സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20ടയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് സൂര്യ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷിനെ മറികടന്നാണ് സൂര്യ ഒന്നാമനായത്. മാത്രമല്ല രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നേട്ടത്തില്‍ സൂര്യയേക്കാള്‍ പിറകിലാണ്.
പ്രോട്ടിയാസിനെതിരെ വിജയം സ്വന്തമാക്കിയതോടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും സൂര്യയ്ക്ക് സാധിച്ചിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 100+ റണ്‍സിന് ഏറ്റവും കൂടുതല്‍ തവണ വിജയം സ്വന്തമാക്കിയ ക്യാപ്റ്റനാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. അഞ്ച് തവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ 11 പന്തില്‍ ഒരു സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സ് നേടിയാണ് പുറത്തായത്.
Content Highlight: Suryakumar Yadav In Great Record Achievement