ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്.
ശുഭ്മന്‍ ഗില്‍ (10 പന്തില്‍ 5), സഞ്ജു സാംസണ്‍ (4 പന്തില്‍ 2), സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചത് ഓസീസിന്റെ ഹേസല്‍വുഡാണ്. മൂന്ന് വിക്കറ്റുകളാണ് താരം പവര്‍ പ്ലെയില്‍ തന്നെ സ്വന്തമാക്കിയത്. സഞ്ജുവിന്റെ വിക്കറ്റ് നഥാന്‍ എല്ലിസ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ റണ്‍ഔട്ടിലാണ് മടങ്ങിയത്.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ഹേസല്‍വുഡ്ഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഇതോടെ ഒരു മോശം നേട്ടവും സ്‌കൈയെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു കലണ്ടര്‍ ഇയറിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റസംഖ്യയില്‍ പുറത്താകുന്ന താരം എന്ന മോശം റെക്കോഡാണ് സൂര്യ ഏറ്റുവാങ്ങിയിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്. 2022ല്‍ എട്ട് തവണ രോഹിത് സിംഗിള്‍ ഡിജിറ്റിന് പുറത്തായത്.