| Tuesday, 21st January 2025, 3:18 pm

ഇന്ത്യ vs ഇംഗ്ലണ്ട് മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ vs ഇംഗ്ലണ്ട് ക്യാപ്റ്റനും; ചരിത്രത്തിലെ നാലാമനാകാന്‍ വാശിയേറിയ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.

പോരാട്ടം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും തമ്മില്‍ മറ്റൊരു ചരിത്ര നേട്ടത്തിനായി പരസ്പരം മത്സരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ മൂന്ന് താരങ്ങള്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിച്ച നേട്ടത്തിലേക്കാണ് ഇരു ക്യാപ്റ്റന്‍മാരും ഒന്നുപോലെ ലക്ഷ്യമിടുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ 150 സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ഇരുവരും കണ്ണുവെക്കുന്നത്.

74 ഇന്നിങ്‌സില്‍ നിന്നും 145 സിക്‌സറുകളാണ് ഇന്ത്യന്‍ നായകന്‍ തന്റെ അന്താരാഷ്ട്ര ടി-20 കരിയറില്‍ നേടിയത്. ജോസ് ബട്‌ലറിനെ സംബന്ധിച്ച് ഈ നേട്ടം കുറച്ചുകൂടിയെളുപ്പമാണ്, കാരണം 146 സിക്‌സറുകള്‍ ഇതിനോടകം സ്വന്തമാക്കിയ ബട്‌ലറിന് നാല് സിക്‌സര്‍ കൂടിയടിച്ചാല്‍ ഈ എലീറ്റ് ലിസ്റ്റിലെത്താം. എന്നാല്‍ സൂര്യകുമാറിനാകട്ടെ അഞ്ച് സിക്‌സറുകള്‍ നേടണം.

ഇരു താരങ്ങള്‍ക്കും മുമ്പിലായി നിക്കോളാസ് പൂരനും സ്ഥാനം പിടിച്ചിട്ടുണ്ട്. 149 സിക്‌സറുകളാണ് താരത്തിന്റെ പേരിലുള്ളത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് നിലവില്‍ ടി-20 മത്സരങ്ങളില്ലാത്തതിനാല്‍ ബട്‌ലറോ സൂര്യയോ തന്നെയാകും ആദ്യം ഈ നേട്ടത്തിലെത്താന്‍ സാധ്യത.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – ഇന്ത്യ – 151 – 205

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 173

മുഹമ്മദ് വസീം – യു.എ.ഇ – 69 – 158

നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 97 – 149

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 118 – 146

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 74 – 145

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 106 – 137

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 114 – 130

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലാന്‍ഡ് – 146 – 129

ജനുവരി 22നാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ തന്നെ ഇരു താരങ്ങള്‍ക്കും ഈ നേട്ടത്തിലെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിങ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍).

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ ക്രേസ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, രെഹന്‍ അഹമ്മദ്, സാഖിബ് മഹമ്മൂദ്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര

ആദ്യ മത്സരം: ജനുവരി 22, ബുധന്‍ – ഈഡന്‍ ഗാര്‍ഡന്‍സ്

രണ്ടാം മത്സരം: ജനുവരി 25 – എം.എ ചിദംബരം സ്റ്റേഡിയം

മൂന്നാം മത്സരം: ജനുവരി 28 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം മത്സരം: ജനുവരി 31 – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

അവസാന മത്സരം: ഫെബ്രുവരി 2 – വാംഖഡെ സ്റ്റേഡിയം

Content Highlight: Suryakumar Yadav and Jos Buttler on track to reach the list of players who hit 150 sixes in T20Is

We use cookies to give you the best possible experience. Learn more