| Friday, 13th February 2026, 6:56 pm

രണ്ട് കിരീടം ചൂടിയ ഇന്ത്യയ്ക്ക് ഇതുവരെ സാധിക്കാത്തത് ചരിത്രവിജയത്തില്‍ സ്വന്തം; ഫോഴ്‌സാ ഇറ്റാലിയ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത് ഇറ്റലി വിജയം സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ അസൂറികളുടെ ആദ്യ വിജയം കൂടിയാണ് വാംഖഡെ സ്റ്റേഡിയത്തില്‍ കുറിക്കപ്പെട്ടത്.

നേപ്പാള്‍ ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 44 പന്ത് ശേഷിക്കെ ഇറ്റലി മറികടക്കുകയായിരുന്നു. ആന്തണി മോസ്‌കയുടെയും ജസ്റ്റിന്‍ മോസ്‌കയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇറ്റലി വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ഒരു എലീറ്റ് ലിസ്റ്റിലും ഇറ്റലി ഇടം നേടി. ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിലാണ് ഇറ്റലി തങ്ങളുടെ പേരും എഴുതിച്ചേര്‍ത്തത്.

2007 മുതല്‍ ഇതുവരെ ഏഴ് ടീമുകള്‍, എട്ട് തവണയാണ് ഇത്തരത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ പത്ത് വിക്കറ്റിന്റെ വിജയം നേടിയ ടീമുകള്‍

(ടീം – എതിരാളികള്‍ – ലക്ഷ്യം – വര്‍ഷം എന്നീ ക്രമത്തില്‍)

ഓസ്ട്രേലിയ – ശ്രീലങ്ക – 102 – 2007

സൗത്ത് ആഫ്രിക്ക – സിംബാബ്‌വേ – 94 – 2012

ഒമാന്‍ – പപ്പുവ ന്യൂ ഗിനി – 130 – 2021

പാകിസ്ഥാന്‍ – ഇന്ത്യ – 152 – 2021

ഇംഗ്ലണ്ട് – ഇന്ത്യ – 169 – 2022

ഇംഗ്ലണ്ട് – യു.എസ്.എ – 116 – 2024

ന്യൂസിലാന്‍ഡ് – യു.എ.ഇ – 174 – 2026

ഇറ്റലി – നേപ്പാള്‍ – 124 – 2026*

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച നേപ്പാളിന് ലോകകപ്പിലെ കന്നിക്കാരായ ഇറ്റലി ഒരു ഇരയേ ആയിരിക്കില്ല എന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ ക്രിക്കറ്റ് ദൈവങ്ങളുടെ പദ്ധതി മറ്റൊന്നായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത പോരാട്ടവീര്യമുണ്ടായിരുന്നില്ല. 24 പന്തില്‍ 27 റണ്‍സ് നേടിയ ആരിഫ് ഷെയ്‌റാണ് ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍ 14 പന്തില്‍ 23 റണ്‍സും ആസിഫ് ഷെയ്ഖ് 20 പന്തില്‍ 20 റണ്‍സുംെ നേടി.

മൂന്ന് വിക്കറ്റുമായി തിളങ്ങിയ ക്രിഷാന്‍ കലുഗമാഗെയാണ് നേപ്പാളിനെ പിടിച്ചുകുലുക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിയെ ഓപ്പണര്‍മാര്‍ ചേര്‍ന്ന് തങ്ങളുടെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആന്തണി മോസ്‌ക 32 പന്തില്‍ പുറത്താകാതെ 62 റണ്‍സും ജസ്റ്റിന്‍ മോസ്‌ക 44 പന്തില്‍ പുറത്താകാതെ 60 റണ്‍സും സ്വന്തമാക്കി.

ഈ വിജയത്തോടെ ഗ്രൂപ്പ് സി-യില്‍ ഇംഗ്ലണ്ടിനെയും മറികടന്ന് മൂന്നാം സ്ഥാനത്താണ് ഇറ്റലി.

ഫെബ്രുവരി 16നാണ് ഇറ്റലിയുടെ അടുത്ത മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content Highlight: T20 World Cup: Italy defeated Nepal by 10 wickets

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more