ഏഷ്യന്‍ ക്രിക്കറ്റ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്. സൂര്യയുടെ നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി.
തങ്ങളുടെ ഒമ്പതാം ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയിലെത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളും ഇന്ത്യ തന്നെയാണ്.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്ന ഒമ്പതാം നായകനാണ് സൂര്യകുമാര്‍ യാദവ്. ഇക്കൂട്ടത്തില്‍ കിരീടം നേടുന്ന ആറാം താരമാകാനും ക്യാപ്റ്റനായ ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടം നേടുന്ന അഞ്ചാം ക്യാപ്റ്റനാകാനുമാണ് സ്‌കൈ ഒരുങ്ങുന്നത്.
(വര്‍ഷം – ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)
1984 – സുനില്‍ ഗവാസ്‌കര്‍ 🏆
1988 – ദിലീപ് വെങ്‌സര്‍ക്കര്‍ 🏆
1990 – മുഹമ്മദ് അസറുദ്ദീന്‍ 🏆
1995 – മുഹമ്മദ് അസറുദ്ദീന്‍ 🏆
1997 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
2000 – സൗരവ് ഗാംഗുലി
2004 – സൗരവ് ഗാംഗുലി
2008 – എം.എസ്. ധോണി
2010 – എം.എസ്. ധോണി 🏆
2012 – എം.എസ്. ധോണി
2014 – വിരാട് കോഹ്‌ലി
2016 – എം.എസ്. ധോണി 🏆
2018 – രോഹിത് ശര്‍മ 🏆
2022 – രോഹിത് ശര്‍മ
2023 – രോഹിത് ശര്‍മ 🏆
2025 – സൂര്യകുമാര്‍ യാദവ്*
(🏆 – കിരീടം നേടിയ ടൂർണമെന്‍റുകള്‍)
ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍ ഇന്ത്യയാണെങ്കിലും പാകിസ്ഥാനെതിരായ മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും ഇന്ത്യയുടെ ഏഷ്യാ കപ്പ് യാത്ര. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഫൈനലിലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുണ്ട്.
ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെതിരായ മത്സരം കളിക്കേണ്ടതില്ല എന്ന് തീരുമാനിച്ചാലും ദുര്‍ബലരായ യു.എ.ഇയെയും ഒമാനെയും അനായാസം തകര്‍ത്ത് ഇന്ത്യയ്ക്ക് സൂപ്പര്‍ ഫോറിലെത്താനാകും. പാകിസ്ഥാനും ഈ രണ്ട് ടീമിനെയും പരാജയപ്പെടുത്തി സൂപ്പര്‍ ഫോറിലെത്താനാകും.
അങ്ങനെയെങ്കില്‍ സൂപ്പര്‍ ഫോറിലും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നേക്കും. ഈ മത്സരവും ഉപേക്ഷിക്കുകയാണെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുത്തായിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.
2025 ഏഷ്യാ കപ്പ് സ്‌ക്വാഡ്
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content highlight: Suryakumar Yadav joins the list of players to captain India in Asia Cup