കോഹ്‌ലിയും രോഹിത്തും വാഴുന്ന ലിസ്റ്റിലേക്ക് പറന്നിറങ്ങാന്‍ സ്‌കൈ; പ്രോട്ടിയാസിനെതിരെ വേണ്ടത് ഇത്രമാത്രം...
Sports News
കോഹ്‌ലിയും രോഹിത്തും വാഴുന്ന ലിസ്റ്റിലേക്ക് പറന്നിറങ്ങാന്‍ സ്‌കൈ; പ്രോട്ടിയാസിനെതിരെ വേണ്ടത് ഇത്രമാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th December 2025, 8:03 am

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം ടി-20 മത്സരം ഇന്ന് (വ്യാഴം) നടക്കാനിരിക്കുകയാണ്. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയമാണ് വേദി. മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.

കളത്തിലിറങ്ങി വെറും 47 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിക്കുക. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന നാലാമത്തെ താരമാകാനും സൂര്യയ്ക്ക് സാധിക്കും. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തില്‍ മുന്നിലുള്ളത്.

സൂര്യകുമാര്‍ യാദവ്, Photo: x.com

9000 ടി-20 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്) എന്ന ക്രമത്തില്‍

വിരാട് കോഹ്‌ലി – 13543 (397)

രോഹിത് ശര്‍മ – 12248 (450)

ശിഖര്‍ ധവാന്‍ – 9797 (331)

സൂര്യകുമാര്‍ യാദവ് – 8953 (317)

അതേസമയം പ്രോട്ടിയാസിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ടി-20യില്‍ ഒരു വര്‍ഷം ഏറ്റവും കുറഞ്ഞ ബാറ്റിങ് ആവറേജ് നേടുന്ന മൂന്നാമത്തെ താരമായി സൂര്യ മാറിയിരുന്നു.

Suryakumar Yadav, Photo: Sportskeeda/x.com

മാത്രമല്ല കഴിഞ്ഞ 19 ടി-20 മത്സരങ്ങളില്‍ നിന്ന് 119.35 എന്ന സ്ട്രൈക്ക് റേറ്റില്‍ 222 റണ്‍സ് മാത്രമാണ് സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്. കൂടാതെ ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും താരത്തിന് സാധിച്ചിരുന്നില്ല. ഏറെ കാലമായി തിളങ്ങാത്ത സ്‌കൈ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഫോം വീണ്ടെടുക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

എന്നാല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലായിരുന്നു ഇത്.

Content Highlight: Suryakumar Yadav Need 47 Runs To Complete 9000 Runs In T-20