കോക്രോച്ച് ജനതാ പാര്‍ട്ടി; പുത്തന്‍ തലമുറയുടെ രാഷ്ട്രീയ പ്രഖ്യാപനം
DISCOURSE
കോക്രോച്ച് ജനതാ പാര്‍ട്ടി; പുത്തന്‍ തലമുറയുടെ രാഷ്ട്രീയ പ്രഖ്യാപനം
ഷൂജ എസ്.വൈ
Saturday, 23rd May 2026, 6:28 pm
വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും, അന്ധമായ വ്യക്തിപൂജയെയും, അധികാര കേന്ദ്രീകരണത്തെയും ഈ തലമുറ ചോദ്യം ചെയ്യുകയാണ്. അവര്‍ സ്വപ്നം കാണുന്നത് വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നുചേരുന്ന, സഹിഷ്ണുതയാര്‍ന്ന ഒരു ബഹുസ്വര മതനിരപേക്ഷ ഇന്ത്യയെയാണ് | എസ്.വൈ. ഷൂജ എഴുതുന്നു

 

ഇന്നത്തെ ഇന്ത്യന്‍ യുവതയെ ‘മടിയന്മാര്‍’ എന്നും, ‘ഡിജിറ്റല്‍ ലോകത്ത് തളച്ചിടപ്പെട്ടവര്‍’ എന്നും, ഒടുവില്‍ ‘പാറ്റകള്‍’ എന്ന് പോലുമുള്ള അധിക്ഷേപ വാക്കുകളാല്‍ അടയാളപ്പെടുത്തുമ്പോള്‍, ആ പരിഹാസത്തിന്റെ കനലുകളെ ‘കോക്രോച്ച് ജനതാ പാര്‍ട്ടി” (സി.ജെ.പി) എന്ന തങ്ങളുടെ വേറിട്ട കൂട്ടായ്മയിലൂടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ പ്രതീകമാക്കുകയാണ് ഒരുപറ്റം യുവാക്കള്‍.

പേരില്‍ വിരോധാഭാസത്തിന്റെ കളിചിരികളുണ്ടെങ്കിലും, അതിന്റെ ആത്മാവില്‍ എരിയുന്നത് തീക്ഷ്ണമായ രാഷ്ട്രീയ ചിന്തകളാണ്. എങ്ങനെയൊക്കെ ചവിട്ടിമെതിക്കപ്പെട്ടാലും, വിസ്മൃതിയിലേക്ക് തള്ളപ്പെട്ടാലും, ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ജീവന്റെ ശ്വാസവും പ്രതിരോധത്തിന്റെ ശൗര്യവും നിലനിര്‍ത്തുന്ന ഒരു തലമുറയുടെ പ്രഖ്യാപനമാണത്.

ഇത് കേവലം വിരല്‍ത്തുമ്പില്‍ വിരിയുന്ന ഒരു താത്കാലിക തരംഗമല്ല; മറിച്ച്, ഇന്ത്യന്‍ യുവമനസ്സുകളില്‍ രൂപപ്പെടുന്ന പുതിയൊരു രാഷ്ട്രീയ ബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

Photo: Wikipedia

പരമ്പരാഗത രാഷ്ട്രീയത്തിന്റെ പുരാതന ഭാഷകളും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മുദ്രാവാക്യങ്ങളും തങ്ങള്‍ക്ക് അന്യമാണെന്ന് പ്രഖ്യാപിക്കുന്ന ഈ തലമുറ, പുത്തന്‍ ആശയങ്ങളുടെ ഒരു സംസ്‌കാരമാണ് വിഭാവനം ചെയ്യുന്നത്.

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, ഭരണഘടനാ സ്ഥാപനങ്ങളുടെ പരമാധികാരം, ലിംഗസമത്വം എന്നിവയോടുള്ള ഇവരുടെ പ്രതിബദ്ധതയാണ് സി.ജെ.പി.യുടെ കര്‍മപദ്ധതിയില്‍ വിരിയുന്നത്

സി.ജെ.പി.യുടെ അഞ്ച് രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ പരിശോധിക്കാം,

1. നീതിപീഠത്തിന്റെ വിശുദ്ധി

വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് രാജ്യസഭാ സീറ്റുകള്‍ സമ്മാനിക്കുന്ന ആചാരം അവസാനിപ്പിക്കണമെന്നതാണ് സി.ജെ.പി.യുടെ പ്രഥമ ആവശ്യം. അധികാരത്തിന്റെ ഇടനാഴികളില്‍ നിയമനങ്ങള്‍ നടക്കുമ്പോള്‍ നീതിനായ വ്യവസ്ഥയുടെ നിഷ്പക്ഷതയ്ക്ക് മേല്‍ നിഴല്‍ വീഴുന്നുവെന്ന് ഈ യുവത്വം തിരിച്ചറിയുന്നു.

