സൗത്ത് ആഫ്രിക്കുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയും സ്വന്തമാക്കിയാണ് ഇന്ത്യ അടുത്ത വര്‍ഷം തങ്ങള്‍ അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് മുമ്പ് കരുത്ത് കാട്ടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ആതിഥേയരുടെ ബാറ്റിങ് യൂണിറ്റിന്റെ കരുത്ത് വ്യക്തമായ മത്സരം കൂടിയായിരുന്നു ഇത്. ടോപ്പ് ഓര്‍ഡറിലും സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരും മിഡില്‍ ഓര്‍ഡറില്‍ ഹര്‍ദിക് പാണ്ഡ്യയും കൊടുങ്കാറ്റഴിച്ചുവിട്ടപ്പോള്‍ സീരീസിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ആതിഥേയരുടെ പേരില്‍ കുറിക്കപ്പെട്ടു.
എന്നാല്‍ മത്സരം വിജയിക്കുമ്പോഴും പരമ്പര സ്വന്തമാക്കുമ്പോഴും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും മോശം പ്രകടനങ്ങള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചുകൊണ്ടേയിരുന്നു. സൂര്യ പരമ്പരയിലെ നാല് മത്സരത്തില്‍ നിന്നും ആകെ 34 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 32 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാന്‍ സാധിച്ചത്.
സൂര്യകുമാര്‍ യാദവ്
കഴിഞ്ഞ മത്സരത്തില്‍ ഏഴ് പന്ത് നേരിട്ട് അഞ്ച് റണ്‍സിനാണ് സൂര്യ പുറത്തായത്. കോര്‍ബിന്‍ ബോഷിന്റെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മടക്കം. ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ടീം പ്രഖ്യാപനത്തിന്റെ തലേ ദിവസം പോലും തിളങ്ങാന്‍ സാധിക്കാത്ത ക്യാപ്റ്റന്‍ വിജയത്തിന്റെ ശോഭ കെടുത്തുന്നത് തന്നെയാണ്.
അഞ്ചാം മത്സരത്തിലും ഒറ്റയക്കത്തിന് മടങ്ങിയതോടെ ഒരു മോശം നേട്ടവും സൂര്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരമെന്ന അനാവശ്യ നേട്ടമാണ് സുര്യ തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഇത് ഒമ്പതാം തവണയാണ് സൂര്യ ഈ വര്‍ഷം ഒറ്റയക്കത്തിന് പുറത്താക്കുന്നത്.
ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
(താരം – എത്ര തവണ ഒറ്റയക്കത്തിന് പുറത്തായി – വര്‍ഷം എന്നീ ക്രമത്തില്‍)
ദിനേഷ് കാര്‍ത്തിക് – 9 – 2022
ശുഭ്മന്‍ ഗില്‍ – 9 – 2023
സൂര്യകുമാര്‍ യാദവ് – 9 – 2025*
ഇതിനൊപ്പം ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം തവണ ഒറ്റയക്കത്തിന് പുറത്താകുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന മോശം റെക്കോഡും സൂര്യ ശിരസിലേറ്റുവാങ്ങി.
സ്വന്തം മണ്ണില്‍ ലോകകപ്പ് നടക്കുമ്പോള്‍ സൂര്യയ്ക്ക് മേല്‍ ആരാധകരുടെ പ്രതീക്ഷ വാനോളമായിരിക്കും. എന്നാല്‍ ആ പ്രതീക്ഷയോട് കൂറ് പുലര്‍ത്താന്‍ താരം ‘ഔട്ട് ഓഫ് റണ്‍സില്‍’ നിന്നും മടങ്ങിയെത്തിയേ മതിയാകൂ.
Content Highlight: Suryakumar Yadav set unwanted 2 records in 2025