വീഡിയോ; ഫൈനല്‍ ജയിക്കാന്‍ മുംബൈ വനിതകള്‍ക്ക് മോട്ടിവേഷനുമായി സൂര്യകുമാര്‍ അടക്കമുള്ളവര്‍; കിരീടം ലക്ഷ്യമിട്ട് ഹര്‍മന്‍
WPL
വീഡിയോ; ഫൈനല്‍ ജയിക്കാന്‍ മുംബൈ വനിതകള്‍ക്ക് മോട്ടിവേഷനുമായി സൂര്യകുമാര്‍ അടക്കമുള്ളവര്‍; കിരീടം ലക്ഷ്യമിട്ട് ഹര്‍മന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th March 2023, 8:47 pm

പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ആശംസകളര്‍പ്പിച്ച് മുംബൈ മെന്‍സ് ടീം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അടക്കമുള്ള മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ വനിതാ ടീമിന് ആശംസകളര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘നമ്മുടെ വനിതാ ടീമിന് ഫൈനലിന് എല്ലാവിധ ആശംസകളും നേരുകയാണ്. ടൂര്‍ണമെന്റിലെ അവരുടെ പ്രകടനം ഞാന്‍ ഏറെ ആസ്വദിച്ചു. എല്ലാ ദിവസവും ടൈറ്റില്‍ ഡിസൈറ്റര്‍ കളിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല, അതുകൊണ്ട് ഫൈനല്‍ ആസ്വദിച്ച് നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുക നല്‍കുക. ഞാന്‍ നിങ്ങള്‍ക്കായി ചിയര്‍ ചെയ്യും,’ രോഹിത് പറഞ്ഞു.

‘ഞാന്‍ ഞങ്ങളുടെ മുംബൈ ഗേള്‍സിനെ പിന്തുണയ്ക്കുന്നു. ഗെയിമിനായി കാത്തിരിക്കുകയാണ്. ഈ ഡബ്ല്യുപിഎല്‍ സീസണിലെ അവസാന മത്സരം ആസ്വദിച്ച് കളിക്കാം,” സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് മുംബൈ ഇന്ത്യന്‍സ് നേരിടുന്നത്. പ്രഥമ ഡബ്ല്യൂ.പി.എല്‍ കിരീടം നേടി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇടം നേടാനാണ് ഇരുടീമും ഒരുങ്ങുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ക്യാപ്പിറ്റല്‍സിന് ലഭിച്ചത്.

ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ ഓപ്പണര്‍ ഷെഫാലി വര്‍മയെ ക്യാപ്പിറ്റല്‍സിന് നഷ്ടമായി. നാല് പന്തില്‍ നിന്നും 11 റണ്‍സ് നേടി നില്‍ക്കവെ ഇസി വോങ്ങിന്റെ പന്തില്‍ അമേല കേറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. അതേ അവറില്‍ തന്നെ അലീസ് ക്യാപ്‌സിയെ മടക്കി വോങ് ക്യാപ്പിറ്റല്‍സിന് മേല്‍ ഇരട്ട പ്രഹരമേല്‍പിച്ചു.

 

പ്രതീക്ഷയോടെ ക്രീസിലെത്തിയ ജെമീമ റോഡ്രിഗസിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എട്ട് പന്തില്‍ നിന്നും ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ ഹെയ്‌ലി മാത്യൂസിന് ക്യാച്ച് നല്‍കിയായിരുന്നു ജെമീമ മടങ്ങിയത്. ഇസി വോങ് തന്നെയായിരുന്നു ജെമീമയെയും മടക്കിയത്. തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണുകൊണ്ടിരുന്നു.

നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റിന് 77 എന്ന നിലയിലാണ് ക്യാപ്പിറ്റല്‍സ്. ഒരു പന്തില്‍ നിന്നും ഒരു റണ്‍സുമായി ശിഖ പാണ്ഡേയും മൂന്ന് പന്തില്‍ നിന്നും ഒരു റണ്‍സുമായി മിന്നു മണിയുമാണ് ക്രീസില്‍.

 

Content Highlight: Suryakumar Yadav and Rohit Sharma wishes All the Best for Mumbai Indians in WPL Final