രഞ്ജന്‍ ഗൊഗോയ്: 2020-ല്‍ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത് രാജ്യസഭയിലെത്തിച്ചു..രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ മുന്‍ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകതയും ഉണ്ട്

നീതിപീഠം ഭരണകൂടത്തിന്റെ സ്വാധീനവലയങ്ങളില്‍ നിന്ന് പൂര്‍ണമായും വിമുക്തമായിരിക്കണം എന്ന സന്ദേശമാണ് അവര്‍ ഉയര്‍ത്തുന്നത്.

2. വോട്ടവകാശത്തിന്റെ പരമാധികാരം

ഒരു പൗരന്റെ സാധുവായ വോട്ട് അന്യായമായി ഇല്ലാതാക്കപ്പെടുന്നത് ജനാധിപത്യത്തോടുള്ള ക്രൂരതയാണ്. അത്തരമൊരു വീഴ്ചയുണ്ടായാല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ അതിന് കര്‍ശനമായി ഉത്തരവാദിയാക്കണമെന്ന് സി.ജെ.പി. വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നു.

'I will commit suicide'; BLO threatens suicide under BJP pressure to eliminate Muslim votes

ഇതിലെ ഭാഷയ്ക്ക് അല്പം കാഠിന്യമുണ്ടെങ്കിലും, അതിന് പിന്നിലെ ആശയം പവിത്രമാണ് പൗരന്റെ വോട്ടവകാശം സംരക്ഷിക്കുന്നത് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നത് പോലെ തന്നെ പ്രധാനമാണ്.

3. അലങ്കാരമല്ലാത്ത സമത്വം

പാര്‍ലമെന്റിലും മന്ത്രിസഭയിലും പകുതി സീറ്റുകള്‍ (50%) സ്ത്രീകള്‍ക്കായി മാറ്റിവെക്കണമെന്നും, അതിനായി പാര്‍ലമെന്റിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കേണ്ടതില്ലെന്നുമാണ് അവരുടെ നിലപാട്. സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം ”നാളെയാകാം” എന്ന് പറഞ്ഞ് മാറ്റിവെക്കുന്ന ഭരണകൂട തന്ത്രങ്ങളോടുള്ള യുവത്വത്തിന്റെ അസഹിഷ്ണുതയാണിത്.

സമത്വം എന്നത് ആരോ നല്‍കുന്ന ദാക്ഷിണ്യമല്ല; മറിച്ച് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ അവകാശമാണെന്ന് അവര്‍ അടിവരയിടുന്നു.

4. ഭയമില്ലാത്ത മാധ്യമസംസ്‌കാരം

കോര്‍പ്പറേറ്റുകളുടെ ധനബലത്തിലും സര്‍ക്കാരിന്റെ തണലിലും ജീവിക്കുന്ന വിനീതവിധേയരായ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അര്‍ബുദമാണെന്ന് പുതിയ തലമുറ ഉറച്ചു വിശ്വസിക്കുന്നു.

അതുകൊണ്ടാണ് അവര്‍ സോഷ്യല്‍ മീഡിയയുടെയും, സ്വതന്ത്ര ജേര്‍ണലിസത്തിന്റെയും, സിറ്റിസണ്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെയും പുതിയ വഴികള്‍ തേടുന്നത്. അധികാരത്തിന്റെ ചെങ്കോലിന് നേരെ വിരല്‍ ചൂണ്ടാന്‍ ശേഷിയുള്ള മാധ്യമങ്ങളെയാണ് ജനാധിപത്യത്തിന് ആവശ്യമെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.

5. കൂറുമാറ്റ രാഷ്ട്രീയത്തിന് വിലക്ക്

ഒരു പാര്‍ട്ടിയില്‍ നിന്ന് ജനവിധി നേടി, പിന്നീട് പണത്തിനും അധികാരത്തിനും വേണ്ടി മറുകണ്ടം ചാടുന്ന ജനപ്രതിനിധികളെ 20 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നാണ് ഇവരുടെ അഞ്ചാമത്തെ ആവശ്യം.

