| Wednesday, 8th October 2025, 9:14 pm

ബി.ആര്‍. ഗവായ്‌യുടെ മുഖത്ത് തുപ്പിയാല്‍ ആറ് മാസം തടവ് കിട്ടുമായിരിക്കും; ആക്രമണത്തിന് ആഹ്വാനം ചെയ്ത് ടി.ജി മോഹന്‍ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്ക്ക് എതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. ഒരാഴ്ച മുമ്പാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത് മോഹന്‍ദാസ് യൂട്യൂബ് ചാനലായ പത്രികയിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഭിഭാഷകനായ രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതോടെ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാകുകയാണ്.

ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് തള്ളിയ ബി.ആര്‍ ഗവായ്‌യുടെ തീരുമാനത്തിനെതിരെ ഹിന്ദുക്കള്‍ പ്രതികരിച്ചില്ലെന്നാണ് മോഹന്‍ദാസ് പറയുന്നത്.
ബി.ആര്‍ ഗവായ് സുപ്രീംകോടതിയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ഒരാള്‍ മുഖത്ത് തുപ്പിയാല്‍ അയാള്‍ക്ക് കൂടിപ്പോയാല്‍ ആറ് മാസം തടവ് ശിക്ഷ ലഭിക്കുമായിരിക്കും.

എന്നിട്ടും എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറാകുന്നില്ല. അങ്ങനെയല്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെ വാഹനം നാല് പേര്‍ ചേര്‍ന്ന് തടയണം. കൂടിപ്പോയാല്‍ വൈകുന്നേരം വരെ പൊലീസ് സ്റ്റേഷനില്‍ പിടിച്ച് നിര്‍ത്തുമായിരിക്കും. എന്തുകൊണ്ട് ഒരു ഹിന്ദു അതിന് തയ്യാറാകുന്നില്ലെന്നാണ് മോഹന്‍ദാസ് ‘ഗവായ്ക്ക് ദൈവം കൊടുത്തു’, ‘ഹിന്ദു എന്ത് ചെയ്യും’ എന്നും തലക്കെട്ട് നല്‍കിയിരിക്കുന്ന സെപ്റ്റംബര്‍ 30 ന് പുറത്തെത്തിയ മോഹന്‍ദാസിന്റെ വീഡിയോയില്‍ പറയുന്നു.

ഖജുരാഹോ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ തകര്‍ന്ന തല പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ ഗവായ് ആര്‍ക്കിയോളജി വകുപ്പാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ദൈവത്തോട് തന്നെ നേരിട്ട് പറയൂ, തല പുനസ്ഥാപിക്കപ്പെട്ടേക്കും എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ താന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നയാളാണ് താന്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

ഈ വാക്കുകളെ വിമര്‍ശിച്ച മോഹന്‍ദാസ്, ഗവായ് ബഹുമാനിച്ചില്ലെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരു ചുക്കുമില്ല എന്നാണ് പരിഹസിച്ചത്. നിങ്ങളുടെ ബഹുമാനവും തേങ്ങയും വേണ്ട മിസ്റ്റര്‍ ഗവായ്. നിങ്ങള്‍ ആരാണെന്നാണ് സ്വയം വിശ്വസിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയപ്പോഴേക്കും ലോകം ഭരിക്കുന്നത് നിങ്ങളാണെന്ന് തോന്നി തുടങ്ങിയോയെന്നും മോഹന്‍ദാസ് ചോദിക്കുന്നു.

സുപ്രീംകോടതി മുറിക്കുള്ളില്‍ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തെ ഇന്ത്യന്‍ ജനത അപലപിക്കുന്നതിനിടെയാണ് മോഹന്‍ദാസിന്റെ വീഡിയോ ചര്‍ച്ചയാകുന്നത്. ചീഫ് ജസ്റ്റിസിന് അബദ്ധം പിണഞ്ഞതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ടി.ജി മോഹന്‍ദാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, തിങ്കളാഴ്ചയാണ് കോടതിയില്‍ വാദം കേള്‍ക്കുകയായിരുന്ന ചീഫ് ജസ്റ്റിസിന് നേരെ ഡയസിനരികിലേക്ക് പാഞ്ഞെത്തിയ അഭിഭാഷകനായ രാകേഷ് കിഷോര്‍ കാലില്‍ കിടന്നിരുന്ന ഷൂ ഊരി എറിഞ്ഞത്. ഷൂ അദ്ദേഹത്തിന്റെ ദേഹത്ത് പതിക്കാതെ തലയ്ക്ക് അരികിലൂടെ പറന്നുപോവുകയായിരുന്നു. ഉടനെ തന്നെ കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് രാകോഷ് കിഷോറിനെ കോടതി മുറിയില്‍ നിന്നും പുറത്താക്കി. സനാതന ധര്‍മത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് ഇയാള്‍ വിളിച്ചുകൂവിയതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഈ അതിക്രമശ്രമത്തിനെതിരെ കേസെടുക്കേണ്ടതില്ല എന്ന നിലപാടാണ് ബി.ആര്‍ ഗവായ് സ്വീകരിച്ചത്. ഇതുകൊണ്ടൊന്നും തന്റെ ശ്രദ്ധതിരിക്കാനാകില്ലെന്നാണ് അദ്ദേഹം ആക്രമണത്തിന് തൊട്ടുപിന്നാലെ പറഞ്ഞത്. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ അപലപിച്ചിരുന്നു.

സംഭവത്തില്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു. രാകേഷ് കിഷോറിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് ബി.സി.ഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര വിമര്‍ശിച്ചിരുന്നു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ രാകേഷ് കിഷോറിനെതിരെ കേസെടുക്കാത്തത് കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും മതപരമായ പക്ഷപാതിത്വമാണെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു. രാകേഷ് കിഷോര്‍ എന്ന പേരിന് പകരം ആസാദ് എന്നായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

പൊലീസും ബി.ജെ.പിയും എന്ത് ചെയ്യുമായിരുന്നു. അയാളെ ഉടനെ പിടികൂടും, പിന്നെ അയല്‍രാജ്യവുമായുള്ള ബന്ധം, ഐ.എസ്.ഐ ബന്ധം ഒക്കെയാവും ചര്‍ച്ച. മോദീ, ഇതിനൊക്കെ നിങ്ങളുടെ സര്‍ക്കാരല്ലേ ഉത്തരവാദിയെന്ന് ഒവൈസി ചോദ്യം ചെയ്തിരുന്നു. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ മുറിയില്‍ കയറി ഇന്ത്യയിലെ രണ്ടാമത്തെ ദളിത് ചീഫ് ജസ്റ്റിസിന് നേരെ ഷൂ ഉയര്‍ത്താന്‍ ഈ വ്യക്തിക്ക് എങ്ങനെ ധൈര്യം വന്നെന്ന് മോദിയോട് ചോദിക്കണം. മോഹന്‍ ഭാഗവതിനോടും നിതീഷ് കുമാറിനോടും ചോദിക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടിരുന്നു.

Content Highlight: Spitting on B.R. Gavai’s face would have cost him six months in jail; why wouldn’t a Hindu be willing to do it? T.G. Mohandas calls for attack

We use cookies to give you the best possible experience. Learn more