ക്രിമിനലുകള്‍ക്ക് ജാതിയും മതവും പേരും സ്ഥലവും ഒന്നും ബാധകമല്ല
DISCOURSE
ക്രിമിനലുകള്‍ക്ക് ജാതിയും മതവും പേരും സ്ഥലവും ഒന്നും ബാധകമല്ല
എസ്.ലല്ലു
Sunday, 30th July 2023, 11:45 am

ദാരുണമായ ഒരു സംഭവമുണ്ടായി. പ്രതി ഒരന്യ സംസ്ഥാന തൊഴിലാളി. വാര്‍ത്ത കാണുകയും അറിയുകയും ചെയ്ത മനുഷ്യരെല്ലാം തരിച്ചിരിക്കുകയും സങ്കടപ്പെടുകയും ചെയ്യുമ്പോള്‍ ഫേസ്ബുക്കില്‍ ചില ജീവികള്‍ തരിപ്പ് തീര്‍ത്ത് ആനന്ദം കണ്ടെത്തുകയാണ്. പ്രതിയുടെ പേരും മതവും പ്രശ്‌നമാണെന്ന് കുറേപ്പേര്‍ അയാള്‍ ബംഗ്ലാദേശില്‍ നിന്ന് ഒളിച്ച് വന്നവനാണെന്ന് ഉറപ്പിക്കുന്ന വേറെ കുറേപ്പേര്‍. അന്യ സംസ്ഥാനത്തൊഴിലാളികളെ കണ്ടാല്‍ ആട്ടിയോടിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍.

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി

ലക്ഷക്കക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ നമ്മുടെ നാട്ടിലുണ്ട് അതില്‍ നല്ലയാളുകളും മോശം ആളുകളും കാണും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എല്ലായിടത്തുമുണ്ട്. അതുകൊണ്ട് അവരെ മൊത്തം ഇവിടുന്ന് ഓടിക്കണോ? ക്രിമിനല്‍ കേസില്‍ പ്രതികളാകുന്ന ആളുകളില്‍ നിങ്ങള്‍ കുറ്റപ്പെടുത്തുന്ന ഈ മതസ്ഥര്‍ മാത്രമേ ഉള്ളോ? അഞ്ച് വയസുകാരിയെ ഈ വിധം കൊന്നത് അന്യ സംസ്ഥാന തൊഴിലാളി ആണെങ്കില്‍ ഇന്ന് കൊച്ചിയില്‍ തന്നെ 90 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് പച്ച മലയാളിയാണ്. ക്രിമിനലുകള്‍ക്ക് ജാതിയും മതവും പേരും സ്ഥലവും ഒന്നും ബാധകമല്ല സാര്‍.

നാട്ടില്‍ സകല പണികളും ചെയ്യാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വേണം.. കെട്ടിടം പണിയാനും, റോഡ് പണിയാനും, തെങ്ങില്‍ കയറാനും എന്തിന് പൊറോട്ടയടിക്കാന്‍ വരെ അവരാണിപ്പോള്‍. അവര്‍ക്ക് ഇതിനും വേണ്ടി തൊഴിലവസരങ്ങള്‍ എങ്ങനെ കിട്ടുന്നു എന്ന് കൂടി ആലോചിക്കണം.

പിന്നെ അതിഥിതൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നവര്‍ക്ക്.
ഏത് കൊമ്പത്തെ ജോലിയായാലും സാലേ മദ്രാസീ എന്ന വിളിയും വിശേഷണവും കേള്‍ക്കുന്നതിനേക്കാള്‍ ബെറ്ററാണ്.

Content Highlight: Journalist S Lallu”s Write up on Aluva’s five year old girl death

എസ്.ലല്ലു
മാധ്യമപ്രവർത്തകൻ