കാക്കേ കാക്കേ കൂടെവിടെ ആയിരുന്നു ആദ്യ റഫറൻസ്; ‘താക്കോൽ’ ഗാനത്തെക്കുറിച്ച് സുഷിൻ ശ്യാം
malayalam movie
കാക്കേ കാക്കേ കൂടെവിടെ ആയിരുന്നു ആദ്യ റഫറൻസ്; ‘താക്കോൽ’ ഗാനത്തെക്കുറിച്ച് സുഷിൻ ശ്യാം
നന്ദന. ടി
Sunday, 28th June 2026, 10:03 pm

മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിലൂടെയും വ്യത്യസ്ത സംഗീത പരീക്ഷണങ്ങളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘മിന്നൽ മുരളി’, ‘ഭീഷ്മ പർവ്വം’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ആവേശം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരവും സുഷിൻ ശ്യാമും വീണ്ടും ഒന്നിച്ച ‘ബാലൻ: ദി ബോയിലെ സംഗീതവും പശ്ചാത്തല സംഗീതവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ബാലൻ: ദി ബോയ് .photo.zee music

അൻവർ അലി വരികൾ എഴുതിയ ‘താക്കോൽ’ ഗാനം കുട്ടികളുടെ ബാലസാഹിത്യം ഓർമിപ്പിക്കുന്ന ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. നഷ്ടപ്പെട്ട ഒരു താക്കോൽ തേടി നടക്കുന്ന തവളയുടെ കഥ പറയുന്ന ഈ ഗാനം ചിത്രത്തിലെ കഥയിലേക്കും ഭാവങ്ങളിലേക്കും ഉള്ള സൂചനകൾ നൽകുന്നതാണ്. വാഴ 2 ലെ ‘വാനിലച്ചെടിയേ’, ‘കൂടെപ്പിറന്നോർ’ എന്നീ ഗാനങ്ങൾ ആലപിച്ച നില രാജനാണ് ‘താക്കോൽ’ ഗാനവും ആലപിച്ചിരിക്കുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഷിൻ ശ്യാം.

‘ഈ ഗാനത്തിന് ആദ്യം വരികൾ എഴുതിയ ശേഷമാണ് സംഗീതം ഒരുക്കിയത്. പാട്ടിന്റെ റൈമിങ് സെറ്റ് ചെയ്യുമ്പോൾ ആദ്യം മനസ്സിൽ വന്നത് ‘കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ’ എന്ന നഴ്സറി റൈം ആയിരുന്നു. അതുതന്നെ ഉപയോഗിക്കാമെന്ന് ആദ്യം ആലോചിച്ചു. പക്ഷേ പിന്നീട് അതിന്റെ റൈമിങ് മാത്രം നിലനിർത്തി സിനിമയുടെ കഥയുമായി ചേരുന്ന ഒരു പുതിയ ഗാനം ഒരുക്കാമെന്ന് തീരുമാനിച്ചു.

ശരിക്കും ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന വരികൾ സിനിമയുമായി ചേരുന്നതായിരുന്നു. പക്ഷേ അതിന് പകരം നഷ്ടപ്പെട്ട ഒരു താക്കോൽ തേടി നടക്കുന്ന കഥയാക്കാമെന്ന നിർദേശം ചിദംബരത്തിന്റേതായിരുന്നു. അങ്ങനെ ആ റൈമിങ് നിലനിർത്തിക്കൊണ്ട് പുതിയൊരു മെലഡി ഒരുക്കി. അതിനെ കുറച്ചുകൂടി ഹൊറർ മൂഡിലേക്ക് കൊണ്ടുപോയതാണ് ആ ഗാനത്തിന്റെ പ്രത്യേകത.

ഈ പാട്ട് കുട്ടികൾക്ക് വേണ്ടി മാത്രമുള്ള  ഒരു പാട്ടല്ല. സിനിമ കണ്ടാൽ മാത്രമേ എന്തുകൊണ്ടാണ് പാട്ടിന്റെ ബീറ്റും മൂഡും പതിയെ ഹൊറർ ഫീലിലേക്ക് മാറുന്നതെന്ന് മനസ്സിലാകൂ,’ സുഷിൻ ശ്യാം പറഞ്ഞു.

ബാലൻ: ദി ബോയ് .photo.screen grab/youtube

Content Highlight: Sushin shyam talks about thakkol song in the movie Balan:The Boy

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം