മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് സ്വാസിക. 2009ല്‍ പുറത്തിറങ്ങിയ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാജീവിതം ആരംഭിച്ചത്. ഒരു കാലത്ത് സീരിയല്‍ രംഗത്തും സജീവമായിരുന്നു ഇവര്‍. മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങള്‍ സ്വാസിക ചെയ്തിട്ടുണ്ട്.
2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി. തമിഴില്‍ ലബ്ബര്‍ പന്ത്, റെട്രോ, പ്രഭ, അപ്പുച്ചി ഗ്രാമം എന്നീ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്. സൂരി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം മാമനിലും സ്വാസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പണം എത്രത്തോളം തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ് എന്നതിനെ കുറിച്ചും, ലബ്ബര്‍ പന്തിന് മുമ്പ് പണത്തിന് വേണ്ടി മാത്രം സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനോടും പ്രതികരിക്കുകയാണ് ഇപ്പോള്‍ സ്വാസിക.
ലബ്ബര്‍ പന്ത് എന്ന സിനിമക്ക് മുമ്പ് പൈസക്ക് വേണ്ടി മാത്രം അഭിനയിച്ചിട്ടുണ്ടെന്ന് സ്വാസിക പറയുന്നു. നല്ല കഥാപാത്രങ്ങള്‍ കിട്ടിയിരുന്നില്ലെന്നും അതുകൊണ്ട് പൈസ എങ്കിലും കിട്ടട്ടേ എന്ന് താന്‍ വിചാരിച്ചെന്നും അവര്‍ പറഞ്ഞു. പണമല്ല, മനസമാധാനമാണ് വലുതെന്ന് എത്ര പറഞ്ഞാലും ചില കാര്യത്തിന് പൈസ തന്നെ നമ്മുക്ക് വേണമെന്നും തന്റെ ജീവിതത്തില്‍ പണം ഒരു പ്രധാന ഘടകം തന്നെയാണെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. തന്റെ ഒരു സംഭാവന എന്തായാലും തന്റെ കുടുംബത്തിന് കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നും സ്വാസിക.
‘പൈസക്ക് വേണ്ടി മാത്രം, അഭിനയിച്ചിട്ടുണ്ട്. കാരണം എനിക്ക് നല്ല കഥാപാത്രങ്ങളൊന്നും കിട്ടുന്നില്ല.എന്നാല്‍ ശരി പൈസ എങ്കിലും കിട്ടട്ടെ എന്ന് വിചാരിച്ചു. എന്തെങ്കിലും ഒരു ഗുണം വേണമല്ലോ. അങ്ങനെ ചെയ്തിട്ടുണ്ട് ചില സിനിമകളില്‍ ഒരു ദിവസത്തേക്ക് മാത്രം പോയിട്ടൊക്കെ വന്നിട്ടുണ്ട്.
സംഭവം നമ്മള്‍ എത്രയൊക്കെ പൈസ വേണ്ട, പൈസയല്ല മനസമാധാനമാണ് വലുത് എന്ന് പറഞ്ഞാലും ചില സമയത്ത് പൈസക്ക് പൈസ തന്നെ വേണം. അതുകൊണ്ട് എന്റെ ജീവിത്തില്‍ പൈസ ഒരു വലിയ ഫാക്ടറാണ്. ഞാന്‍ മറ്റൊരു കുടുംബത്തില്‍ ചെല്ലുമ്പോള്‍ എനിക്ക് ഒരു ആഗ്രഹമുണ്ട്, ഞാന്‍ സമ്പാദിക്കുന്ന പൈസ കൊണ്ട് എല്ലാ കാര്യങ്ങളും നന്നായി പോകാന്‍ പറ്റണം. എനിക്ക് ഒരു സംഭാവന അവിടെ കൊടുക്കാന്‍ കഴിയണം.
ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ സാര്‍ പറഞ്ഞതുപോലെ ‘ചില മാസങ്ങളില്‍ കൂടുതല്‍ പൈസ വേണ്ടി വരും. ചില മാസങ്ങളില്‍ ഒന്നും വേണ്ടി വരില്ല’ അങ്ങനത്തെ സാഹചര്യങ്ങളൊക്കെ ഉണ്ടാകും. എന്റെ വീടും കാറുമൊക്കെ ലോണിലാണ് അപ്പോള്‍ ഈ ലോണ്‍ അടക്കണം. എന്നെ സംബന്ധിച്ച് പൈസ ഒരു പ്രധാനപ്പെട്ട ഘടകമാണ്. അതില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല,’ സ്വാസിക പറയുന്നു.
Content Highlight: Swasika says that before the film Lubber Pandhu she acted in some films only for money.