ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1നാണ് ഇന്ത്യയുടെ വിജയം. ഗാബയില്‍ നടന്ന പരമ്പരയിലെ അവസാന മത്സരവും മഴയെടുത്തതോടെയാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ ഗാബ ടി-20 പരാജയപ്പെടാതിരുന്നാല്‍ മതിയായിരുന്നു. ആതിഥേയര്‍ക്കാകട്ടെ പരമ്പര സമനിലയിലെത്തിക്കാന്‍ വിജയം അനിവാര്യവുമായിരുന്നു. എന്നാല്‍ പരമ്പരയിലെ ആദ്യ മത്സരമെന്ന പോലെ അവസാന മത്സരവും മോശം കാലാവസ്ഥ മൂലം ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ക്യാപ്റ്റന്റെ റോളില്‍ ഒറ്റ പരമ്പരയില്‍ പോലും സൂര്യകുമാര്‍ പരാജയപ്പെട്ടിട്ടില്ല. കളിച്ച ഏഴ് പരമ്പരയില്‍ ആറിലും വിജയം, ഇതില്‍ രണ്ടെണ്ണം ക്ലീന്‍ സ്വീപ് വിജയം. ഒന്നില്‍ സമനില. ഇങ്ങനെയാണ് സൂര്യയ്ക്ക് കീഴില്‍ ഇന്ത്യയുടെ പ്രകടനം.
ടി-20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതും ഇക്കൂട്ടത്തില്‍ എടുത്തുപറയണം.
ക്യാപ്റ്റന്‍ സൂര്യയ്ക്ക് കീഴില്‍ ഇന്ത്യ
2023 നംവബറില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-1ന് വിജയം
2023 ഡിസംബറില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1ന് സമനില
2024 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് വിജയം
2024 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 3-0ന് വിജയം
2024 നവംബറില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നാല് മത്സരങ്ങളുടെ പരമ്പര 3-1ന് വിജയം
2025 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ 4-1ന് വിജയം
2025 ഒക്ടോബറില്‍ നടന്ന ഏഷ്യാ കപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെ കിരീടം
2025 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ന് വിജയം
സമീപ കാലങ്ങളില്‍ ബാറ്ററുടെ റോളില്‍ തിളങ്ങാന്‍ സാധിക്കുന്നില്ലെങ്കിലും ക്യാപ്റ്റന്റെ റോളില്‍ സൂര്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ഒടുവില്‍ നടന്ന 18 ഇന്നിങ്സില്‍ ഒന്നില്‍ പോലും സൂര്യകുമാറിന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 2024 ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നേടിയ 75 റണ്‍സാണ് സൂര്യ ഒടുവില്‍ നേടിയ അര്‍ധ സെഞ്ച്വറി.
അവസാന 18 ഇന്നിങ്സുകളില്‍ 14.00 ശരാശരിയും 120.68 എന്ന സ്ട്രൈക്ക് റേറ്റുമാണ് ക്യാപ്റ്റനുള്ളത്.
ഡിസംബറിലാണ് ഇന്ത്യ ഇനി അടുത്ത ടി-20 പരമ്പര കളിക്കുക. സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇനി ക്യാപ്റ്റന്‍ സൂര്യയ്ക്ക് മുമ്പിലുള്ള അടുത്ത കടമ്പ.
Content Highlight: Suryakumar Yadav never lost a T20I series as captain