ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ മികച്ച വിജയം സ്വന്തമാക്കിയിട്ടും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനത്തില്‍ നിരാശരായി ആരാധകര്‍. ഏഷ്യാ കപ്പിലടക്കം തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ ക്യാപ്റ്റന് സാധിച്ചിരുന്നില്ല. അത് ഓസ്‌ട്രേലിയന്‍ പര്യടനത്തിലും തുടരുകയാണ്.
ഒടുവില്‍ നടന്ന 18 ഇന്നിങ്‌സില്‍ ഒന്നില്‍ പോലും സൂര്യകുമാറിന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. 2024 ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നേടിയ 75 റണ്‍സാണ് സൂര്യ ഒടുവില്‍ നേടിയ അര്‍ധ സെഞ്ച്വറി.
സൂര്യകുമാര്‍ യാദവിന്റെ അവസാന 18 ഇന്നിങ്‌സുകള്‍
(എതിരാളികള്‍ – റണ്‍സ് – വേദി എന്നീ ക്രമത്തില്‍)
സൗത്ത് ആഫ്രിക്ക – 21 – ഡര്‍ബന്‍
സൗത്ത് ആഫ്രിക്ക – 4 – ഈസ്റ്റേണ്‍ കേപ്
സൗത്ത് ആഫ്രിക്ക – 1 – സെഞ്ചൂറിയന്‍
ഇംഗ്ലണ്ട് – 0 – കൊല്‍ക്കത്ത
ഇംഗ്ലണ്ട് – 12 – ചെന്നൈ
ഇംഗ്ലണ്ട് – 14 – രാജ്‌കോട്ട്
ഇംഗ്ലണ്ട് – 0 – പൂനെ
യു.എ.ഇ – 7* – ദുബായ്
പാകിസ്ഥാന്‍ – 47* – ദുബായ്
പാകിസ്ഥാന്‍ – 0 – ദുബായ്
ബംഗ്ലാദേശ് – 5 – ദുബായ്
ശ്രീലങ്ക – 12 – ദുബായ്
പാകിസ്ഥാന്‍ – 1 – ദുബായ്
ഓസ്‌ട്രേലിയ – 39* – കാന്‍ബെറ
ഓസ്‌ട്രേലിയ – 1 – മെല്‍ബണ്‍
ഓസ്‌ട്രേലിയ – 24 – ഹൊബാര്‍ട്ട്
ഓസ്‌ട്രേലിയ – 20 – കറാറ
അവസാന 18 ഇന്നിങ്‌സുകളില്‍ 14.00 ശരാശരിയും 120.68 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ക്യാപ്റ്റനുള്ളത്.
വരും മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് തന്റെ പഴയ ഫോമിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം, ഓസ്‌ട്രേലിയക്കെതിരായ നാലാം ടി-20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഏറ്റവുമധികം റണ്ണടിച്ചത്. 39 പന്ത് നേരിട്ട താരം 46 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് കുറവെങ്കിലും ഗില്ലിന്റെ പ്രകടനം ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായിരുന്നു.
ഏഷ്യാ കപ്പിന് ശേഷം മോശം ഫോം തുടരുന്ന തിലക് വര്‍മയ്ക്ക് ഈ മത്സരത്തിലും തിളങ്ങാനായില്ല. ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സിനാണ് തിലക് പുറത്തായത്. സഞ്ജുവിന് പകരം ടീമിലെത്തിയ ജിതേഷ് ശര്‍മയും നിരാശപ്പെടുത്തി. നാല് പന്ത് നേരിട്ട താരം മൂന്ന് റണ്‍സ് നേടി പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.
ആതിഥേയര്‍ക്കായി നഥാന്‍ എല്ലിസും ആദം സാംപയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റും മാര്‍കസ് സ്റ്റോയ്‌നിസുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ആ മൊമെന്റം തുടരാന്‍ സാധിക്കാതെ പോയതോടെയാണ് മത്സരം കൈവിട്ടത്. മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ ചെറുത്തുനില്‍ക്കാനോ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ പിടിച്ചുകെട്ടി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
വാഷിങ്ടണ്‍ സുന്ദറാണ് ഓസീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. വെറും ഏഴ് പന്തെറിഞ്ഞ താരം 3 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. അക്‌സര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
നവംബര്‍ എട്ടിനാണ് പരമ്പരയിലെ അവസാന മത്സരം. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഓസീസിന് വിജയം അനിവാര്യമാണ്. ദി ഗാബ്ബയാണ് വേദി.
Content Highlight: Suryakumar Yadav didn’t scored a half century in last 18 innings