| Tuesday, 5th August 2025, 8:15 pm

നാല് തലകള്‍ അരിഞ്ഞിട്ടത് വെറും 17 റണ്‍സിന്; ആര്‍.സി.ബി താരത്തിന്റെ പ്രകടനത്തില്‍ കോരിത്തരിച്ച് ദല്‍ഹി

സ്പോര്‍ട്സ് ഡെസ്‌ക്

ദല്‍ഹി പ്രീമിയര്‍ ലീഗ് 2025ല്‍ പുരാനി ദില്ലി 6നെതിരെ തകര്‍പ്പന്‍ വിജയവുമായി ഔട്ടര്‍ ദല്‍ഹി വാറിയേഴ്‌സ്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് വാറിയേഴ്‌സ് നേടിയത്.

ഔട്ടര്‍ ദല്‍ഹി ഉയര്‍ത്തിയ 149 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പുരാനി ദില്ലിയുടെ പോരാട്ടം 66 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റുമായി തിളങ്ങിയ സൂപ്പര്‍ സ്പിന്നര്‍ സുയാഷ് ശര്‍മയുടെ കരുത്തിലാണ് ഔട്ടര്‍ ദല്‍ഹി വിജയം സ്വന്തമാക്കിയത്.

നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് സുയാഷ് നാല് വിക്കറ്റ് വീഴ്ത്തിയത്. ഓപ്പണര്‍ സമര്‍ഥ് സേതും ക്യാപ്ന്‍ വന്‍ഷ് ബേദിയുമടക്കമുള്ള താരങ്ങളെയാണ് സുയാഷ് മടക്കിയത്.

നാലാം ഓവറിലെ നാലാം പന്തില്‍ സമര്‍ഥിനെ മടക്കിയാണ് സുയാഷ് വേട്ടയാരംഭിച്ചത്. സനത് സാംഗ്വാന് ക്യാച്ച് നല്‍കിയായിരുന്നു 18 റണ്‍സ് നേടിയ സമര്‍ഥിന്റെ മടക്കം.

ഒരു റണ്‍സ് മാത്രം നേടി നില്‍ക്കവെ വന്‍ഷ് ബേദിയെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയ സുയാഷ് ആറ് റണ്‍സ് നേടിയ പ്രണവ് പന്തിനെ ഹര്‍ഷ് ത്യാഗിയുടെ കൈകളിലെത്തിച്ചും പുറത്താക്കി. രജനീഷ് ദാദറിന്റെ വിക്കറ്റും നേടി സുയാഷ് ഫോര്‍ഫര്‍ പൂര്‍ത്തിയാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഔട്ടര്‍ ദല്‍ഹി 20 ഓവറില്‍ 148 റണ്‍സ് നേടി പുറത്തായി. 15 പന്തില്‍ 26 റണ്‍സ് നേടിയ സനത് സാംഗ്വാനാണ് ടോപ് സ്‌കോറര്‍.

പുരാനി ദില്ലി 6നായി ഉദ്ധവ് മോഹന്‍ അഞ്ച് വിക്കറ്റുമായി തിളങ്ങി. പ്രദീപ് പരാശര്‍, രജനീഷ് ദാദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സുയാഷ് ശര്‍മ റണ്‍ ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പുരാനി ദില്ലി 6 നിരയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്. 24 പന്തില്‍ 20 റണ്‍സ് നേടിയ ലളിത് യാദവാണ് ടോപ് സ്‌കോറര്‍. 18 റണ്‍സ് നേടിയ സമര്‍ഥ് സേതാണ് പുരാനി ദില്ലി നിരയില്‍ ഇരട്ടയക്കം കണ്ട മറ്റൊരു താരം.

സുയാഷിന് പുറമെ മൂന്ന് വിക്കറ്റുമായി ശൗര്യ മാലിക് മികച്ച പ്രകടനം കാഴ്ചവെച്ചു. ശിവം ശര്‍മയും ഹര്‍ഷ് ത്യാഗിയും ഓരോ വിക്കറ്റ് വീതം നേടിയപ്പോള്‍ ഒരു താരം റണ്‍ ഔട്ടായും മടങ്ങി.

രണ്ട് മത്സരത്തില്‍ ഒരു വിജയവുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ഔട്ടര്‍ ദല്‍ഹി വാറിയേഴ്‌സ്.

Content Highlight: Suyash Sharma’s brilliant bowling performance in Delhi Premier League

We use cookies to give you the best possible experience. Learn more