| Thursday, 4th September 2025, 8:41 pm

ക്യാപ്റ്റനായി തോറ്റ സച്ചിനെയും രണ്ട് കപ്പടിച്ച ധോണിയെയും വെട്ടാം; എളുപ്പമെങ്കിലും ലക്ഷ്യം ഏറെ വലുത്

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന് കൊടിയേറാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. 2023ല്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യയ്ക്ക് തന്നെയാണ് ഇത്തവണയും കിരീടസാധ്യത കല്‍പിക്കുന്നത്.

ഏഷ്യാ കപ്പിനായി 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ പടയൊരുക്കം നടത്തുന്നത്. ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി.

വിരാട് – രോഹിത് യുഗത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ് എന്ന നിലയില്‍ 2025 ഏഷ്യാ കപ്പിന്റെ പ്രസക്തിയും വളരെ വലുതാണ്. യുവതാരങ്ങളുമായാണ് സ്‌കൈ ഇത്തവണ ഏഷ്യാ കീഴടക്കാനെത്തുന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഒമ്പതാം നായകനാണ് സൂര്യകുമാര്‍ യാദവ്. ഒമ്പതാം കിരീടം തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതും.

ഇതുവരെ അഞ്ച് ക്യാപ്റ്റന്‍മാരാണ് ഇന്ത്യയ്ക്കായി ഏഷ്യാ കപ്പുയര്‍ത്തിയത്. മുഹമ്മദ് അസറുദ്ദീന്‍, എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവര്‍ രണ്ട് കിരീടം വീതം നേടിയപ്പോള്‍ സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവര്‍ ഓരോ തവണയും കപ്പുയര്‍ത്തി.

ഇതില്‍ സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹിത് ശര്‍മ എന്നിവര്‍ ക്യാപ്റ്റനായ ആദ്യ തവണ തന്നെ കിരീടമുയര്‍ത്തുകയും ചെയ്തു.

ഇന്ത്യയ്ക്കായി ഏഷ്യാ കപ്പുയര്‍ത്തുന്ന ആറാം നായകനാകാനും ആദ്യ അവസരത്തില്‍ തന്നെ കിരീടം നേടുന്ന അഞ്ചാം ക്യാപ്റ്റനാകാനുമാണ് സൂര്യയ്ക്ക് മുമ്പില്‍ അവസരമെത്തിയിരിക്കുന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍

(വര്‍ഷം – ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)

1984 – സുനില്‍ ഗവാസ്‌കര്‍*

1988 ദിലീപ് വെങ്സര്‍ക്കര്‍*

1990 മുഹമ്മദ് അസറുദ്ദീന്‍*

1995 മുഹമ്മദ് അസറുദ്ദീന്‍*

1997 സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2000 – സൗരവ് ഗാംഗുലി

2004 – സൗരവ് ഗാംഗുലി

2008 – എം.എസ്. ധോണി

2010 – എം.എസ്. ധോണി*

2012 എം.എസ്. ധോണി

2014 – വിരാട് കോഹ്‌ലി

2016 -എം.എസ്. ധോണി*

2018 രോഹിത് ശര്‍മ*

2022 രോഹിത് ശര്‍മ

2023 – രോഹിത് ശര്‍മ*

* കിരീടം നേടിയ വര്‍ഷങ്ങള്‍

ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ ഇടം പിടിച്ചിരിക്കുന്നത്. പതിവ് തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ട്. യു.എ.ഇയും ഒമാനുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.

2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.

Content highlight: Suryakumar Yadav set to become the sixth captain to win the Asia Cup for India

We use cookies to give you the best possible experience. Learn more