സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരം ബരാബതി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്.
ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താകാതെയാണ് പാണ്ഡ്യ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 210.17 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സ് നേടിയാണ് പുറത്തായത്.
സൂര്യയുടെ ക്യാച്ച് എയ്ഡന്‍ മാര്‍ക്രമാണ് നേടിയത്. മോശം പ്രകടനകത്തിന് പിന്നാലെ ഒരു നാണംകെട്ട റെക്കോഡും സൂര്യയുടെ തലയില്‍ വീണിരിക്കുകയാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര ടി-20യില്‍ ഒരു വര്‍ഷം ഏറ്റവും മോശം ബാറ്റിങ് ആവറേജുള്ള മൂന്നാമത്തെ താരമാകുകയാണ് സൂര്യ.