തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. 1997ല്‍ പുറത്തിങ്ങിയ നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.
തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ. താന്‍ ഒരു നല്ല നടനാണെന്ന് ഒരിക്കലും തനിക്ക് തോന്നിയിട്ടില്ലെന്ന് സൂര്യ പറഞ്ഞു. തന്റേത് ഓവറാക്ടിങ്ങാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം താന്‍ സീരിയസായി എടുത്തിട്ടുണ്ടെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. അഭിനയത്തിന്റെ കാര്യത്തില്‍ തന്നെ ആദ്യമായി ഉപദേശിച്ചത് സംവിധായകന്‍ ബാലയാണെന്നും സൂര്യ പറഞ്ഞു.
ക്യാമറയുടെ മുന്നില്‍ റിയലായി നില്‍ക്കാനാണ് ബാല തന്നോട് പറഞ്ഞിരുന്നതെന്നും ആ കഥാപാത്രത്തിന്റെ ഇമോഷന്‍ ഒരിക്കലും വിടാതെ അഭിനയിക്കണമെന്നും ഉപദേശിച്ചിരുന്നെന്നും സൂര്യ പറയുന്നു. ബാലയുടെ ആക്ടിങ് സ്‌കൂളില്‍ നിന്ന് വന്ന നടനാണ് താനെന്നും ആ രീതി ഒരിക്കലും വിടില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
ചില സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ പോലും തനിക്ക് അത് മികച്ചതാക്കാന്‍ സാധിക്കില്ലെന്നും സൂര്യ പറഞ്ഞു. മെയ്യഴകന്‍ എന്ന സിനിമയുടെ കഥ തന്റെയടുത്താണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ കാണുന്നതുപോലെ മികച്ചതാക്കാന്‍ തനിക്ക് കഴിയില്ലെന്നും കാര്‍ത്തിയെപ്പോലെ തനിക്ക് പെര്‍ഫോം ചെയ്യാന്‍ പറ്റില്ലെന്നും സൂര്യ പറഞ്ഞു. റെട്രോയുടെ സ്‌പെഷ്യല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ.
‘ഞാന്‍ ഒരു മികച്ച നടനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്റേത് ഓവറാക്ടിങ്ങാണെന്ന് പലരും വിമര്‍ശിച്ചിട്ടുണ്ട്. അതിനെയെല്ലാം ഞാന്‍ സീരിയസായി തന്നെയായിരുന്നു സ്വീകരിച്ചത്. അഭിനയത്തിന്റെ കാര്യത്തില്‍ എന്നെ ആദ്യമായി ഉപദേശിച്ചത് സംവിധായകന്‍ ബാലയാണ്. അദ്ദേഹത്തെ ബാല അണ്ണന്‍ എന്നേ ഞാന്‍ വിളിക്കാറുള്ളൂ.
‘ക്യാമറയുടെ മുന്നില്‍ റിയലായി പെര്‍ഫോം ചെയ്യെടാ’ എന്നാണ് ബാല അണ്ണന്‍ എന്നോട് പറഞ്ഞിട്ടുള്ളത്. ‘എന്ത് വന്നാലും ക്യാരക്ടറിന്റെ ഇമോഷന്‍ നമ്മളില്‍ നിന്ന് നഷ്ടപ്പെടരുത്’ എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാലയുടെ ആക്ടിങ് സ്‌കൂളില്‍ നിന്ന് വന്നതുകൊണ്ട് ആ ഗുണം കൂടെയുണ്ട്. ചില സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചാലും എനിക്ക് അത് മികച്ചതാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. മെയ്യഴകന്റെ സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയാല്‍ ഇപ്പോള്‍ കാണുന്നതുപോലെ മികച്ചതാക്കാന്‍ എനിക്ക് കഴിയില്ല. കാരണം, ഞാന്‍ കാര്‍ത്തിയല്ല,’ സൂര്യ പറഞ്ഞു.
Content Highlight: Suriya saying he never felt that he’s a great actor