കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും വിലയിരുത്താനും സംവദിക്കാനും സാമാന്യത്തില്‍ കവിഞ്ഞ ശേഷിയുണ്ടെങ്കിലും വി.എസ്. അച്യുതാനന്ദനെ പോലെ ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും ബഹുജന പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരവീര്യം വര്‍ധിപ്പിക്കാനുമുള്ള കാര്യമായ നീക്കങ്ങളൊന്നും സതീശന്റെ ഭാഗത്തുനിന്നുണ്ടായില്ല.
എങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന ഈ അഞ്ച് വര്‍ഷവും എല്‍.ഡി.എഫ് സര്‍ക്കാരിനെ പുകമറയില്‍ നിര്‍ത്താനും വിവാദങ്ങള്‍ കത്തിച്ചു നിര്‍ത്താനും ടീം യു.ഡി.എഫ് എന്ന മുന്നണിബന്ധം ഊട്ടിയുറപ്പിക്കാനും എല്ലാത്തിനുമുപരി പിണറായി (സി.പി.ഐ.എം) വിരുദ്ധതയുടെ ഒരു സാംസ്‌കാരിക മണ്ഡലം സജീവമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. | ടി അനീഷ് എഴുതുന്നു
സംസ്ഥാന കോണ്‍ഗ്രസിന്റെ ഉള്‍പ്പാര്‍ട്ടി ബലാബലം ചരിത്രപരമായി നിര്‍വഹിച്ചു പോന്ന പരമ്പരാഗത വിഭാഗീയതയെ, പരസ്യമായും തന്ത്രപരമായും നിരസിച്ചുകൊണ്ടാണ് തന്റെ രാഷ്ട്രീയ സ്വത്വത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പുനര്‍നിര്‍വചിക്കുന്നത്.
സതീശന്റെ ആദ്യകാല രാഷ്ട്രീയവളര്‍ച്ചയ്ക്ക് കരുണാകര പക്ഷമായ, പില്‍ക്കാലത്ത് രമേശ് ചെന്നിത്തല നയിക്കുന്നഐ ഗ്രൂപ്പിന്റെ പ്രതിനിധി എന്ന നില നിര്‍ണായകമായിരുന്നു.മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍മാനായിരുന്ന കാലയളവും 2001ല്‍ നിയമസഭയിലേക്കുള്ള ആദ്യ പ്രവേശനവും ഉള്‍പ്പെടെ സതീശന്റെ ആദ്യകാല കരിയറിന് ഈ ഗ്രൂപ്പുമായുള്ള ബന്ധമാണ് ഹേതുവായത്.
വി.ഡി. സതീശന്‍
കെ.എസ്.യുവിന്റെ സംസ്ഥാനതല ഭാരവാഹിത്വം വഹിക്കാതെ തന്നെ, എന്‍.എസ്.യു.ഐയുടെ നേതൃനിരയിലെത്താനായ അസ്വാഭാവിക വളര്‍ച്ചയുണ്ട് ആ ചരിത്രത്തിന്. ഹൈക്കമാന്‍ഡിലെ അക്കാലത്തെ ചെന്നിത്തലയുടെ സ്വാധീനമാണ് ഇതിനു കാരണമായത്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാനതല നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല!
യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്ന സതീശന്‍ ചില ബിസിനസ് സംരംഭങ്ങള്‍ തുടങ്ങി. പിന്നീട് അതൊക്കെ ഉപേക്ഷിച്ച് എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
ജോസഫ് വാഴക്കനുമായുള്ള പരിചയമാണ് സതീശനെ രമേശ് ചെന്നിത്തലയിലേക്കെത്തിക്കുന്നതും ഐ ഗ്രൂപ്പിന്റെ പ്രാദേശിക നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ സജീവമാകാന്‍ സഹായിക്കുന്നതും.
രമേശ് ചെന്നിത്തലയ്‌ക്കൊപ്പം
ഈ ഘട്ടത്തിലാണ് 1996ല്‍ കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പരമ്പരാഗത സി.പി.ഐ മണ്ഡലമായ പറവൂരില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനുമായുള്ള ബന്ധം സതീശനെ തുണച്ചു. ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥി പി. രാജുവിനോട് സതീശന്‍ 1116 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സംസ്ഥാനത്ത് രൂപം കൊള്ളുകയും ചെയ്തു.
