| Tuesday, 25th July 2023, 8:38 am

'മുൻപുണ്ടായിരുന്ന സൗഹൃദത്തിന് എന്തെങ്കിലും കോട്ടം തട്ടിയെന്ന് മമ്മൂട്ടിക്ക് തോന്നിയതുകൊണ്ടാകാം അങ്ങനെ ചോദിച്ചത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെപ്പറ്റി സംസാരിക്കുകയാണ് നടൻ ടി.ജി രവി. മമ്മൂട്ടി കരിയറിൽ വളർന്നപ്പോൾ താൻ അദ്ദേഹത്തെ ‘നിങ്ങൾ’ എന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് വിളിച്ചപ്പോൾ അതിൽ അല്പം ഔപചാരികത ഉണ്ടായതായി മമ്മൂട്ടിക്ക് തോന്നിയെന്ന് ടി.ജി രവി പറഞ്ഞു.

പണ്ടുമുതലേ നല്ല സൗഹൃദത്തിൽ വളർന്ന ആളുകൾക്കിടയിലെ ബന്ധത്തിന് എന്തെങ്കിലും കോട്ടം തട്ടിയതായി മമ്മൂട്ടിക്ക് തോന്നിക്കാണുമെന്നും പഴയ പോലെ തന്നോട് സംസാരിച്ചുകൂടേയെന്ന് മമ്മൂട്ടി ചോദിച്ചെന്നും ടി.ജി. രവി പറഞ്ഞു. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ മമ്മൂട്ടിയെ നിങ്ങൾ എന്ന് അഭിസംബോധന ചെയ്തു. ഞാനും മമ്മൂട്ടിയും, ലാലും, രതീഷും ഒക്കെ ഒരു റൂമിൽ ഒരുമിച്ചു കിടന്നുറങ്ങിയിട്ടുള്ളവരാണ്. ഇപ്പോഴും അതെ സൗഹൃദം ആണല്ലോ വേണ്ടത്.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്നോട് ഒന്ന് വരാൻ പറഞ്ഞ് മമ്മൂട്ടി കാരവാനിലേക്ക് വിളിപ്പിച്ചു. ഞാൻ ചെന്നു. ഞാൻ നിങ്ങൾ എന്ന് വിളിച്ചപ്പോൾ അദ്ദേഹത്തിന് എന്തോ വിഷമം ഉണ്ടാക്കി. അദ്ദേഹം അതിനെപ്പറ്റി എന്നോട് ചോദിച്ചു. പഴയപോലെ വിളിച്ചൂടെയെന്ന്.

ഞാൻ പണ്ട് സിനിമയിൽ നിന്നും കുറച്ചു കാലം മാറി നിന്നിരുന്നു. തിരിച്ചുവന്നപ്പോൾ മമ്മൂക്ക നിൽക്കുന്ന ലെവൽ കുറച്ച് വേറെയാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ താൻ, എഡോ എന്നൊക്കെ വിളിക്കാൻ എനിക്കൊരു ബുദ്ധിമുട്ട് തോന്നി. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.

അതിനു ശേഷം മറ്റൊരു കോമഡി ഉണ്ടായി. ഇത്രയും സീനിയർ ആയ ഒരാളെ അങ്ങോട്ട് കാരവാനിലേക്ക് വിളിപ്പിക്കാൻ ഇവനാരാ എന്ന് മറ്റൊരുത്തൻ. മമ്മൂട്ടി എന്നെ ഏറ്റവും സ്നേഹത്തോടെയാണ് അങ്ങോട്ട് വിളിപ്പിച്ചത്. എന്തിനാണ് മറ്റുള്ളവർ അങ്ങനെയൊക്കെ പറയുന്നത്.

എനിക്ക് തോന്നുന്നത് മുൻപുണ്ടായിരുന്ന സൗഹൃദത്തിൽ എന്തെങ്കിലും ഒരു കോട്ടം തട്ടിയതായി മമ്മൂട്ടിക്ക് തോന്നിക്കാണും. അതുകൊണ്ടാവും ഞാൻ, ‘നിങ്ങൾ’ എന്നൊക്കെ വിളിച്ചതെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിക്കാണും. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ സൗഹൃദത്തിൽ കുറച്ചുകൂടി ബലം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ ടി.ജി.രവി പറഞ്ഞു.

ഭഗവാൻ ദാസന്റെ രാമരാജ്യം ആണ് ടി.ജി രവിയുടെ പുതിയ ചിത്രം. സിനിമ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്. റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അക്ഷയ് രാധാകൃഷ്ണൻ, ഇർഷാദ് അലി, പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, നന്ദന രാജൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

Content Highlights: T.G Ravi on Mammootty

Latest Stories

We use cookies to give you the best possible experience. Learn more