ഡിവില്ലിയേഴ്സിനെ കണ്ടുമുട്ടിയാല്‍ ആ കാര്യത്തെക്കുറിച്ച് ചോദിക്കും, ഇനിയുള്ള മൂന്ന്-നാല് വര്‍ഷങ്ങള്‍ പ്രധാനമാണ്: സൂര്യ
Sports News
ഡിവില്ലിയേഴ്സിനെ കണ്ടുമുട്ടിയാല്‍ ആ കാര്യത്തെക്കുറിച്ച് ചോദിക്കും, ഇനിയുള്ള മൂന്ന്-നാല് വര്‍ഷങ്ങള്‍ പ്രധാനമാണ്: സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th November 2025, 7:58 am

ഇന്ത്യയുടെ ടി-20 നായകനാണ് സൂര്യകുമാര്‍ യാദവ്. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാലാം ടി-20 മത്സരത്തിന് വേണ്ടി വലിയ തയ്യാറെടുപ്പിലാണ് സൂര്യയും സംഘവും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും വിജയിച്ചു.

എന്നിരുന്നാലും രണ്ട് മത്സരത്തിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ ഒരു റണ്‍സും രണ്ടാം മത്സരത്തില്‍ 24 റണ്‍സുമായിരുന്നു താരം നേടിയത്. ടി-20യില്‍ ക്യാപ്റ്റനാണെങ്കിലും സൂര്യ ഏറെ കാലമായി ഏകദിന ടീമിലില്ല.

ഇതോടെ പ്രോട്ടിയാസ് ഇതിഹാസ താരം എ.ബി ഡിവില്ലിയേഴ്‌സിനെ കണ്ടുമുട്ടിയാല്‍ ടി-20യിലും ഏകദിനത്തിലും എങ്ങനെയാണ് ബാലന്‍സ്ഡായി കളിക്കുന്നത് എന്ന് ചോദിക്കണമെന്ന് പറയുകയാണ് സൂര്യ. രണ്ട് ഫോര്‍മാറ്റിലും എ.ബി വിജയിച്ചിരുന്നെന്നും ഏകദിന ക്രിക്കറ്റില്‍ കളിക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും സൂര്യ പറഞ്ഞു.

 

‘ഞാന്‍ ഡിവില്ലിയേഴ്സിനെ കണ്ടുമുട്ടിയാല്‍ അദ്ദേഹം ടി-20 കരിയറും ഏകദിനവും എങ്ങനെയാണ് ബാലന്‍സ്ഡായി കളിച്ചതെന്ന് ചോദിക്കും. രണ്ട് ഫോര്‍മാറ്റിലും അദ്ദേഹം വിജയിച്ചതിനാല്‍ എനിക്കത് അദ്ദേഹത്തോട് ചോദിക്കണം.

എ.ബി, നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍, ദയവുചെയ്ത് എനിക്ക് ഒരു വഴി പറഞ്ഞ് തരണം. കാരണം ഇനിയുള്ള മൂന്ന്-നാല് വര്‍ഷങ്ങള്‍ എനിക്ക് വളരെ പ്രധാനമാണ്. ഏകദിന ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ സൂര്യ വിമല്‍കുമാറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ വിജയം നേടാന്‍ സൂര്യയ്ക്ക് സാധിച്ചില്ല. 37 ഏകദിനങ്ങളില്‍ നിന്ന് സൂര്യകുമാര്‍ 25.76 ശരാശരിയില്‍ 773 റണ്‍സാണ് നേടിയത്. 93 ടി-20കളില്‍ നിന്ന് 37 ശരാശരിയില്‍ 2734 റണ്‍സാണ് സൂര്യ നേടിയത്. ടെസ്റ്റില്‍ വെറും ഒരു മത്സരത്തില്‍ നിന്ന് എട്ട് റണ്‍സാണ് താരം നേടിയത്.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരം നാളെ (ഒക്ടോബര്‍ 6) നടക്കും. നിലവില്‍ പരമ്പര സമനിലയായതിനാല്‍ ഇരു ടീമുകള്‍ക്കും വരാനിരിക്കുന്ന മത്സരം നിര്‍ണായകമാണ്.

Content Highlight: Suryakumar Yadav ready to take advice from de Villiers to perform better in ODIs and T20s