കടുത്ത മത്സരത്തില്‍ തുച്ഛമായ വോട്ടുകള്‍ക്ക് അടിയറവ് പറയേണ്ടി വന്ന സതീശന്‍ വടക്കന്‍ പറവൂരിലേക്ക് താമസം മാറ്റി നിയമസഭാണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുമാരംഭിച്ചു. ആദ്യം മത്സരിക്കാന്‍ എത്തുമ്പോള്‍ ഉണ്ടായിരുന്ന ‘പുറംനാട്ടുകാരന്‍’ എന്ന ടാഗ് ആണ് ആദ്യം നിര്‍വീര്യമാക്കിയത്. ‘ഭാവി എം.എല്‍.എ.’ എന്ന നിലയിലായിരുന്നു തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
ഇവിടം തൊട്ട് തന്നെ സതീശനിലെ, വിജയത്തിന് വേണ്ടി വെല്ലുവിളി നേരിടാനും, തിരിച്ചടിയായേക്കാവുന്ന ഏതു സന്ദര്‍ഭങ്ങളെയും അനുകൂലമാക്കാനുമുള്ള മനോഭാവം പ്രകടമാകുന്നത് കാണാം.
പ്രതിപക്ഷ നേതാവായതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉത്തരവാദിത്തം തന്നിലേക്ക് ചുരുക്കി കളം പിടിച്ചെടുക്കുന്ന ഒരു ‘റിസ്‌ക് പാറ്റേണ്‍’ അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം നല്‍കാനായില്ലെങ്കില്‍ ‘രാഷ്ട്രീയ വനവാസം’ സ്വീകരിക്കുമെന്ന നിലപാടും അതിന്റെ വിശദീകരണവും.
ഏറ്റവും റിസ്‌ക് എടുക്കുന്നവനാണ് അതിന്റെ ഫലം അനുഭവിക്കാന്‍ യോഗ്യന്‍ എന്നൊരു ആന്തരിക യുക്തിയാണ് ഈ നിലപാടിലൂടെ സതീശന്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്നത്. വിജയം വരിച്ചാല്‍ അവകാശവാദങ്ങളുമായി വരുന്നവരെ പ്രതിരോധിക്കാനുള്ള ധാര്‍മികതയിലൂന്നിയ ഒരവസരത്തെ സതീശന്‍ ഇവിടെ തുറന്നിടുന്നുണ്ട്.
വി.ഡി. സതീശന്‍
പരമ്പരാഗത രാഷ്ട്രീയ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ തൂങ്ങിനില്‍ക്കാതെ അഭിഭാഷകബുദ്ധിയോടെയും ജനസ്വീകാര്യമായ നിലപാടുകളോടെയും പറവൂരില്‍ വിജയത്തിനുള്ള കളമൊരുക്കുകയായിരുന്നു സതീശന്‍ ഇക്കാലത്ത്. നായനാര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമായ രാഷ്ട്രീയ സാഹചര്യത്തില്‍ നടന്ന 2001ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും സതീശന്‍ ഏറ്റുമുട്ടുന്നത് നിലവിലെ എം.എല്‍.എയോടാണ്.
വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സി.പി.ഐ.എം-ആര്‍.എസ്.എസ് സംഘര്‍ഷം മൂര്‍ച്ഛിച്ച കാലഘട്ടമായിരുന്നു അത്. ഇതിന്റെ പ്രത്യാഘാതമെന്നോണം സി.പി.ഐ.എമ്മിനെതിരെ ബി.ജെ.പി വോട്ടുകള്‍ സംസ്ഥാന വ്യാപകമായി ധ്രുവീകരിക്കപ്പെട്ടു. കല്ലുവാതുക്കല്‍ മദ്യദുരന്തം പോലുള്ള നിരവധി പ്രശ്‌നങ്ങളില്‍ പ്രതിരോധത്തിലായിയിരുന്ന ഇ.കെ. നായനാര്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം കൊടുമ്പിരി കൊണ്ടതും കോണ്‍ഗ്രസ് മുന്നണിക്ക് വിജയം അനായാസമാക്കി.
