മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സ്ത്രീകൾക്ക് കുടുംബത്തിൽ നിന്ന് ലഭിക്കേണ്ട മാനസിക പിന്തുണയെക്കുറിച്ചും തൊഴിലിടങ്ങളിലെ പ്രതികരണങ്ങളെക്കുറിച്ചുമുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് സ്വാസിക. ജെ.എഫ്.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘കല്യാണം കഴിഞ്ഞാലും പല സ്ത്രീകളും സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് നമ്മുടെ വീടുകളിൽ നിന്ന് തന്നെ അവർക്ക് ആ ധൈര്യം പറഞ്ഞു കൊടുക്കണം. ഭർത്താവിന്റെ വീട്ടിൽ നിന്ന് എന്ത് തെറ്റ് നടന്നാലും അതെല്ലാം സഹിച്ചു കഴിഞ്ഞ്, പിന്നീട് ആത്മഹത്യ പോലുള്ള കാര്യങ്ങളിലേക്ക് പോകാതെ, സ്വന്തം വീട്ടിലേക്ക് തിരിച്ചു വരാൻ അവർക്ക് ധൈര്യം നൽകണം. ഇഷ്ടമില്ലാത്ത ഒരിടത്ത് എല്ലാത്തരം പീഡനങ്ങളും സഹിച്ചു നിൽക്കേണ്ട യാതൊരു ആവശ്യവുമില്ല.
ഒരു മാരേജ് നമ്മൾ എത്രത്തോളം ആഘോഷിക്കുന്നുവോ, അതുപോലെ തന്നെ ഡിവോഴ്സ് ചെയ്യാനും, റീ-മാര്യേജ് ചെയ്യാനും, സിംഗിൾ ആയിരിക്കാനോ ലിവിങ് ടുഗെതർ ആകാനോ ഒക്കെയുള്ള ഇമോഷണൽ സപ്പോർട്ട് സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ കിട്ടണം. വീടുകളിൽ നിന്ന് തന്നെയാണ് ഇതിന്റെ തുടക്കം കുറിക്കേണ്ടത്. പുറത്തുപോകുമ്പോൾ ‘സൂക്ഷിച്ചു പോയി വരാൻ’ പറയുന്നതിനോടൊപ്പം തന്നെ, എന്തെങ്കിലും തരത്തിലുള്ള ദുരനുഭവം ഉണ്ടായാൽ ഭയപ്പെടാതെ ഓപ്പൺ ആയി റിയാക്റ്റ് ചെയ്യാനും പ്രതികരിക്കാനും പറയുന്ന രീതിയിൽ ഉള്ള
ഒരു സ്പേസ് നമ്മുടെ വീടുകളിൽ ഉണ്ടാവേണ്ടതുണ്ട്.
എന്റെ വീട്ടിൽ എനിക്ക് അത്തരമൊരു സ്വാതന്ത്ര്യം തന്നാണ് എന്നെ വളർത്തിയത്, ചിലപ്പോൾ തിരിച്ചു ചെന്ന് പറയുമ്പോൾ വഴക്കോ അടിയോ ഒക്കെ കിട്ടുമായിരിക്കാം, എന്നാലും അവർ നമുക്ക് വേണ്ടി ഒപ്പം നിൽക്കും. മാതാപിതാക്കളെപ്പോലെ തന്നെ നമ്മുടെ സ്കൂളുകളും കോളേജുകളും ജോലി ചെയ്യുന്ന ഇടങ്ങളും പെൺകുട്ടികൾക്ക് ഈയൊരു മാനസിക പിന്തുണ നൽകാൻ തയാറാകണം, സ്വാസിക പറഞ്ഞു.
അത്തരത്തിലുള്ള ഇമോഷണൽ സപ്പോർട്ട് മാതാപിതാക്കളുടെ ഭാഗത്തു നിന്നും, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കിട്ടിയാൽ, ഒരുപക്ഷേ പുറത്തു പോയി വേറെ പല തെറ്റുകളിലേക്കും പോകാതെ കാര്യങ്ങൾ സേഫ് ആയി ഹാൻഡിൽ ചെയ്യാൻ അവർക്ക് പറ്റും. ഭയപ്പെട്ടു ജീവിക്കാതെ പ്രതികരിക്കാനുള്ള ഒരു ആർജ്ജവവും ഇമോഷണൽ സ്റ്റെബിലിറ്റിയുമാണ് സ്ത്രീകൾക്ക് വേണ്ടത്.
ഇന്നത്തെ കാലത്ത് കാസ്റ്റിങ് കൗച്ച് പോലെ സിനിമകളിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നുണ്ട്. കുറച്ചുകൂടി ജനശ്രദ്ധയിൽ നിൽക്കുന്ന മേഖലയായതുകൊണ്ട് സിനിമയിലെ കാര്യങ്ങൾ കൂടുതലായും പുറത്തുവരുന്നു എന്നേയുള്ളൂ. എവിടെ ആയിരുന്നാലും നമുക്ക് വേണ്ടി നമ്മൾ തന്നെ നമ്മുടെ ശബ്ദം ഉയർത്തുമ്പോൾ എതിരെ നിൽക്കുന്ന ആൾ തീർച്ചയായും ഭയപ്പെടും.
‘മീ ടൂ’ പോലുള്ള കാര്യങ്ങൾ അഞ്ചും ആറും വർഷങ്ങൾ വരെ വൈകിപ്പിക്കാതെ അപ്പോൾ തന്നെ പ്രതികരിക്കുക. ഒരുപക്ഷേ ആ ആളുടെ മാനസികനില നമുക്ക് അറിയില്ലായിരിക്കാം, എന്നാലും ഇനി വരാൻ പോകുന്ന തലമുറയിലുള്ള പെൺകുട്ടികൾ ഉടനടി റിയാക്റ്റ് ചെയ്ത് ആ ഭയം തിരിച്ച് അവർക്ക് കൊടുത്തുകൊണ്ടിരിക്കുക. നമ്മൾ പ്രതികരിക്കാൻ തുടങ്ങിയാൽ ആളുകൾക്ക് മനസ്സിലാകും ‘ഇവൾ എല്ലാം വിളിച്ചു പറയും’ എന്ന്. അപ്പോൾ ഈ പുരുഷന്മാർ നമുക്ക് എങ്ങനെ ഭയം തരുന്നുവോ, അതേപോലെ തന്നെ നമ്മൾ തിരിച്ചും കൊടുക്കാൻ പഠിക്കുക,’ സ്വാസിക പറഞ്ഞു.