| Monday, 30th June 2025, 1:59 pm

ജോക്കറിലെ കഥാപാത്രം ഒരുപാട് സന്തോഷം തന്നു; എന്നാല്‍ അക്കാര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിഷമം തോന്നും: ടി. എസ്. രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത ജോക്കര്‍ എന്ന സിനിമയിലെ സര്‍ക്കസ് കമ്പനി ഉടമ ഗോവിന്ദന്‍ എന്ന ഒറ്റ കഥാപാത്രം മതി സിനിമാപ്രേമികള്‍ക്ക് ടി.എസ്. രാജുവിനെ ഓര്‍ക്കാന്‍. ചെറിയ വേഷം ആണെങ്കിലും ആ കഥാപാത്രം എല്ലാവരും ശ്രദ്ധിച്ചു. പിന്നീട് സിനിമകളിലും സീരിയലുകളിലുമായി അഭിനയജീവിതം തുടര്‍ന്നു. ഇപ്പോള്‍ ജോക്കര്‍ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് രാജു.

നാടകം പൂര്‍ണമായും വിട്ട സമയത്താണ് ജോക്കറിലേക്ക് വിളിക്കുന്നതെന്നും താന്‍ ഡയലോഗ് പറഞ്ഞപ്പോള്‍ ലോഹിതദാസ് ഹാപ്പിയായെന്നും രാജു പറയുന്നു. ആ കഥാപാത്രം തനിക്കൊരുപാട് സന്തോഷം തന്നുവെന്നും ജോക്കറിന് ശേഷവും പല അവസരങ്ങളും വന്നെങ്കിലും എല്ലാം മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ജോക്കറിനെപ്പറ്റി വന്ന വാര്‍ത്തകളിലൊന്നും തന്റെ പേരോ ഫോട്ടോയോ ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാടകം പൂര്‍ണമായും വിട്ട സമയത്താണ് ‘ജോക്കറി’ലേക്ക് വിളിക്കുന്ന ഞാന്‍ സെറ്റിലെത്തി ലോഹിക്കരികില്‍ ചെന്നു. അദ്ദേഹം എന്നെ ഒന്ന് നോക്ക് ഞാന്‍ പേരുപറഞ്ഞ് പരിചയപ്പെടുത്തി ‘ഹാ, ഇരിക്ക് ചേട്ടാ. ഒരു സീന്‍ പ്ലാന്‍ ചെയ്തോണ്ടിരിക്കുകയാണ്’ അതും പറഞ്ഞ് അങ്ങേര് എഴുന്നേറ്റുപോയി.

ഒടുവില്‍ എനിക്ക് ഒരു സീന്‍ തന്നു. കുറേ ഡയലോഗുകളുണ്ട്. പ്രോബ്ലംസ്, പ്രോബ്ലംസ് എവരിവേര്‍ പ്രോബ്ലംസ് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. ഞാനത് എന്റേതായ രീതിയിലാക്കി.

ഊഴം കാത്ത് രാത്രി എട്ടര വരെ ഇരുന്നിട്ടും ഒരാളും എന്റെടുത്തേക്ക് വന്നില്ല. എനിക്ക് ദേഷ്യം വന്നു. ഞാന്‍ ചൂടായി. എന്നെ ബ്ലെസിയുടെ മുറിയിലേക്കും പിന്നീട് ലോഹിതദാസിനെ മുറിയിലേക്കും കൊണ്ടുപോയി ഞാന്‍ പറഞ്ഞു. ‘ഞാനിതൊന്ന് ചെയ്തുകാണിക്കാം. നന്നായെങ്കില്‍ എടുക്കൂ. ഇല്ലെങ്കില്‍ വേണ്ടെന്നുവെക്ക്’ എന്നും പറഞ്ഞ് ഞാന്‍ ഡയലോഗ് പറഞ്ഞു. അത് പറയുമ്പോള്‍ കണ്ണ് നിറയുന്നുണ്ട്. പക്ഷേ, ചിരിക്കണം. അങ്ങനെ അഭിനയിച്ച് കാണിച്ചു. ലോഹി ഹാപ്പിയായി.

‘ഇതാണ് ഞാന്‍ ഉദ്ദേശിച്ച സാധനം ബ്ലെസി രാവിലെ ആറ് മണിക്ക് റെഡിയായിക്കോ. ഷൂട്ട് തുടങ്ങാം’ എന്ന് അദ്ദേഹം പറഞ്ഞു. അതാണ് ജോക്കറിലെ സര്‍ക്കസ് കമ്പനി ഉടമ ഗോവിന്ദന്‍. ആ കഥാപാത്രം എനിക്കൊരുപാട് സന്തോഷം തന്നു.

ജോക്കറിന് ശേഷവും പല അവസരങ്ങളും വന്നിരുന്നു. ഡേറ്റും ഫിക്സ് ചെയ്തു. പക്ഷേ, അവസാനം മാറ്റിക്കളയും. എനിക്കെതിരെ പലരും കളിച്ചു. ജോക്കര്‍ സിനിമയെ പറ്റി വന്ന വാര്‍ത്തകളിലൊന്നും എന്റെ പേരോ ഫോട്ടോയോ ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും വിഷമമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു,’ രാജു പറയുന്നു.

Content Highlight: T.S raju Talking about Joker Film

We use cookies to give you the best possible experience. Learn more