ഇ.കെ. നായനാര്‍
ഈ രണ്ടു ഘടകങ്ങളും സതീശന്റെ മണ്ഡലം നിറഞ്ഞ പ്രവര്‍ത്തനങ്ങളും കൂടിയായപ്പോള്‍ പറവൂരിലും കാര്യങ്ങള്‍ കൈവെള്ളയിലൊതുങ്ങി. 7434 വോട്ടുകള്‍ക്കാണ് പി. രാജുവിനെ സതീശന്‍ പരാജയപ്പെടുത്തിയത്.
കാര്യങ്ങള്‍ പഠിച്ച് പറയുന്ന, തിരുത്തല്‍ വാദം പോലെയുള്ള ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ സജീവമായ, പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന ഹരിത എം.എല്‍.എ എന്ന ഘടകമാണ് വി.ഡി. സതീശന്റെ കരിയര്‍ ഗ്രാഫിനെ വലിയ അളവില്‍ ഉയര്‍ത്തിയത്. രാഷ്ട്രീയമായി ജനപ്രീതി കുറഞ്ഞ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വക്താവാകാനും അദ്ദേഹത്തിന് മടിയുണ്ടായില്ല.
എറണാകുളം ജില്ലയിലെ ജല സ്വകാര്യവത്കരണത്തിനും തണ്ണീര്‍ത്തടങ്ങളിലെ നിര്‍മിതികള്‍ക്കും എതിരായ സമരങ്ങള്‍ക്ക് പ്രാദേശികമായി അദ്ദേഹം നേതൃത്വം നല്‍കി. ഏന്നാല്‍ അവയെല്ലാം എറണാകുളം ജില്ലയില്‍ ഒതുങ്ങിയുള്ള പ്രവര്‍ത്തനമായിരുന്നു.
പാന്‍ കേരള നേതാവെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ മാത്രമുള്ള പാര്‍ട്ടി, വ്യക്തിബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. പ്രവര്‍ത്തന ശൈലിയിലെ സ്വേച്ഛാധിപത്യ സ്വഭാവം കാരണമാകാം കോണ്‍ഗ്രസില്‍ വലിയ അടുപ്പങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.
എറണാകുളത്തെ ഒരു പ്രാദേശിക നേതാവ്, രമേശ് ചെന്നിത്തലയുടെ ജില്ലയിലെ ഏകോപകന്‍ എന്നീ നിലകളിലായിരുന്നു സതീശന്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിലും നിയമസഭാ സമ്മേളനങ്ങളിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.
നിയമസഭയ്ക്കുള്ളില്‍, സതീശന്റെ പ്രവര്‍ത്തനങ്ങളുടെ മികവിന് കാരണം അധ്വാനപൂര്‍ണമായ ഗൃഹപാഠമാണ് എന്ന് പറഞ്ഞല്ലോ. കുറഞ്ഞ കാലയളവില്‍ ‘സബ്ജക്ട് കമ്മിറ്റി’ സ്‌പെഷ്യലിസ്റ്റായി അദ്ദേഹത്തിന് മാറാനായി. സ്ഥിതിവിവരക്കണക്കുകളും നിയമപരമായ പ്രശനങ്ങളും നിയമസഭയില്‍ ഉന്നയിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പരിചയസമ്പന്നരായ നേതാക്കളെ മാറ്റിനിര്‍ത്തി സതീശനെ അതിനായി നിയോഗിക്കാന്‍ മുന്നണി നേതൃത്വം നിര്‍ബന്ധിതരായി.
ഇത് അദ്ദേഹത്തിന് 2006ല്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് പദവി നേടിക്കൊടുത്തു. കേരളത്തിന്റെ നെല്ല്, തണ്ണീര്‍ത്തട സംരക്ഷണ നിയമം മുതല്‍ പിന്നീടുള്ള വര്‍ഷങ്ങളിലെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ വരെയുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്ത് പ്രതിപക്ഷനിരയുടെ വാദമുഖം സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ സതീശന് സാധിച്ചു.