Posts criticizing Modi and BJP deleted; AAP takes action against Raghav Chadha

രാഘവ് ഛദ്ദ: സമീപ കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ കൂറുമാറ്റത്തിലെ പ്രധാനി. എ.എ.പിയില്‍ നിന്നും ഛദ്ദയടക്കം ഏഴ് എം.പിമാര്‍ കൂറുമാറുകയും ബി.ജെ.പിയില്‍ ലയിക്കുകയും ചെയ്തു.

ജനങ്ങളുടെ വിശ്വാസത്തെ കച്ചവടം ചെയ്യുന്ന രാഷ്ട്രീയ ജീര്‍ണതയ്‌ക്കെതിരെയുള്ള ശക്തമായ താക്കീതാണിത്. രാഷ്ട്രീയത്തില്‍ ധാര്‍മികതയും ആദര്‍ശശുദ്ധിയും എത്രത്തോളം അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും, അന്ധമായ വ്യക്തിപൂജയെയും, അധികാര കേന്ദ്രീകരണത്തെയും ഈ തലമുറ ചോദ്യം ചെയ്യുകയാണ്. അവര്‍ സ്വപ്നം കാണുന്നത് വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നുചേരുന്ന, സഹിഷ്ണുതയാര്‍ന്ന ഒരു ബഹുസ്വര മതനിരപേക്ഷ ഇന്ത്യയെയാണ്.

ഇന്റര്‍നെറ്റിന്റെയും മീം (Meme) സംസ്‌കാരത്തിന്റെയും നര്‍മമധുരമായ ഭാഷയിലാണ് സി.ജെ.പി. സംസാരിക്കുന്നത്. എങ്കിലും അതിനെ വെറുമൊരു തമാശയായി തള്ളിക്കളയാനാവില്ല; ആ പരിഹാസത്തിന്റെ ഉള്ളില്‍ കനല്‍പോലെ ജ്വലിക്കുന്ന രാഷ്ട്രീയ ബോധമുണ്ട്.

പരമ്പരാഗത രാഷ്ട്രീയ ഭീഷ്മര്‍ക്ക് മനസ്സിലാകാത്ത ഒരു സത്യമുണ്ട് ഇന്നത്തെ യുവാക്കള്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് അവര്‍ രാഷ്ട്രീയത്തെ സ്വന്തം ശൈലിയില്‍ പുനര്‍നിര്‍വചിക്കുകയാണ്!

സി.ജെ.പി. എന്നെങ്കിലും അധികാരത്തിന്റെ സിംഹാസനത്തില്‍ ഏറുമോ എന്നത് പ്രസക്തമല്ല. എന്നാല്‍, ഇന്ത്യന്‍ യുവതയുടെ മനസ്സില്‍ തളിരിടുന്ന ജനാധിപത്യ സ്വപ്നങ്ങളുടെ ഒരു നേര്‍ക്കാഴ്ചയാണത്.

വോട്ട് രേഖപ്പെടുത്തലില്‍ മാത്രം ഒതുങ്ങുന്ന ഒരു ജനാധിപത്യമല്ല അവര്‍ക്ക് വേണ്ടത്; ഭരണഘടനാ സ്ഥാപനങ്ങള്‍ ഭയമില്ലാതെ ശ്വസിക്കുന്ന, പൗരാവകാശങ്ങള്‍ കാത്തുസൂക്ഷിക്കപ്പെടുന്ന, സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കുന്ന, മാധ്യമങ്ങള്‍ അധികാരത്തോട് സത്യം വിളിച്ചുപറയുന്ന ഒരു സുന്ദര സമൂഹമാണ്.

അതുകൊണ്ട് തന്നെ, ”കോക്രോച്ച് ജനത പാര്‍ട്ടി” എന്നത് കേവലമൊരു ഡിജിറ്റല്‍ തമാശയല്ല. എല്ലാ പരിഹാസ ശരങ്ങളെയും നെഞ്ചേറ്റി, പ്രതിസന്ധികളെ അതിജീവിച്ച്, ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും പുലരിക്ക് വേണ്ടി കാവലിരിക്കുന്ന ഒരു പുതിയ തലമുറയുടെ രാഷ്ട്രീയ പ്രഖ്യാപനമാണ്; അവരുടെ ഹൃദയഗീതമാണ്.

 

Content Highlight: SY Shooja writes about Cockroach Janata Party

ഷൂജ എസ്.വൈ
എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ (Rtd)