ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സീൻ. സൂര്യ-നസ്രിയ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ദീപാവലി റിലീസായാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ ആൽബത്തിനും കഴിഞ്ഞദിവസം പുറത്തുവന്ന നസ്ലെന്റെ ക്യാരക്ടര്‍ ടീസറിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.
ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ജിത്തുവിനെ പോലെ തന്നെ സുഷിൻ ശ്യാമിന്റെയും തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. 12 വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ തമിഴിൽ ചെയ്യുന്ന സിനിമ കൂടിയാണ് സീൻ. അനൗണ്‍സ്മെന്റ് മുതല്‍ സിനിമ ഹൈപ്പിന്റെ കൊടുമുടിയിലാണ്. നവംബർ ആറിനാണ് സിനിമ തിയേറ്ററിലെത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായ് ബന്ധപ്പെട്ടുള്ള പരിപാടിയിൽ പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തെക്കുറിച്ചും താൻ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ സൂര്യ.
സീൻ.Photo. Screen Grab/ Youtube.com
‘ഞാൻ എന്താണോ നൽകുന്നത്, അത് പത്തിരട്ടിയായി എനിക്ക് തിരികെ ലഭിക്കുന്നു. ഞാൻ ഒരു ശതമാനം നൽകിയാൽ, എനിക്ക് നൂറു ശതമാനം സ്നേഹം തിരികെ ലഭിക്കുന്നു. ‘ഓ, ഇത് പഴയ അതേ മുഖം തന്നെയല്ലേ; ഇദ്ദേഹത്തിന് ഇനി പുതുതായി എന്ത് ചെയ്യാൻ കഴിയും?’ എന്നവർ ചിന്തിക്കുന്നില്ല. മറിച്ച്, അവർ നൽകുന്ന സ്നേഹം അവിശ്വസനീയമാണ്. ഞാൻ എപ്പോഴൊക്കെ ഒരു പരിശ്രമം നടത്തുന്നുവോ, അപ്പോഴൊക്കെ അത് നൂറുമടങ്ങ് തിരികെ ലഭിക്കുന്നു. അതാണ് എൻ്റെ ജീവിതം, ഞാൻ ചെയ്യുന്ന ഓരോ ചെറിയ പരിശ്രമത്തിനും പകരമായി എനിക്ക് അത്രയേറെ സ്നേഹം തിരികെ ലഭിക്കുന്നു,’ സൂര്യ പറഞ്ഞു.
താൻ മാനിഫെസ്റ്റേഷനിൽ വിശ്വസിക്കുന്നുണ്ടെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ നല്ലതാണെങ്കിൽ അത് തീർച്ചയായും നടക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതുകൊണ്ട് എപ്പോഴും നല്ലത് ചിന്തിക്കാനും സൂര്യ ആരാധകരോട് ആവശ്യപ്പെട്ടു.
‘ഞാൻ മാനിഫെസ്റ്റേഷനിൽ വിശ്വസിക്കുന്നു. നിങ്ങളെ പോലെ എനിക്കും രോമാഞ്ചവും ആവേശവും ഇഷ്ടമാണ്. അത് പോലൊരു സംവിധായകന്റെയും എഴുത്തുകാരന്റെയും കൂടെ വർക്ക് ചെയ്യണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതിപ്പോൾ സത്യത്തിൽ നടന്നു. നിങ്ങളും മാനിഫെസ്റ്റ് ചെയുകയാണെങ്കിൽ അത് സത്യമാണെങ്കിൽ ഉറപ്പായും നടക്കും. നിങ്ങൾക്ക് എന്തൊക്കെ നല്ല കാര്യങ്ങളാണോ ലഭിക്കാൻ ആഗ്രഹമുള്ളത്, അത്തരം നല്ല ചിന്തകൾ മനസിൽ സൂക്ഷിക്കുക, അതുവഴി നല്ല കാര്യങ്ങളെ നിങ്ങളുടെ ജീവിതത്തിലേക്ക് ആകർഷിക്കുക,’ സൂര്യ പറഞ്ഞു.
Content Highlight: Suriya said that he had wanted to do a movie like Romancham and Aavesham.