പാരിസ്ഥിതിക ധാര്‍മികത, നിയമപരമായ യുക്തിഭദ്രത, നിരന്തരമായ ദൃശ്യത എന്നിവയില്‍ ഊന്നിയ ഒരു വ്യക്തിഗത ബ്രാന്‍ഡ് നിര്‍മിക്കാനാണ് പ്രധാനമായും അദ്ദേഹം ശ്രമിച്ചത്. അതിന് അദ്ദേഹത്തെ സഹായിച്ചത് ടി.വി ചാനല്‍ ചര്‍ച്ചകളിലേയും നിയമസഭാ സമ്മേളനങ്ങളിലെയും ശ്രദ്ധാര്‍ഹങ്ങളായ പ്രകടനങ്ങളായിരുന്നു.
സി.പി.ഐ.എമ്മില്‍ കടുത്ത ഉള്‍പ്പാര്‍ട്ടി വിഭാഗീയത നിലനില്‍ക്കെ, വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ‘ലോട്ടറി സംവാദ’മാണ് വി.ഡി. സതീശന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ വേറൊരു തലത്തിലേക്കുയര്‍ത്തിയത്.
തോമസ് ഐസക്കിനൊപ്പം. വി.ഡി. സതീശന്റെ യൂട്യൂബ് ചാനലില്‍ നിന്നും
സാന്റിയാഗോ മാര്‍ട്ടിനെ പോലുള്ള അന്യസംസ്ഥാന ലോട്ടറി ഉടമകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നു എന്ന ആരോപണം ശക്തമായ സന്ദര്‍ഭത്തിലാണ് ഈ വിഷയത്തില്‍ ഒരു സംവാദത്തിന് തയ്യാറാണെന്ന് തോമസ് ഐസക്ക് പ്രഖ്യാപിക്കുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ യു.ഡി.എഫ് നിയോഗിച്ചത് സതീശനെയും.
സംസ്ഥാന സര്‍ക്കാരിന് പരിമിതമായ അധികാരമേയുള്ളൂവെന്നും കേന്ദ്ര ലോട്ടറി നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ സര്‍ക്കാരിനേ സാധിക്കൂ എന്നും ഐസക് ജൂറിസ്ഡിക്ഷന്‍ വാദമുന്നയിച്ചു.
അനധികൃത ലോട്ടറി ടിക്കറ്റുകളെക്കുറിച്ച് അന്വേഷിക്കാനും പിടിച്ചെടുക്കാനും സംസ്ഥാനത്തെ അനുവദിക്കുന്ന നിലവിലുള്ള ഓര്‍ഡിനന്‍സുകളും സുപ്രീം കോടതി നിര്‍ദേശങ്ങളും ചൂണ്ടിക്കാട്ടി സതീശന്‍ അതിനെ പ്രതിരോധിക്കുകയും ചെയ്തു.
നിയമലംഘനത്തിന് തെളിവുകളുണ്ടെങ്കിലും സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള ലോട്ടറി വിതരണക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നിയമലംഘനങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്രത്തിന് അയയ്ക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെടുന്നുണ്ടെന്നും അവരുടെ പരാതികള്‍ ഫലപ്രദമല്ലെന്നും സതീശന്‍ വാദിച്ചു.
സതീശന്റെ വാദങ്ങള്‍ അക്കാലത്തെ എല്‍.ഡി.എഫിന്റെ നിലപാടിന്റെ വിശ്വാസ്യതയെ ദോഷകരമായി ബാധിച്ചു. അന്യസംസ്ഥാന ലോട്ടറിയുടെ നിരോധനത്തിന് ഇത് കാരണമായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ കേസില്‍ ഈ വിഷയം പൊലിപ്പിച്ചു നിര്‍ത്തിയ മലയാള മനോരമയ്ക്ക് മാപ്പുപറയേണ്ടിയും തോമസ് ഐസക്കിന് കേസ് നടത്തേണ്ടിയും വന്നു.
