| Tuesday, 29th April 2025, 11:41 am

ഓരോ സിനിമ ഇറങ്ങുമ്പോഴും എപ്പോള്‍ തിരിച്ചുവരുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്, ഇത്തവണ അത് മാറുമെന്ന് ഉറപ്പാണ്: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

കഴിഞ്ഞ കുറച്ചുകാലങ്ങളായി സൂര്യയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം സ്വന്തമാക്കിയിരുന്നില്ല. റിലീസിന് മുമ്പ് പ്രതീക്ഷകളുള്ള സിനിമകള്‍ പലതും തിയേറ്ററില്‍ വേണ്ടത്ര വിജയമാകാതെ പോവുകയായിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കങ്കുവ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി.

ഓരോ സിനിമക്ക് വേണ്ടിയും തന്റെ ആരാധകര്‍ പ്രതീക്ഷ വെക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഓരോ സിനിമ റിലീസാകുമ്പോഴും എപ്പോഴാണ് പഴയതുപോലെ തിരിച്ചുവരിക എന്ന് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് സൂര്യ പറഞ്ഞു. എന്നാല്‍ ഇത്തവണ അതിന്റെ ആവശ്യം വേണ്ടിവരില്ലെന്നും റെട്രോ ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമയാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ ചെയ്ത 45 സിനിമകളില്‍ താന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ഈ സിനിമയെന്നും സൂര്യ പറഞ്ഞു. താന്‍ ഈ സിനിമ കണ്ടെന്നും വളരെ മനോഹരമായിട്ടുള്ള ഒന്നാണ് ഇതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. രണ്ടര മണിക്കൂര്‍ സിനിമ കാണാന്‍ വരുന്നവര്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാമോ അതെല്ലാം താന്‍ ഈ സിനിമക്കായി ചെയ്തിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. തന്നോട് ആളുകള്‍ വെച്ചിട്ടുള്ള സ്‌നേഹത്തിന് പകരമാണ് ഈ സിനിമയെന്നും സൂര്യ പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൂര്യ.

‘കഴിഞ്ഞ കുറച്ച് കാലമായി എന്റെ ഓരോ സിനിമയുടെ റിലീസിന് ശേഷവും കേള്‍ക്കുന്ന ചോദ്യമാണ് എപ്പോഴാണ് പഴയതുപോലെ തിരിച്ചുവരികയെന്ന്. ഇത്തവണ ആ ചോദ്യത്തിന്റെ ആവശ്യമുണ്ടാകില്ല. കാരണം, ഞാന്‍ സിനിമ കണ്ടു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു. ഇത് ആരാധകര്‍ക്ക് വേണ്ടിയുള്ള സിനിമയാണ്.

ഇതുവരെ ചെയ്ത 45 സിനിമകളില്‍ ഞാന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമ വന്നിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. രണ്ടര മണിക്കൂര്‍ സിനിമ കാണാന്‍ വരുന്നവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ഞാന്‍ ഈ സിനിമക്കായി ചെയ്തിട്ടുണ്ട്. എന്നോട് ആളുകള്‍ കാണിക്കുന്ന സ്‌നേഹത്തിന് പകരം നല്‍കാന്‍ ഈ സിനിമക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു,’ സൂര്യ പറഞ്ഞു.

Content Highlight: Suriya saying Retro movie will be a treat for his fans

We use cookies to give you the best possible experience. Learn more