| Saturday, 3rd May 2025, 5:31 pm

ഒരുകാലത്ത് വിജയ്ക്കും മേലെ നിന്ന നടന്‍, സൂര്യ എന്ന താരത്തിന് പിഴക്കുന്നതെവിടെ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷം 2009, തമിഴ് സിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ആദ്യ രണ്ട് ചിത്രങ്ങളും ഒരു നടന്റെ പേരിലായിരുന്നു. സൂര്യ എന്ന നടന്‍ തമിഴിലെ പലരെയും അമ്പരപ്പിച്ചുകൊണ്ട് മുന്‍നിരയില്‍ തന്റെ അപ്രമാദിത്വം തുടങ്ങിയ വര്‍ഷമായിരുന്നു അത്. എന്നാല്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അയാള്‍ക്ക് കിട്ടിയ വണ്‍ ടൈം വണ്ടറല്ലായിരുന്നു അത്.

തമിഴിലെ പഴയകാല നടന്‍ ശിവകുമാറിന്റെ മകന്‍ എന്ന ലേബലിലാണ് സൂര്യക്ക് സിനിമയിലേക്ക് വഴി തെളിയുന്നത്. വിജയ്‌യോടൊപ്പം അഭിനയിച്ച നേര്‍ക്കു നേര്‍ എന്ന സിനിമയുടെ ആദ്യ ഷോ അവസാനിച്ചപ്പോള്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ടത് സൂര്യയായിരുന്നു. ഡയലോഗ് ഡെലിവറി, ഡാന്‍സ് ഫൈറ്റ് എന്നീ മേഖലകളില്‍ സൂര്യ സമ്പൂര്‍ണ പരാജയമാണെന്നായിരുന്നു പലരും വിമര്‍ശിച്ചത്.

എന്നാല്‍ അതില്‍ തളരാതെ അയാള്‍ മുന്നോട്ട് നീങ്ങി. സ്വയം ഉടച്ചുവാര്‍ത്ത് തന്നിലെ നടനെ സൂര്യ തേച്ചുമിനുക്കി. അത് പ്രേക്ഷകരിലേക്കെത്തിച്ചത് ബാല എന്ന സംവിധായകനായിരുന്നു. നന്ദ എന്ന ചിത്രത്തിലൂടെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്ക് സൂര്യ മറുപടി നല്‍കി. അമീര്‍ സംവിധാനം ചെയ്ത മൗനം പേസിയതേ എന്ന സിനിമ സൂര്യക്ക് ആരാധകകൂട്ടം ഉണ്ടാക്കിക്കൊടുത്തു.

വര്‍ഷം 2003. ഗൗതം വാസുദേവ് മേനോന്‍ എന്ന സംവിധായകന്‍ തന്റെ രണ്ടാമത്തെ സിനിമയായി ഒരു പൊലീസ് സ്റ്റോറി ഒരുക്കുന്നു. സൂര്യയെ നായകനാക്കി ഒരുക്കിയ ആ സിനിമ അതുവരെ കണ്ട പൊലീസ് കഥകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അന്‍പുസെല്‍വന്‍ ഐ.പി.എസ് ആയി സൂര്യ വേഷമിട്ട കാക്ക കാക്ക സൂര്യയുടെ സ്റ്റാര്‍ഡം ഉയര്‍ത്തി. ബാലയുടെ കൂടെ വീണ്ടും ഒന്നിച്ച പിതാമകന്‍ സൂര്യയിലെ നടനെ കൂടുതല്‍ തിളക്കമുള്ളതാക്കി.

പിന്നാലെ വന്ന ഗജിനി ആന്ധ്രയിലും സൂര്യക്ക് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു. ഗൗതം മേനോനുമായി വീണ്ടും ഒന്നിച്ച വാരണം ആയിരം കേരളത്തിലും തരംഗമായി മാറി. സിനിമ എന്നതിലുപരി ഒരു ജീവിതം കാണിച്ച വാരണം ആയിരം സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറി. പിന്നീട് സൂര്യക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അയന്‍, ആദവന്‍, സിങ്കം എന്നീ സിനിമകള്‍ സൂര്യയെ വിലപിടിപ്പുള്ള താരമാക്കി മാറ്റി. തന്നിലെ നടനും താരത്തിനും ഒരുപോലെ തിളങ്ങാനുള്ള സബ്ജക്ടുകള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന സൂര്യയുടെ കരിയര്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എന്നാല്‍ 2014 മുതല്‍ അതില്‍ മാറ്റം വന്നുതുടങ്ങി. ലിംഗുസ്വാമി സംവിധാനം ചെയ്ത അഞ്ചാന്‍ എന്ന സിനിമ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു.

ആദ്യ ഷോക്ക് പിന്നാലെ വന്‍ നെഗറ്റീവ് വന്ന ചിത്രം സൂര്യയുടെ കരിയറിലെ വലിയ തിരിച്ചടികളിലൊന്നായി മാറി. പിന്നീട് മികച്ച സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും പഴയ ലെവലിലേക്ക് സൂര്യക്ക് തിരിച്ചെത്താന്‍ സാധിച്ചിരുന്നില്ല. ഓരോ സിനിമയും വ്യത്യസ്തമായ ഴോണറിലൊരുക്കാനാണ് സൂര്യ ശ്രമിച്ചിട്ടുള്ളത്.

ടൈം ട്രാവല്‍ ഴോണറിലെത്തിയ 24, പൊളിറ്റിക്കല്‍ ത്രില്ലറായെത്തിയ എന്‍.ജി.കെ എന്നീ സിനിമകള്‍ പ്രേക്ഷകര്‍ കൈവിട്ടു. താനാ സേര്‍ന്ത കൂട്ടം, കാപ്പാന്‍, മാസ് എന്നീ ചിത്രങ്ങള്‍ തിരക്കഥയിലെ പാളിച്ച മൂലം ബോക്‌സ് ഓഫീസില്‍ മുന്നേറിയില്ല. രണ്ടര വര്‍ഷത്തോളം സമയമെടുത്ത് പുറത്തിറക്കിയ കങ്കുവ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി.

എന്നാല്‍ ഇതിനിടയിലും ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള ചിത്രങ്ങള്‍ അയാള്‍ തന്റെ ആരാധകര്‍ക്ക് നല്‍കി. സുധാ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയും അത് നിര്‍മിക്കുകയും ചെയ്ത സൂര്യ ദേശീയ അവാര്‍ഡ് വേദിയില്‍ തിളങ്ങി. ജയ് ഭീം എന്ന സിനിമയിലൂടെ ഒരു ജനതയുടെ ശബ്ദം ലോകത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തു.

പകുതി വെന്ത സ്‌ക്രിപ്റ്റുകളില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന സൂര്യയെക്കാള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് പഴുതടച്ച തിരക്കഥകളിലെ അതിഗംഭീര പ്രകടനങ്ങളാണ്. അയാളിലെ നടനവൈഭവം എവിടെയും പോയിട്ടില്ലെന്ന് റെട്രോയിലെ മിറര്‍ സീന്‍ കൊണ്ട് മനസിലാക്കാം. എന്നാല്‍ അയാളിലെ താരം തിരിച്ചുവരേണ്ടത് തമിഴ് സിനിമയുടെ ആവശ്യമാണ്. മികച്ച കണ്ടന്റുകളുള്ള സിനിമയുമായി സൂര്യ ഉറപ്പായും തിരിച്ചുവരുമെന്ന് ഉറപ്പാണ്.

Content Highlight: Suriya’s script selection and performance

We use cookies to give you the best possible experience. Learn more