വിഷയത്തില്‍ അന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗത്തോട് ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിക്ഷിപ്ത താത്പര്യവും സ്റ്റാഫ് അംഗം ജോസഫ് സി. മാത്യുവിനെ പോലുള്ളവരുടെ പരോക്ഷ സഹായവും മാധ്യമ പരിലാളനയും ഉണ്ടായിരുന്നു എന്ന സി.പി.ഐ.എം ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണത്തില്‍ കഴമ്പുണ്ട്. സതീശന് കിട്ടിയ ഈ മേല്‍ക്കൈ യഥാര്‍ത്ഥത്തില്‍ സി.പി.ഐ.എം വിഭാഗീയതുടെ കൂടെ ഫലമായിരുന്നു,
പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും
പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സതീശന് ന്യായമായുംലഭിക്കേണ്ടിയിരുന്ന മന്ത്രിസ്ഥാനം കൈവിട്ടുപോയതിന് കാരണം ഗ്രൂപ്പ് – സാമുദായിക സമവാക്യങ്ങളും മുഖ്യമന്ത്രിയുടെ തന്നെ ചില താത്പര്യങ്ങളുമായിരുന്നു. വാക്ചാതുര്യവും ഗവേഷണത്വരയും അഭിപ്രായങ്ങളിലെ ആധികാരിക സ്വഭാവവും ഉണ്ടെങ്കിലും പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളുടെ കരുനീക്കങ്ങളില്‍ സതീശന്‍ പലപ്പോഴും അവഗണിക്കപ്പെട്ടു.
ഇതിന്റെ ഫലമെന്നോണം ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ പേരില്‍ ഇക്കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹം പ്രവര്‍ത്തിച്ചു. സോളാര്‍ കേസ് പോലുള്ള നിരവധി അഴിമതി ആരോപണങ്ങളെ പൊതുമധ്യത്തില്‍ വിമതഗ്രൂപ്പ് എന്ന നിലയില്‍ നിലനിര്‍ത്തുന്നതിലും സതീശന്‍ മുന്നിലുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിക്കുന്ന അദ്ദേഹത്തിന്റെ ഇന്നത്തെ പല നിലപാടുകളിലും ആത്മവഞ്ചനയുടെ സ്വരമുണ്ട്.
ഉമ്മന്‍ ചാണ്ടിക്കൊപ്പം
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് താരതമ്യേന ഭേദപ്പെട്ട നിലയില്‍ പ്രതിപക്ഷത്തെ നയിച്ച രമേശ് ചെന്നിത്തലയ്‌ക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു എല്‍. ഡി.എഫിന്റെ തുടര്‍ഭരണം. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടായിട്ടും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെട്ടെ ഹൈക്കമാന്‍ഡിന്റെ പ്രത്യേക താത്പര്യപ്രകാരം ചെന്നിത്തല തഴയപ്പെട്ടു, പ്രതിപക്ഷ നേതാവായി വി.ഡി. സതീശന്‍ നിയമിക്കപ്പെട്ടു.
ഈ അവസരത്തിലാണ് ഗ്രൂപ്പുകള്‍ക്കതീതമായ നിലപാട് സതീശന്‍ സ്വീകരിക്കുന്നത്. പരസ്യവിമര്‍ശനം പോലുള്ള ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കടന്നുവന്ന ഒരാളാണ് ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞു കൊണ്ടു പ്രതിപക്ഷ നായകനാകുന്നത് എന്നൊരു വൈരുധ്യം ഇവിടെ കാണാം.
എന്നാല്‍ തന്ത്രപരമായി ഗ്രൂപ്പ് വിരുദ്ധ നിലപാടെടുക്കുമ്പോഴും അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോടൊപ്പം ഒരു ‘എമര്‍ജന്റ് ബ്ലോക്ക്’ ആയി മൂന്നാം ഗ്രൂപ്പ് എന്ന പോലെയാണ് സതീശന്‍ പ്രവര്‍ത്തിച്ചു വന്നത്. മുഹമ്മദ് ഷിയാസിനെ പോലുള്ള ഏതാനും വിശ്വസ്തര്‍ക്കൊപ്പം മാത്യു കുഴല്‍നാടന്‍, റോജി എം. ജോണ്‍ തുടങ്ങിയ യുവ നേതാക്കളടങ്ങിയ വിശ്വസ്തമായ ‘ആന്തരിക വൃത്തം’ അദ്ദേഹം രൂപപ്പെടുത്തി.
ഒന്ന്, മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദങ്ങളെ പ്രതിരോധിക്കുക, രണ്ട്, യുവനേതാക്കളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക വഴി ഭാവി രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കുക. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ പോലുള്ള യുവനേതാക്കള്‍ക്ക് കോണ്‍ഗ്രസിലെ യുവതലമുറയില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും മറ്റൊരു ഘടകമായി.
