| Monday, 28th April 2025, 12:17 pm

ആ സംവിധായകന്‍ ഇന്ന് കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്: സൂര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. മണിരത്‌നം നിര്‍മിച്ച നേര്‍ക്കു നേര്‍ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ബാല സംവിധാനം ചെയ്ത നന്ദ എന്ന ചിത്രത്തിലുടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് ഇന്ത്യന്‍ സിനിമയിലെ എണ്ണംപറഞ്ഞ നടന്‍മാരില്‍ ഒരാളാണ് അദ്ദേഹം. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സൂര്യയെ തേടിയെത്തി.

കഴിഞ്ഞദിവസം റെട്രോയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ആരാധകരുടെ കൂട്ടത്തെ കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് സൂര്യ പറഞ്ഞു. പഴയ സിനിമകളിലെ പാട്ടുകള്‍ വേദിയില്‍ കേട്ടപ്പോള്‍ ആരാധകര്‍ സന്തോഷിച്ചെന്നും അത് തന്നെ 15 വര്‍ഷം പിന്നോട്ട് കൊണ്ടുപോയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഗൗതം വാസുദേവ് മേനോന്‍, ഹാരിസ് ജയരാജ്, എ.ആര്‍. മുരുകദോസ് എന്നിവരാണെന്നും സൂര്യ പറയുന്നു. അവരാരും ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കില്ലായിരുന്നെന്നും ഇത്രയും സ്‌നേഹം ലഭിക്കാന്‍ കാരണം അവരാണെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ കെ.വി. ആനന്ദ് കൂടെയുണ്ടായിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നെന്നും അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും സൂര്യ പറഞ്ഞു.

‘ഈ സ്‌നേഹവും ആഹ്ലാദവും എല്ലാം കാണുമ്പോള്‍ ഞാന്‍ 15 വര്‍ഷം പിന്നോട്ട് പോവുകയാണ്. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത്. അതിന് കാരണക്കാരായവര്‍ ഒരുപാട് ഉണ്ട്. സംവിധായകരായ ഗൗതം വാസുദേവ് മേനോന്‍, എ.ആര്‍. മുരുകദോസ്, അതുപോലെ ഹാരിസ് ജയരാജ് എന്നിവരൊക്കെയാണ് എന്നെ ഇവിടം വരെ എത്തിച്ചത്.

അവരാരും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ നില്‍ക്കുമായിരുന്നോ എന്ന് പോലും എനിക്ക് അറിയില്ല. അവരില്‍ എടുത്തു പറയേണ്ട മറ്റൊരാളാണ് കെ.വി. ആനന്ദ് സാര്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ഇപ്പോള്‍ ആനന്ദ് സാര്‍ നമ്മുടെ കൂടെയില്ല. ഈ സമയത്ത് ഞാന്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നു,’ സൂര്യ പറഞ്ഞു.

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റെട്രോ. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മലയാളികളായ ജയറാം, ജോജു ജോര്‍ജ്, സ്വാസിക, സുജിത് ശങ്കര്‍ എന്നിവര്‍ക്കൊപ്പം പ്രകാശ് രാജ്, നാസര്‍, കരുണാകരന്‍ തുടങ്ങി വന്‍ താരനിര റെട്രോയില്‍ അണിനിരക്കുന്നുണ്ട്. മെയ് ഒന്നിന് റെട്രോ തിയേറ്ററുകളിലെത്തും.

Content Highlight: Suriya saying he badly missing director K V Anand

We use cookies to give you the best possible experience. Learn more