| Monday, 6th October 2025, 6:19 pm

ഇതുപോലൊരാള്‍ ചരിത്രത്തിലാദ്യം; ക്രിക്കറ്റ് ഇതിഹാസമായ മത്സരത്തില്‍ ചരിത്ര നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ന്യൂസിലാന്‍ഡ് ഇതിഹാസ താരം സൂസി ബേറ്റ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 350 മത്സരങ്ങള്‍ കളിക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ താരമെന്ന ചരിത്ര നേട്ടമാണ് സൂസി ബേറ്റ്‌സ് സ്വന്തമാക്കിയത്. ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് സൂസി ബേറ്റ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്.

കരിയറിലെ 173ാം ഏകദിനത്തിലാണ് താരം കളത്തിലിറങ്ങിയത്. ടി-20യില്‍ 177 മത്സരത്തിലും വൈറ്റ് ഫേണ്‍സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഒറ്റ ടെസ്റ്റ് മത്സരത്തില്‍ പോലും സൂസി കളത്തിലിറങ്ങിയിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത.

സൂസി ബേറ്റ്‌സ്

സൂസി ബേറ്റ്‌സിന്റെ സഹതാരം സോഫി ഡിവൈനും ഈ മത്സരത്തില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. താരത്തിന്റെ 300ാം മത്സരമാണിത്. ബേറ്റ്‌സിന് ശേഷം 300 അന്താരാഷ്ട്ര മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ന്യൂസിലാന്‍ഡ് താരം കൂടിയാണ് ഡിവൈന്‍.

സോഫി ഡിവൈന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം മത്സരം കളിച്ച വനിതാ താരങ്ങള്‍

(താരം – ടീം – മത്സരം എന്നീ ക്രമത്തില്‍)

സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 350*

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 342

എല്ലിസ് പെറി – ഓസ്‌ട്രേലിയ – 341

മിതാലി രാജ് – ഇന്ത്യ – 333

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 309

ഡാനി വയറ്റ് – ഇംഗ്ലണ്ട് – 300

സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 300*

ഹീതര്‍ നൈറ്റ് – ഇംഗ്ലണ്ട് – 296

സൂസി ബേറ്റ്‌സ്

എന്നാല്‍ ചരിത്രമെഴുതിയ മത്സരത്തില്‍ തിളങ്ങാന്‍ മാത്രം സൂസി ബേറ്റ്‌സിന് സാധിച്ചിരുന്നില്ല. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ സൂസി ബേറ്റ്‌സ് പുറത്തായി. മാരിസാന്‍ കാപ്പിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മ
മടക്കം.

മുമ്പ് നടന്ന മത്സരത്തിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയായിരുന്നു താരത്തിന്റെ മടക്കം.

ഓപ്പണര്‍ സൂസി ബേറ്റ്‌സ് തിളങ്ങാത്തത് ന്യൂസിലാന്‍ഡിന്റെ പ്രകടനത്തെയും ബാധിക്കുന്നുണ്ട്. വൈറ്റ് ഫേണ്‍സിന്റെ മുമ്പോട്ടുള്ള യാത്രയില്‍ സൂസി ബേറ്റ്‌സ് മികച്ച പ്രകടനം കണ്ടെത്തിയേ മതിയാകൂ.

Content highlight: Suzie Bates becomes the first women cricketer to complete 350 international matches

We use cookies to give you the best possible experience. Learn more