| Friday, 20th December 2024, 10:38 pm

ആ സംവിധായകന്‍ ഇല്ലായിരുന്നെങ്കില്‍ കാക്ക കാക്കയും ഗജിനിയും എന്നെ തേടി വരില്ലായിരുന്നു: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സൂര്യ ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളാണ് സൂര്യ. സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ ദേശീയ അവാര്‍ഡ് സൂര്യയെ തേടിയെത്തി.

തന്റെ കരിയര്‍ ഇന്ന് കാണുന്ന നിലയിലെത്താന്‍ കാരണം സംവിധായകന്‍ ബാലയാണെന്ന് സൂര്യ പറഞ്ഞു. 2000ത്തില്‍ ഒരു സിനിമയുടെ ഷൂട്ടിനിടയില്‍ ബാല തന്നെ ഫോണ്‍ ചെയ്‌തെന്നും അടുത്ത സിനിമ തന്നെ വെച്ച് ചെയ്യാന്‍ ഉദ്ദേശിക്കുകയാണെന്ന് പറഞ്ഞെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ആ ഫോണ്‍ കോളാണ് തന്നെ ഇന്ന് ഈ കാണുന്ന യാത്രയിലെത്തിച്ചതെന്നും നടന്‍ എന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തിയത് നന്ദയാണെന്നും സൂര്യ പറഞ്ഞു.


ആ ചിത്രത്തിനായി മൊട്ടയടിച്ച് അഭിനയിച്ചതും അതിന്റെ ഓരോ പ്രധാന സീന്‍ ഷൂട്ട് ചെയ്തതും ഇന്നും തന്റെ കണ്മുന്നിലുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. നന്ദക്ക് ശേഷം ചെയ്ത പിതാമകന്‍ എന്ന സിനിമയുടെ ഓര്‍മകള്‍ തന്റെ മനസിലൂടെ കടന്നുപോവുകയാണെന്നും സൂര്യ പറഞ്ഞു. നന്ദ കണ്ടതിന് ശേഷമാണ് ഗൗതം മേനോന്‍ തന്നെ വിളിച്ച് അയാളുടെ അന്‍പുസെല്‍വനെ നന്ദയിലൂടെ കണ്ടെത്തിയെന്ന് പറഞ്ഞെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

എ.ആര്‍. മുരുകദോസിന് അയാളുടെ സഞ്ജയ് രാമസാമിയെ കാണാന്‍ പറ്റിയത് നന്ദക്ക് ശേഷമാണെന്ന് തന്നോട് പറഞ്ഞിരുന്നെന്നും സൂര്യ പറഞ്ഞു. അതിന് ശേഷം തനിക്ക് വരിവരിയായി സിനിമകള്‍ ലഭിച്ചെന്നും അതിനെല്ലാം കാരണം ബാലയുടെ ഫോണ്‍കോള്‍ ആയിരുന്നെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ആ ഫോണ്‍വിളി തന്റെ ജീവിതം മാറ്റിമറിച്ചെന്നും സൂര്യ പറഞ്ഞു. ബാല സംവിധാനം ചെയ്യുന്ന വണങ്കാന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘ഈ വേദിയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനസ് 24 വര്‍ഷം പിറകോട്ട് പോവുകയാണ്. 2000ത്തില്‍ ഞാന്‍ ഒരു സിനിമയുടെ ഷൂട്ടില്‍ നില്‍ക്കുകയായിരുന്നു, അന്ന് വൈകുന്നേരം ബാല എന്നെ വിളിച്ച് ‘നമ്മള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുന്നു, വേറെ പ്രൊജക്ടൊന്നും കമ്മിറ്റ് ചെയ്യണ്ട’ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സേതു എന്നെ വല്ലാതെ ഹോണ്ട് ചെയ്തു.

എന്ത് കണ്ടിട്ടാണ് എന്നെ നായകനാക്കിയതെന്ന് ഈ സമയം വരെ എനിക്കറിയില്ല. പക്ഷേ ആ ഫോണ്‍കോളാണ് ഇതുവരെയുള്ള എന്റെ യാത്രയുടെ തുടക്കം. നന്ദയുടെ ഷൂട്ടിനായി മൊട്ടയടിച്ചതും ഓരോ സീനും ഷൂട്ട് ചെയ്തതും ഇന്നും എന്റെ കണ്മുന്നിലുണ്ട്. നന്ദക്ക് ശേഷം ചെയ്ത പിതാമകനെപ്പറ്റിയും എനിക്ക് നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ.

നന്ദ കണ്ടതിന് ശേഷമാണ് ഗൗതം മേനോന്‍ എന്നെ വിളിച്ചത്. ‘എന്റെ അന്‍പുസെല്‍വനെ എനിക്ക് കിട്ടി’ എന്നാണ് ഗൗതം പറഞ്ഞത്. ആ സിനിമ കണ്ടിട്ടാണ് എ.ആര്‍. മുരുകദോസിന് അയാളുടെ സഞ്ജയ് രാമസാമിയെ കിട്ടിയതെന്നും എന്നോട് ഒരിക്കല്‍ പറഞ്ഞു. അതിന് ശേഷം എനിക്ക് വരിവരിയായി സിനിമകള്‍ കിട്ടി. എല്ലാത്തിനും കാരണം ബാലയുടെ ഫോണ്‍കോളാണ്. അതെന്റെ ജീവിതം മാറ്റിമറിച്ചു,’ സൂര്യ പറയുന്നു.

Content Highlight: Suriya says he owe his career to Director Bala

We use cookies to give you the best possible experience. Learn more