| Monday, 2nd June 2025, 9:49 pm

സിനിമയിലെത്തുന്നതിന് മുമ്പ് ആ രണ്ട് നടന്മാരുടെ കടുത്ത ആരാധിക, മറ്റുള്ളവര്‍ പിണങ്ങുമെന്ന് പേടിച്ച് അത് മാറ്റിപ്പറഞ്ഞിട്ടില്ല: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2009ല്‍ റിലീസായ വൈഗ എന്ന തമിഴ്ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് സ്വാസിക. ആദ്യകാലങ്ങളില്‍ മലയാളത്തിലും തമിഴിലും ചെറുതും വലുതുമായ വേഷങ്ങളില്‍ തിളങ്ങിയ സ്വാസിക സീരിയല്‍ രംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. 2020ല്‍ വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വാസികയെ തേടിയെത്തി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലെ പ്രകടനം സ്വാസികക്ക് ഒരുപാട് പ്രശംസ നേടിക്കൊടുത്തു.

തനിക്ക് ഇഷ്ടപ്പെട്ട നായകന്മാരെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസിക. മലയാളത്തില്‍ മോഹന്‍ലാലിന്റെയും തമിഴില്‍ വിജയ്‌യുടെയും കടുത്ത ആരാധികയാണ് താനെന്ന് സ്വാസിക പറഞ്ഞു. കുട്ടിക്കാലത്ത് താന്‍ ഏറ്റവുമധികം കണ്ടിട്ടുള്ളത് മോഹന്‍ലാലിന്റെ സിനിമകളാണെന്നും അങ്ങനെയാണ് താന്‍ അദ്ദേഹത്തിന്റെ ഫാനായി മാറിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരാളുടെ ആരാധികയാണെന്ന് പറഞ്ഞാല്‍ മറ്റ് നടന്മാര്‍ പിണങ്ങുമെന്നോ അവസരമില്ലാതാകുമെന്നോ പേടിയില്ലെന്നും അത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും സ്വാസിക പറയുന്നു. അവസരങ്ങള്‍ക്ക് വേണ്ടി തന്റെ ഇഷ്ടങ്ങള്‍ മറച്ചുവെക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്.

‘മലയാളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ മോഹന്‍ലാല്‍ സാറാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അങ്ങനെയാണ് ലാല്‍ സാറിനോട് ആരാധന തോന്നിയത്. തമിഴില്‍ ഞാന് വിജയ്‌യുടെ വലിയ ഫാനാണ്. കുട്ടിക്കാലത്ത് ഇവരുടെയൊക്കെ സിനിമകള്‍ കാണുമ്പോള്‍ ഞാന്‍ ഭാവിയില്‍ സിനിമയിലെത്തുമെന്നുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ മറ്റുള്ള നടന്മാര്‍ എന്ത് വിചാരിക്കുമെന്നുള്ള പേടിയൊന്നും എനിക്കില്ല. കാരണം, ഭാവിയില്‍ മറ്റ് നടന്മാര്‍ക്ക് വിഷമമാകാന്‍ ചാന്‍സുണ്ടെന്ന് കുട്ടിക്കാലത്ത് നമ്മള്‍ വിചാരിക്കില്ലല്ലോ. ആരുടെ ഫാനാകണം എന്നുള്ളത് എന്റെ വ്യക്തിപരമായ ചോയ്‌സാണ്. മറ്റ് നടന്മാരുടെ അഭിനയിക്കുന്നത് എന്റെ പ്രൊഫഷണല്‍ ലൈഫിന്റെ ഭാഗമാണ്. രണ്ടിനെയും രണ്ടായി കാണാനാണ് എനിക്കിഷ്ടം,’ സ്വാസിക പറയുന്നു.

സ്വാസിക ഭാഗമായ മാമന്‍ എന്ന തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ പ്രശാന്ത് പാണ്ടിരാജാണ് മാമന്റെ സംവിധായകന്‍. സൂരിയാണ് ചിത്രത്തിന്റെ കഥ തയാറാക്കിയത്. മലയാളിയായ ഹെഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീതം. ലാര്‍ക് സ്റ്റുഡിയോസിന്റെ ബാനറില്‍ കെ. കുമാര്‍ നിര്‍മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും ചിത്രം നല്ല പ്രകടനം നടത്തിയിരുന്നു.

Content Highlight: Swasika saying she is a big fan of Mohanlal and Vijay

We use cookies to give you the best possible experience. Learn more