അക്രാമകമായ പിണറായി വിരുദ്ധതകൊണ്ട് കോണ്‍ഗ്രിസിന്റെ യുവനിരയെ ആകര്‍ഷിക്കാനാവുമെന്നും അതിന് സമൂഹമാധ്യമങ്ങളിലെ മാസ് പ്രകടനങ്ങള്‍ സഹായിക്കുമെന്നുമുള്ള പാഠമാണ് ഈ യുവനേതാക്കളില്‍ നിന്ന് സതീശന് സ്വാംശീകരിക്കാനായത്. വി.ഡിയുടെ അഗ്രസ്സീവ് പൊളിറ്റിക്‌സ് ആരംഭിക്കുന്നത് അവിടെയാണ്.
എന്നാല്‍ സതീശനിലെ സ്വേച്ഛാബുദ്ധിയും തന്‍പ്രമാണിത്തവും ഈ ഗ്രൂപ്പ് താത്പര്യത്തിനു വിഘാതമായി. കെ.പി.സി.സി പ്രസിഡന്റുമായുള്ള തര്‍ക്കങ്ങള്‍ പോലും പൊതുവേദികളില്‍ പ്രകടിതമായി.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിന്മേല്‍ സ്വീകരിച്ച കടുത്ത നിലപാട് ഷാഫി പറമ്പിലിനെ പോലുള്ള യുവനേതാക്കളെ ചൊടിപ്പിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചു എന്ന പൊതുജനാഭിപ്രയം രൂപീകരിക്കപ്പെട്ടെങ്കിലും സതീശന്റെ ഈ നിലപാട് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് അത് തിരിച്ചടിയായി.
ഷാഫിയും രാഹുലും
രാഹുല്‍ വിഷയത്തില്‍ സതീശന്റെ നിലപാടില്‍ അതൃപ്തിയുള്ള ഷാഫി പറമ്പില്‍, കെ.സി. വേണുഗോപാല്‍ വിഭാഗത്തിലേക്ക് ആകര്‍ഷിക്കപ്പെടാനും തന്റെ നിയന്ത്രണത്തിന് പുറത്ത് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റയി ഉയര്‍ത്തപ്പെടാനും ഇടയാക്കി. ഇത് സതീശനെ സംബന്ധിച്ചിടത്തോളം ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല.
കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കാനും വിലയിരുത്താനും സംവദിക്കാനും സാമാന്യത്തില്‍ കവിഞ്ഞ ശേഷിയുണ്ടെങ്കിലും വി.എസ്. അച്യുതാനന്ദനെ പോലെ ക്രിയാത്മക വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയും ബഹുജന പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്തും സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും പാര്‍ട്ടിയുടെയും മുന്നണിയുടെയും സമരവീര്യം വര്‍ധിപ്പിക്കാനുമുള്ള കാര്യമായ നീക്കങ്ങളൊന്നും സതീശന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കെ ഫോണ്‍, എ.ഐ ക്യാമറ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ നിയമപരമായി നീങ്ങി കൈപൊള്ളിയ സംഭവങ്ങളില്‍ പോലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല. എങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന ഈ അഞ്ച് വര്‍ഷവും എല്‍.ഡി.എഫ് സര്‍ക്കാരിനെ പുകമറയില്‍ നിര്‍ത്താനും വിവാദങ്ങള്‍ കത്തിച്ചു നിര്‍ത്താനും ടീം യു.ഡി.എഫ് എന്ന മുന്നണിബന്ധം ഊട്ടിയുറപ്പിക്കാനും എല്ലാത്തിനുമുപരി പിണറായി (സി.പി.ഐ.എം) വിരുദ്ധതയുടെ ഒരു സാംസ്‌കാരിക മണ്ഡലം സജീവമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
വി.ഡി. സതീശന്‍ നേരിടുന്ന പ്രധാന പ്രതിസന്ധി, പരമ്പരാഗത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബൃഹദാഖ്യാനങ്ങളോടുള്ള, താന്‍ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ സ്വാഭാവിക ബോണ്ടിങ്ങും നവമാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന പുതുതലമുറയുടെ സവിശേഷ ദൃശ്യതയോടുള്ള അമിതാകര്‍ഷണവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യമാണ്.
