്ച് ഫോറും അടക്കം 217.86 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

മൂന്ന് സിക്‌സറും അഞ്ച് ഫോറും അടക്കം 41 പന്തില്‍ 59 റണ്‍സ് നേടിയാണ് ഡി കോക്ക് പുറത്തായത്. 23 റണ്‍സടിച്ച ഡെവാള്‍ഡ് ബ്രെവിസിന്റെയും പുറത്താകാതെ 20 റണ്‍സ് നേടിയ ഡേവിഡ് മില്ലറിന്റെയും ഇന്നിങ്‌സുകളും ടീമിന് തുണയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക 187ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കരുത്തില്‍ വിജയലക്ഷ്യം പിന്തുടരുകയാണ്. 42 പന്ത് നേരിട്ട താരം 84 റണ്‍സ് നേടി മടങ്ങി. ഏഴ് സിക്‌സറും നാല് ഫോറും അടക്കം 200.00 സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു നേട്ടത്തിലും ഗുര്‍ബാസെത്തി. ഏറ്റവുമധികം ടി-20 വേള്‍ഡ് കപ്പ് ഇന്നിങ്‌സുകളില്‍ നാലോ അതിലധികമോ സിക്‌സറുകള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കാണ് ഗുര്‍ബാസ് കാലെടുത്ത് വെച്ചത്. നിലവില്‍ അഞ്ച് ടി-20 വേള്‍ഡ് കപ്പ് ഇന്നിങ്‌സുകളിലാണ് ഗുര്‍ബാസ് നാലോ അതിലധികമോ സിക്‌സറുകള്‍ നേടിയത്.

നാല് തവണ ഈ നേട്ടത്തിലെത്തിയ ഇതിഹാസ താരം യുവരാജ് സിങ്ങിനെ മറികടന്നുകൊണ്ടാണ് ഗുര്‍ബാസിന്റെ നേട്ടം.

ഈ റെക്കോഡില്‍ സാക്ഷാല്‍ ക്രിസ് ഗെയ്ല്‍ മാത്രമാണ് ഗുര്‍ബാസിന് മുമ്പിലുള്ളത്. ഏഴ് ടി-20 ലോകകപ്പ് ഇന്നിങ്‌സുകളില്‍ യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റ് നാലോ അതിലധികമോ തവണ പന്ത് ഗ്യാലറിയിലെത്തിച്ചിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍

അതേസമയം, നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് അഫ്ഗാനിസ്ഥാന്‍. മൂന്ന് പന്തില്‍ റണ്‍സൊന്നുമെടുക്കാതെ അസ്മത്തുള്ള ഒമര്‍സായിയും ഡാര്‍വിഷ് റസൂലിക്ക് പകരമെത്തിയ മുഹമ്മദ് നബിയുമാണ് ക്രീസില്‍.

Content Highlight: T20 World Cup: Rahmanullah Gurbaz surpasses Yuvraj Singh in most T20WC innings with 4+ sixes

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more