മാധ്യമ പ്രവര്‍ത്തകരുടെ വിഷമകരമായ ചോദ്യങ്ങളെ രമേശ് ചെന്നിത്തലയെയോ ഷാഫി പറമ്പിലിനെയോ പോലെ അവരവരുടെ തലമുറകളുടെ സ്വാഭാവിക തന്ത്രങ്ങളിലൂടെ മറികടക്കാന്‍ വി.ഡി. സതീശന് കഴിയാതെ പോകുന്നതും അസ്വസ്ഥമായ ശരീരഭാഷയിലൂടെ അവയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതും ഇക്കാരണം കൊണ്ടാണ്.
എന്നാല്‍ തന്റെ പ്രതികരണങ്ങളെ നവമാധ്യമങ്ങള്‍ക്കു പ്രയോജനപ്പെടും വിധം അളന്നു മുറിച്ചു പറയാനും ആവര്‍ത്തിച്ചുറപ്പിക്കാനും ‘വിസ്മയം’ പോലുള്ള വാക്പ്രയോഗങ്ങള്‍ കൊണ്ട് പ്രതീതി രാഷ്ട്രീയം രൂപപ്പെടുത്താനും സതീശന് സാധിക്കുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്‌നത്തില്‍ ധാര്‍മിക നീതിയെന്ന ബൃഹദ് യുക്തിയെ പിന്‍പറ്റാനും ഇക്കാര്യം വിശദീകരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പുതു മാധ്യമ യുക്തിയെ പിന്തുടാനും ശ്രമിച്ചതിന്റെ പരിക്കേല്‍ക്കേണ്ടി വന്നെങ്കിലും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് പൊതുജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായ ഉണ്ടാക്കാന്‍ വി.ഡിയുടെ നിലപാടുകള്‍ക്കായി. പക്ഷേ ഇതിന്റെ ഒരു ദോഷം, ഏറെ അധ്വാനിച്ചു നേടിയ തന്റെ ഇമേജ് ശിഥിലീകരിക്കപെടാന്‍ ഇടയായി എന്നതാണ്.
പഠിച്ച് കാര്യങ്ങള്‍ പറയുന്ന ഒരാളാണെന്ന ഇമേജ് തകര്‍ക്കാനുള്ള കുതന്ത്രങ്ങളാണ് തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെന്ന് പ്രതിരോധിക്കേണ്ടി വരുന്നതില്‍ ഈ ആത്മസംഘര്‍ഷമുണ്ട്.
കഴിഞ്ഞ ദിവസം മീഡിയ വണ്ണിനുവേണ്ടി സതീശനുമായി പ്രമോദ് രാമന്‍ നടത്തിയ അഭിമുഖത്തില്‍ ഇത്തരത്തില്‍ അനാവശ്യമായ ജാഗ്രത കാണാം. ഗോള്‍വാള്‍ക്കറിന്റെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കാനായി ലഭിച്ച അവസരം പോലും നിഷേധഭാഷയില്‍ പ്രതിരോധിക്കാനാണ് സതീശന്‍ പാടുപെടുന്നത്.
പിണറായി വിജയനെതിരെ അദ്ദേഹം നടത്തുന്ന കടന്നാക്രമങ്ങളില്‍ പോലും ‘മിറര്‍ ഇമേജി’ന്റെ സാന്നിധ്യമുണ്ടെന്ന നിരീക്ഷണത്തിലും സാംഗത്യമുണ്ട്. ഏകശിലാഘടനയുള്ള ഒരു സംഘടന എന്ന നിലയില്‍ സി.പി.ഐ.എമ്മിന്റെ പാര്‍ട്ടിശരീരം ‘പിണറായിയിലേക്ക്’ ചുരുങ്ങുന്നുവെന്ന സാഹചര്യവും വിവിധ ശിലകളുടെ ബഹുല ഘടനയുള്ള കോണ്‍ഗ്രസിലെ പ്രമുഖരില്‍ ഒരാള്‍ എന്ന നിലയിലുള്ള സതീശന്റെ സാന്നിധ്യവും വ്യത്യസ്തമാകുന്നതുകൊണ്ടാണ് നമുക്കത് മനസ്സിലാകാതെ പോകുന്നത്.
പിണറായി വിജയനൊപ്പം
എന്നാല്‍ വലിയൊരു വ്യത്യാസം വായന വഴി ലഭിച്ചിട്ടുള്ള ചില തുറസ്സുകളെ തന്റെ രാഷ്ട്രീയ നിലപാടുകളിലേക്കു പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നുള്ളതാണ്. ഇത് സി.പി.ഐ.എം വിരുദ്ധ ഇടതു – വലതു സാംസ്‌കാരിക ബുദ്ധിജീവികളെ ആകര്‍ഷിക്കുകയും ഈ പാരസ്പര്യം സതീശനുള്ള പിന്തുണയായി പരിവര്‍ത്തിക്കപ്പെട്ടിട്ടുമുണ്ട്.
കൊറോണ വൈറസ് മഹാമാരി നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ഓരോ വ്യക്തിക്കും മികച്ച സേവനം ഉറപ്പാക്കാന്‍ ഞങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇത് രണ്ട് മുന്നണികള്‍ തമ്മിലുള്ള തര്‍ക്കമായിരിക്കില്ല. എന്നാല്‍ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ നിയമസഭയും പൊതു ഇടവും ഉപയോഗിക്കും എന്നിങ്ങനെ ഒരു ക്രിയാത്മ പ്രതിപക്ഷത്തിന്റെ റോളാണ് വഹിക്കുക എന്നായിരുന്നു ചുമതലയേറ്റശേഷം സതീശന്റെ പ്രസ്താവന.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള സതീശന്റെ വരവിനെ പിണറായിയും വളരെ പോസിറ്റീവായാണ് കണ്ടത്. എന്നാല്‍ പിണറായിക്കെതിരെ അഗ്രസ്സീവായ നിലപാടുകള്‍കൊണ്ടേ കോണ്‍ഗ്രസില്‍ അണികളെ നിലനിര്‍ത്താനാവൂ എന്ന തിരിച്ചറിവാണ് വി.ഡി. സതീശനെ ‘പിണറായി വിരുദ്ധ’നാക്കുന്നത്.
പിണറായി വിരുദ്ധതയില്‍ ഒന്നാമനാകുക എന്ന പാര്‍ട്ടിയിലെ യുവനേതാക്കളുടെ രീതിശാസ്ത്രം പിന്‍പറ്റുന്ന സതീശന്‍ മിക്ക വാര്‍ത്താസമ്മേളനങ്ങളിലും പിണറായിയുമായി സ്വയം താരതമ്യത്തിന് മുതിരുന്നത് ഇതിന്റെ ഭാഗമാണെന്നു പറയാം.
സംഗ്രഹിച്ചു പറഞ്ഞാല്‍, കോണ്‍ഗ്രസിന്റെ സാമ്പ്രദായിക ഘടനയെ വിച്ഛേദിക്കാന്‍ ശ്രമിച്ച്, അതിന്റെ വൈരുധ്യങ്ങളില്‍പ്പെട്ട് ധാര്‍മിക സംഘര്‍ഷങ്ങളെ ഏറ്റെടുക്കുന്ന ഒരു യോദ്ധാവിനെ സതീശനില്‍ കാണാം.
വി.ഡി. സതീശന്‍
യഥാര്‍ത്ഥ ഇടതു പക്ഷം തങ്ങളാണ്, എന്ന് ഒരു വലതുപക്ഷ പാര്‍ട്ടിയുടെ നേതൃത്വത്തിലിരുന്ന് പറയുന്നതും, വിഫലമായെങ്കിലും, സണ്ണി കപിക്കാടിനെ പോലുള്ള സ്ഥാനാര്‍ത്ഥികളെ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയതും, സി.പി.ഐ.എം വിരുദ്ധ സാംസ്‌കാരിക ധാരയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ ഇടപെടുന്നതും ഒക്കെ കോണ്‍ഗസ് രാഷ്ട്രീയത്തിന് മുന്‍പ് പരിചിതമല്ല.
പരാജയപ്പെട്ടാല്‍ രാഷ്ട്രീയ വനവാസം പോലുള്ള, മുന്‍പ് പരിചിതമല്ലാത്ത തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയ കേരളത്തില്‍ ഒരു വിച്ഛേദമാണ് വി.ഡി. സതീശന്‍ എന്ന് നിരീക്ഷിക്കാനാകും.
Content highlight: T Aneesh writes about VD Satheesan